അത്രമേൽ പ്രണയം ചിമ്പൻസിയോട്; യുവതിയ്ക്ക് സന്ദർശനവിലക്ക് ഏർപ്പെടുത്തിയതായി മൃഗശാല അധികൃതർ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ നാലു വര്‍ഷമായി യുവതി നിത്യവും മൃഗശാലയിലെത്താറുണ്ട്. ഈ കാലത്തിനിടയില്‍ ചിമ്പന്‍സിയും താനുമായുള്ള ബന്ധം ശക്തമായെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇവര്‍ പരസ്പരം കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കാറും ഫ്ളൈയിംഗ് കിസ് നൽകാറുമുണ്ട്.
മനുഷ്യരിലെ മൃഗസ്നേഹികളെ കുറിച്ചുള്ള ഒട്ടേറെ കഥകള്‍ നാം കേൾക്കാറുണ്ട്. മൃഗങ്ങളെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നവരുടെ കഥകൾ ഒട്ടേറെ പേർക്ക് പ്രചോദനവും നൽകാറുണ്ട്. എന്നാൽ മൃഗങ്ങളുമായുള്ള ബന്ധം അതിരുവിട്ടാലോ? ബെൽജിയത്തിൽ നടന്ന സംഭവമാണ് മൃഗസ്നേഹികളെ ഞെട്ടിച്ചത്. ബെൽജിയത്തിലെ ആന്റ്വെർപ് മൃഗശാല ഒരു യുവതിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കാരണമാണ് വിചിത്രം. മൃഗശാലയിലെ 38 വയസുള്ള ചിമ്പൻസിയുമായി യുവതി പ്രണയത്തിലാണത്രെ.
ചിമ്പന്‍സിയെ ഇനി കാണരുതെന്നാണ് അധികൃതരുടെ ഉത്തരവ്. തനിക്ക് ചിമ്പന്‍സിയെയും അതിനു തന്നെയും ഇഷ്ടമാണെന്നും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും സമ്മതിച്ച യുവതി, തങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നും ഒരു ചാനൽ അഭിമുഖത്തിനിടെ പറഞ്ഞു. ആദി ടിമ്മര്‍മന്‍സ് എന്ന സ്ത്രീയ്ക്കാണ് മൃഗശാല അധികൃതർ വിലക്ക് ഏര്‍പ്പെടുത്തിയത്. 38 വയസ്സുള്ള ചിറ്റ എന്ന ചിമ്പന്‍സിയുമാണ് യുവതി പ്രണയത്തിലായത്.
ടിമ്മര്‍മന്‍സ് ചിറ്റയെ കഴിഞ്ഞ നാലു വര്‍ഷമായി നിത്യവും സന്ദര്‍ശിക്കാറുണ്ട്. ഈ കാലത്തിനിടയില്‍ ചിമ്പന്‍സിയും താനുമായുള്ള ബന്ധം ശക്തമായെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇവര്‍ പരസ്പരം കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കാറും ഫ്ളൈയിംഗ് കിസ് നൽകാറുമുണ്ട്. ഇത് അറിഞ്ഞശേഷമാണ്, മൃഗശാല അധികൃതർ യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ചിറ്റയെ കാണാന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചിരിക്കുകയാണ് അധികൃതർ. കൂട്ടത്തിലെ മറ്റ് ചിമ്പന്‍സികള്‍ ചിറ്റയില്‍നിന്നും ഇതിനകം വിട്ടുനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു.
advertisement
വിലക്ക് വാര്‍ത്തയായതോടെ അധികൃതരുടെ നിലപാടിനെതിരെ ടിമ്മര്‍മന്‍സ് പൊട്ടിത്തെറിച്ചു. ''ഞാന്‍ ആ മൃഗത്തെ സ്‌നേഹിക്കുന്നു, അവന്‍ എന്നെയും സ്‌നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്? ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ്. മറ്റ് സന്ദര്‍ശകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ടാണ് എന്നെ മാത്രം തടയുന്നത്?''- പ്രാദേശിക വാര്‍ത്താ ചാനലായ എടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി ചോദിച്ചു.
advertisement
അതേസമയം, ഈ ബന്ധം ചിമ്പൻസിക്ക് നല്ലതല്ല എന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം. ''മനുഷ്യരുമായി പരിധിയില്‍ കവിഞ്ഞ അടുപ്പമുള്ള മൃഗത്തെ മറ്റ് മൃഗങ്ങള്‍ അടുപ്പിക്കാറില്ല. ചിറ്റ മറ്റ് ചിമ്പന്‍സികളുമായി കഴിയട്ടെ. സന്ദര്‍ശന സമയം കഴിഞ്ഞുള്ള 15 മണിക്കൂറും അവന്‍ ചിമ്പന്‍സികള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എന്നാല്‍ ചിറ്റയെ ഇപ്പോള്‍ അവ അവഗണിക്കുകയാണ്. സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവന്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത്. അവന്‍ സന്തോഷമായിരിക്കാനാണ് ഞങ്ങൾ ആഗ്രഗഹിക്കുന്നത്.''- മൃഗശാല അധികൃതർ പറയുന്നു.
''സന്ദര്‍ശകര്‍ മൃഗങ്ങളുമായി വളരെയധികം ഇടപഴകുന്നത് സന്തോഷം തന്നെ. പക്ഷേ മൃഗങ്ങളുടെ സംരക്ഷണമാണ് മുഖ്യം. ചിറ്റയെ മൃഗശാലയിലേക്ക് 30 വര്‍ഷങ്ങള്‍ക്ക് മുൻപാണ് കൊണ്ടുവന്നത്. അന്ന് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന ശേഷമാണ് അവന്‍ ചിമ്പന്‍സികളുടെ പെരുമാറ്റം പഠിച്ചത്. എന്നാല്‍ അതോടൊപ്പം അവന് മനുഷ്യരോടുള്ള താല്‍പര്യവും മാറ്റമില്ലാതെ നിലനിന്നു. ഇതാണ് വാസ്തവം. ''- മൃഗശാല അധികൃതർ വിശദീകരിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2021 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
അത്രമേൽ പ്രണയം ചിമ്പൻസിയോട്; യുവതിയ്ക്ക് സന്ദർശനവിലക്ക് ഏർപ്പെടുത്തിയതായി മൃഗശാല അധികൃതർ


