അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് മേല്‍ ബുര്‍ഖ അടിച്ചേല്‍പ്പിക്കുന്ന താലിബാന് ഭീകരര്‍ക്കെതിരെ വ്യത്യസ്തമായ ഒരു ഓണ്‍ലൈന്‍ പ്രതിഷേധമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരമ്പരാഗത അഫ്ഗാന് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് നിരവധി അഫ്ഗാന് സ്ത്രീകളാണ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഒരുകൂട്ടം അഫ്ഗാന് സ്ത്രീകള്‍ ആരംഭിച്ച അഫ്ഗാനിസ്താന് കള്‍ച്ചര്‍ (#Afghanistanculture) കാമ്പയിന് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും വിദേശത്തും താമസിക്കുന്ന നിരവിധി സ്ത്രീകളുടെ പിന്തുണ നേടി മുന്നോട്ട് പോവുകയാണ്.
സ്ത്രീകളുടെ മുഖവും ശരീരവും മുഴുവന്‍ മൂടുന്ന ബുര്‍ഖയ്ക്കെതിരായ പ്രതിഷേധ സൂചകമായിട്ടാണ് ഇപ്പോള്‍ ഈ സ്ത്രീകള്‍ പരമ്പരാഗത അഫ്ഗാന് വസ്ത്രം ധരിച്ച ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്ന താലിബാന് ഭീകരരുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന് #അഫ്ഗാനിസ്ഥാന്‍കള്‍ച്ചര്‍ കാമ്പയിന് പിന്നാലെ #AfghanWomen, #DoNotTouchMyClothes എന്നീ കാമ്പയിനുകളും ഇന്റനെറ്റ് ലോകത്ത് സജീവമായിട്ടുണ്ട്.
അഫ്ഗാന് സ്ത്രീകളുടെ പരമ്പരാഗത വസ്ത്രത്തില്‍ കണങ്കാലുകള്‍ വരെ മൂടുന്ന നീളന്‍ കുപ്പായങ്ങള്‍ ഉള്‍പ്പെടുന്നു. ഒപ്പം അതിന്റെ ഭാഗമായി ഒരു ശിരോവസ്ത്രവുമുണ്ടാകും. താലിബാന് ഭീകരര്‍, ആദ്യത്തെ തവണ അഫ്ഗാനിസ്താന് പിടിച്ചെടുത്തപ്പോഴാണ് യാഥാസ്ഥിതികമായ ബുര്‍ഖ സമ്പ്രദായം രാജ്യത്ത് കര്‍ശനമായി ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഓഗസ്റ്റ് 15 ന് വീണ്ടും താലിഭാന്‍ അഫ്ഗാന് ഭരണം പിടിച്ചെടുത്തപ്പോള്‍ ബുര്‍ഖയുള്‍പ്പടെയുള്ള വസ്ത്ര മാനദണ്ഡങ്ങള്‍ വീണ്ടും നിര്‍ബന്ധിതമായി ഏര്‍പ്പെടുത്തി.
ഇതേതുടര്‍ന്നാണ് അഫ്ഗാന് സമൂഹത്തിന്റെ യഥാര്‍ത്ഥ പരമ്പരാഗത വസ്ത്രധാരണം കാണിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ നിരവധി അഫ്ഗാന് സ്ത്രീകള്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
തഹ്മിനാ അസീസ് എന്ന അഫ്ഗാന് യുവതി പരമ്പരാഗത വസ്ത്രം ധരിച്ച തന്റെ ചിത്രം പങ്കുവച്ചുക്കൊണ്ട് കുറിച്ചിരിക്കുന്നതിങ്ങനെയാണ് - ''അഭിമാനത്തോടെ ഞാന്‍ എന്റെ പരമ്പരാഗത അഫ്ഗാന് വസ്ത്രം ധരിച്ചിരിക്കുന്നു. ഇത് മനോഹരവും വര്‍ണാഭവുമായ ഒന്നാണ്. നിങ്ങള്‍ (താലിബാന്) ഇന്നലെ പ്രചരിപ്പിച്ച ചിത്രങ്ങള്‍ പോലെ അല്ലിത്.''. ഒട്ടേറെപേര്‍ ഇതിന് പിന്തുണയുമായി എത്തിയപ്പോള്‍ ചിലര്‍ തഹ്മിനയുടെ ട്വീറ്റിന് കീഴില്‍ കഴിഞ്ഞ ദിവസം ബുര്‍ഖധാരികളായ യുവതികള്‍ തങ്ങളെ അനുകൂലിച്ച് പ്രകടനം നടത്തിയെന്ന് കാണിച്ച് താലിബാന് പ്രചരിപ്പിച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് മറുപടിയായി ഒരു അഫ്ഗാന് യുവതി പ്രതികരിച്ചത് ഇങ്ങനെയാണ്, ''നിങ്ങള്‍ എന്താണ് പറയുന്നത്? അത് ഞങ്ങളുടെ സംസ്കാരമല്ല, മറിച്ച് താലിബാന്റെ ഉയര്‍ച്ചയുടെ ഫലമാണ്.'' ഒരു വിദേശ വനിത പ്രതികരിച്ചത് ഇപ്രകാരമായിരുന്നു, ''ആ മൂടുപടം ഒരു മറയായി ഉദ്ദേശിച്ചതാണോ? മറ്റ് രാജ്യങ്ങളില്‍ ഞാന്‍ മൂടുപടത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മതഭ്രാന്തന്മാര് സൗന്ദര്യം നശിപ്പിക്കുന്നത് ദു:ഖകരമാണ്.'' ഇങ്ങനെ പലതരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും താലിബാനെതിരെ പ്രതിഷേധം അറിയിച്ചും ഒട്ടേറെപേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നിരവധി സ്ത്രീവിരുദ്ധമായ കര്‍ക്കശ ഉത്തരവുകളാണ് രാജ്യം പിടിച്ചെടുത്തതിനുശേഷം താലിബാന് കൊണ്ടുവന്നത്. രാജ്യം തങ്ങളുടെതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന താലിബാന്, അഫ്ഗാന് സ്ത്രീകളെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതില്‍ എല്ലാം ലിംഗഭേദവും ഇസ്ലാമിക വസ്ത്രധാരണവും നിര്‍ബന്ധമാണ്.
ശരീഅത്ത് നിയമത്തിന്റെ താലിബാന് വ്യാഖ്യാനമനുസരിച്ച്, സാധ്യമാകുന്നിടത്തെല്ലാം വിദ്യാര്‍ത്ഥികളെ സ്ത്രീകള്‍ പഠിപ്പിക്കുമെന്നും ക്ലാസ് മുറികള്‍ വേര്‍തിരിക്കുമെന്നും താലിബാന് ഭീകര ഭരണകൂടത്തിന്റെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.