ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്ന അഞ്ച് ബോളിവുഡ് നായികമാർ; ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യാ റായ് അടക്കം
ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്ന അഞ്ച് ബോളിവുഡ് നായികമാർ; ലോകസുന്ദരിപ്പട്ടം നേടിയ ഐശ്വര്യാ റായ് അടക്കം
ഐശ്വര്യ റായ് ബച്ചനും, വിദ്യാ ബാലനും അടക്കം ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ പല അഭിനേതാക്കളും ശരീര ഭാരം കൂടിയതിന്റെ പേരില്‍ ട്രോളുകളും ബോഡി ഷെയ്മിങ്ങും നേരിട്ടവരാണ്
ശരീര ഘടനയെ വിലയിരുത്തി ആളുകളുടെ സ്വഭാവം വരെ അളക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അപ്പോള്‍ സൗന്ദര്യത്തെയും ശരീര ഘടനകളെയും കുറിച്ച് പ്രത്യേക ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ഒരു വ്യവസായത്തില്‍ ജോലി ചെയ്യുക എന്നത് തീര്‍ത്തും ദുര്‍ഘടമായ കാര്യമാണെന്നു തന്നെ പറയാം. നമ്മുടെ സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പല നടീ-നടന്മാരും കാഴ്ചക്കാര്‍ പ്രതീക്ഷിക്കുന്ന മാനദണ്ഡത്തിന് അനുസൃതമായ ശരീര വലിപ്പവും ഘടനയും കാത്തു സൂക്ഷിക്കാത്തതിന്റെ പേരില്‍ പലപ്പോഴും ഓണ്‍ലൈന്‍ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടുന്നുമുണ്ട്. ലോക സുന്ദരിപ്പട്ടം നേടിയ, എന്നും യുവത്വം കാത്തു സൂക്ഷിക്കുന്ന ഐശ്വര്യ റായ് ബച്ചനും, വിദ്യാ ബാലനും അടക്കം ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ പല അഭിനേതാക്കളും ശരീര ഭാരം കൂടിയതിന്റെ പേരില്‍ ട്രോളുകളും ബോഡി ഷെയ്മിങ്ങും നേരിട്ടവരാണ്. ഇത്തരത്തിൽ ബോഡി ഷെയ്മിങ്ങ് നേരിട്ട ചില അഭിനേതാക്കളെയും അവരുടെ പ്രതികരണങ്ങളും അറിയാം.
ഐശ്വര്യ റായ് ബച്ചൻ
മുന്‍ ലോക സുന്ദരിപ്പട്ടം നേടിയ ഐശ്വര്യ റായ് ബച്ചന്‍, യുവത്വം കാത്തു സൂക്ഷിക്കുന്നതിന്റെ പേരില്‍ പ്രശസ്തി നേടിയ വ്യക്തിയാണ്. 2011ല്‍ നടി ആരാധ്യ എന്ന തന്റെ മകള്‍ക്ക് ജന്മം കൊടുത്ത സമയത്ത്, ഇവരുടെ ശരീര ഭാരം കൂടിയിരുന്നു. ഇതിന്റെ പേരില്‍ നടി ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു. 2012ല്‍ നടന്ന കാന്‍സ് റെഡ് കാര്‍പ്പെറ്റില്‍ പങ്കെടുക്കാനെത്തിയ നടിയുടെ രൂപം കണ്ട കാണികള്‍ ഇവരുടെ അന്നത്തെ ശരീരഘടനയെക്കുറിച്ച് വളരെ മോശമായി ഓണ്‍ലൈനിൽ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും പരക്കെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അന്ന് സിഎന്‍എന്‍ ന്യൂസ്18ന്, നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്“നിങ്ങള്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന മാനദണ്ഡത്തിനനുസരിച്ച് ശരീര ഘടന നിലനിര്‍ത്തിയാല്‍ നിങ്ങള്‍ ജഡ്ജ് ചെയ്യപ്പെടില്ല എന്ന് കരതരുത്. എന്നാല്‍ ഞാന്‍ പറയുന്നത് വിശ്വസിക്കു, നിങ്ങളുടെ ബാഹ്യ ഘടന എങ്ങനെ ആയാലും, എല്ലാവരും ഒരുവിധത്തില്‍ അല്ലങ്കില്‍ മറ്റൊരു വിധത്തില്‍ സമൂഹത്തില്‍ പല വിമര്‍ശനങ്ങള്‍ക്കും പാത്രമാകുക തന്നെ ചെയ്യും,”വിമര്‍ശനങ്ങള്‍ നേരിട്ട സമയത്ത്, താന്‍ ഒരിക്കലും തന്റെ രൂപത്തെക്കുറിച്ച് സംശയിച്ചിരുന്നില്ല എന്നും, ആരാധ്യയോടൊപ്പം തന്റെ ജീവിതത്തില്‍ താന്‍ സന്തുഷ്ടയാണെന്നുമാണ് തന്റെ ആത്മവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്. തന്നെക്കുറിച്ചുള്ള തീരുമാനങ്ങള്‍ താന്‍ തന്നെയാണ് എടുക്കുന്നതെന്ന് പറഞ്ഞ ഐശ്വര്യ, “ഞാന്‍ എങ്ങനെയായിരിക്കണമെന്നും എന്താണ് ചെയ്യേണ്ടതെന്നും മറ്റാരും എന്നോട് പറയാറില്ല,” എന്നും വ്യക്തമാക്കി.
ഇല്യാന ഡിക്രൂസ്
തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് കടന്നു വന്ന് ഇപ്പോള്‍ ബോളിവുഡ് വരെയെത്തിയ മറ്റൊരു ദക്ഷിണേന്ത്യന്‍ താരമാണ് ഇല്യാന ഡിക്രൂസ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ആളുകള്‍ പലരും ശരീര ഘടന മികച്ചതാക്കാന്‍ വേണ്ടി തന്നോട് ശസ്ത്രക്രിയകള്‍ നടത്തണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരുന്നതായി ഇല്യാന ബോളിവുഡ് ബവിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് എത്രത്തോളമാണ് തന്റെ ശരീരത്തെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങൾ തന്നെ ഭയപ്പെടുത്തിയിരുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു. “ഇന്നലെയെന്നോണം ആ ദിവസങ്ങള്‍ എനിക്ക് ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. കാരണം അത് എന്റെ മനസ്സില്‍ വളരെ ആഴത്തില്‍ വേരൂന്നിയ ഒരു മുറിപ്പാടാണ്. എന്റെ 12ആം വയസ്സു മുതല്‍ ഞാന്‍ ശരീരഭാരത്തെക്കുറിച്ചുള്ള പലതരം ബോഡി ഷേമിംഗിലൂടെ കടന്നുപോയിട്ടുണ്ട്. അന്ന് ഞാന്‍ എന്റെ കൗമാര പ്രായം ആരംഭിച്ച് വളര്‍ന്ന് വരുന്നതേ ഉണ്ടായിന്നുള്ളു. ആളുകളുടെയീ വിചിത്രമായ അഭിപ്രായങ്ങള്‍ നിങ്ങളെ തകര്‍ത്തുകളയും. “ ആളുകള്‍ തന്റെ ശരീരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കാൻതുടങ്ങുന്നതിനുമുമ്പ് താന്‍ സന്തോഷവതിയായിരുന്നു, എന്നാല്‍ അവര്‍ തന്റെ ശരീരത്തെ ആക്ഷേപിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് പേടിയായിത്തുടങ്ങി. അത് പതിയെ എന്നെ സ്വയം സംശയിക്കുന്നതിന് ഇടയാക്കി, 34കാരിയായ നടി പറയുന്നു. മറ്റുള്ളവര്‍ പറയുന്നത് തന്നെ ബാധിക്കില്ല എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ വളരെയധികം ആന്തരിക ശക്തി ആവശ്യമായി വന്നുവെന്ന് നടി വെളിപ്പെടുത്തി. ഇപ്പോള്‍ ഇല്യാനയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് സ്വയം തോന്നുന്ന കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ഹുമ ഖുറേഷി
തമിഴും ഇംഗ്ലീഷും അടക്കമുള്ള ബഹുഭാഷാ സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തുകൊണ്ട് അഭിനയ പ്രതിഭ തെളിയിച്ച ബോളിവുഡ് താരമാണ് ഹുമാ ഖുറേഷി. കാഴ്ചക്കാരെ അത്ഭുതപ്പെടുത്താന്‍ കഴിയുന്ന അഭിനയ പ്രതിഭ ഉണ്ടായിരുന്നിട്ടും ഖുറേഷിക്ക് ശരീരഭാരത്തിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരെ ഓണ്‍ലൈനില്‍ ഇരുന്ന് അഭിപ്രായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നവരോടും തന്നെ ശരീരത്തിനെ അധിക്ഷേപിക്കുന്ന ആളുകളോടും ഓണ്‍ലൈനില്‍ക്കൂടി പ്രതികരിക്കുന്ന പ്രവണത താന്‍ അവസാനിപ്പിച്ചു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. തന്റെ ശരീരഭാരത്തിനെ അടിസ്ഥാനമാക്കിയുളള ഖുറേഷിയുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളുടെ പേരിലും നടി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. “ആരെയുംസന്തോഷിപ്പിക്കുന്നതിനോ അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനോ വേണ്ടി ഞാന്‍ ഒന്നും ചെയ്യുന്നില്ല, അതുകൊണ്ട് തന്നെ അവര്‍ എന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ എഴുതുന്നു. അത് അവരുടെ അഭിപ്രായമാണ്, ഞാന്‍ അത് പൂര്‍ണ്ണമായും അവര്‍ക്ക് വിട്ടുകൊടുക്കുന്നു.” വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് ഖുറേഷി പറയുന്നു.
സോനാക്ഷി സിന്‍ഹ
ബോളിവുഡ് ആചാര്യനായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് ഇപ്പോഴത്തെ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്റെ ജോടിയായി അഭിനയിച്ചു കൊണ്ടാണ് ഇവര്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. കാര്യങ്ങള്‍ എന്തു തന്നെയായാലും ശരീര ഭാരത്തിന്റെ പേരിലുള്ള ബോഡി ഷെയ്മിങ്ങില്‍ നിന്നും സോനാക്ഷിയ്ക്കും രക്ഷയുണ്ടായിരുന്നില്ല. തനിക്ക് നേരേ എത്തിയ അധിക്ഷേപങ്ങള്‍ കേട്ട് സോനാക്ഷി മൗനം പാലിച്ചു ഒതുങ്ങി നിന്നില്ല. 2019ല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ശക്തമായ ഒരു പോസ്റ്റിലൂടെ സോനാക്ഷി തന്നെ ലക്ഷ്യമാക്കി വന്ന ട്രോളുകള്‍ക്ക് നേരെ അതിശക്തമായി തന്നെ പ്രതികരിച്ചു. താന്‍ അമിത ഭാരമുള്ള ഒരു കുട്ടിയായിരുന്നു എന്നും അതിന്റെ പേരില്‍ ധാരാളം കളിയാക്കലുകളും പീഡനങ്ങളും സഹിച്ച വ്യക്തിയാണ് എന്നും നടി തുറന്നടിച്ചു. ഒപ്പം ആണ്‍കുട്ടികള്‍ തന്നെ ശരീരഭാരം കാരണം ഇരട്ടപ്പേരുകളിട്ട് വിളിക്കുമായിരുന്നു എന്നും പറഞ്ഞു. “നിങ്ങള്‍ വളരെ ചെറുപ്പമായിരിക്കുമ്പോള്‍, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെയായത് എന്ന് തിരിച്ചറിയാനും സാധിക്കില്ല. പക്ഷേ ഒരു സമയത്ത് പല കാര്യങ്ങളിലും നിങ്ങള്‍ സ്വയം കുറ്റപ്പെടുത്തി തുടങ്ങും. അത് നിങ്ങളെ വളരെ മോശമായി തന്നെ ബാധിച്ചേക്കാം എന്ന്സോനാക്ഷി വ്യക്തമാക്കി.
വിദ്യ ബാലൻ
ശരീര ഘടനയുടെ പേരില്‍ ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുകയും അത് പോലെ തന്നെ അപകീര്‍ത്തിയ്ക്കിരയാവുകയും ചെയ്ത മറ്റൊരു താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ ഒരിക്കലും അതിനൊന്നും കാതു കൊടുത്ത് താന്‍ തകര്‍ന്നു പോകില്ല എന്ന് അവര്‍ തെളിയിച്ച കൊണ്ടേയിരുന്നു. ബോഡി ഷെയിമിംഗിനെക്കുറിച്ചും സിനിമാ വ്യവസായത്തില്‍ ഗ്ലാമര്‍ എങ്ങനെയാണ് നിര്‍വചിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചും വിദ്യ വളരെ കൃത്യമായി അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്. 2011 ല്‍ ദി ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ച നടി, “എന്റെ ജീവിതകാലം മുഴുവന്‍ എന്നെ ഹോര്‍മോണ്‍ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേട്ടയാടിയിരുന്നു. ഒരുപാടുകാലം ഞാന്‍ എന്റെ ശരീരത്തെ വെറുത്തിരുന്നു. അക്കാലത്ത് എന്നെ എങ്ങനെ ഏറ്റവും മികച്ച രീതിയില്‍ മറ്റുവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാം എന്ന സമ്മര്‍ദ്ദത്തില്‍, ഞാന്‍ വീര്‍പ്പുമുട്ടുകയും തുടര്‍ന്ന് ദേഷ്യത്തിലും നിരാശയിലും എത്തിപ്പെടുകയും ചെയ്തു കൊണ്ടിരുന്നു.” എന്തായാലും ഇന്ന് താന്‍ തന്നെ സ്വയം കാണുന്ന രീതി മാറ്റിയെന്നും, തന്റെ ശരീരത്തെ സ്വയം അംഗീകരിക്കുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.