ഡോക്റ്ററോട് ചോദിക്കാം: കോവിഡ് ബാധിതരായ ഗർഭിണികളും അടുത്തിടെ പ്രസവിച്ച സ്ത്രീകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
- Published by:Karthika M
- news18-malayalam
Last Updated:
നവജാതശിശുക്കളുടെ ആരോഗ്യവുമായും കോവിഡ് ബാധിതരായ അമ്മമാർ കുഞ്ഞുങ്ങളുമായുള്ള ഇടപഴകലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായും ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡോ. സുമിത്ര ബച്ചാനി മറുപടി നല്‍കുന്നു
ഒന്നര വർഷം മുമ്പ് നമ്മുടെ സാമൂഹിക ജീവിതത്തെ സ്തംഭിപ്പിച്ചുകൊണ്ട് കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങാൻ തുടങ്ങിയതിന് ശേഷം നമ്മളെല്ലാവരും കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് കഴിയുന്നത്. അതിന്റെ ഫലമായി കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ കാട്ടുതീ പോലെ പടരുന്നതിനും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ തീർത്തും അശാസ്ത്രീയമായ ചികിത്സാ മാർഗങ്ങൾ പിന്തുടരാൻ തുടങ്ങിയതിനും നമ്മൾ സാക്ഷ്യം വഹിച്ചു. എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയിൽ കൊറോണ വൈറസ് മഹാമാരിയുമായും കോവിഡ് വാക്സിനുമായുമൊക്കെ ബന്ധപ്പെട്ട് വായനക്കാർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഈ ആഴ്ച ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ആയ ഡോ. സുമിത്ര ബച്ചാനിയാണ് നമ്മളോട് സംസാരിക്കുന്നത്. നവജാതശിശുക്കളുടെ ആരോഗ്യവുമായും കോവിഡ് ബാധിതരായ അമ്മമാർ കുഞ്ഞുങ്ങളുമായുള്ള ഇടപഴകലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായും ബന്ധപ്പെട്ട സംശയങ്ങൾക്കാണ് ഡോക്റ്റർ മറുപടി നൽകുന്നത്.
കോവിഡ് അണുബാധയുമായി ബന്ധപ്പെട്ട് തീവ്രപരിചരണത്തിന്റെ ആവശ്യകത വർദ്ധിക്കാൻ ഗർഭാവസ്ഥ ഒരു കാരണമാണോ?
കോവിഡ് രോഗബാധിതരായ ഗർഭിണികളിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങളോ അല്ലെങ്കിൽ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത അവസ്ഥയോ ആണ് കണ്ടുവരുന്നത്. കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളെ അപേക്ഷിച്ച് കോവിഡ് ബാധിതരായ, രോഗലക്ഷണങ്ങളുള്ള ഗർഭിണികളിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനും മാസം തികയുന്നതിന് മുമ്പ് പ്രസവിക്കാനുമുള്ള സാധ്യത അവരിൽ കൂടുതലാണ്. ഒപ്പം, ഗർഭാവസ്ഥയുടെ ഭാഗമായുണ്ടാകുന്ന ഹൈപ്പർടെൻഷന് സമാനമായ ലക്ഷണങ്ങൾ, ശസ്ത്രക്രിയയ്ക്കുള്ള സാധ്യത, മരണം എന്നിവയ്ക്കുള്ള സാധ്യതയും അവരിൽ കൂടുതലായിരിക്കും.
advertisement
ഗർഭിണിയല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗർഭിണികളിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടോ?
ഇതിനകം സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികൾ കോവിഡ് ബാധിതരായാൽ രോഗതീവ്രത വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പർടെൻഷൻ, പ്രമേഹം, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ, ഫൈബ്രോസിസ്, അരിവാൾ രോഗം മുതലായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഗർഭിണികളിലാണ് അപകടസാധ്യത കൂടുതലുള്ളത്. ഇമ്മ്യൂണോസപ്രഷൻ തെറാപ്പി, ഡയാലിസിസ്, ഗുരുതരമായ വൃക്കരോഗത്തിനുള്ള ചികിത്സ, ഹൃദ്രോഗത്തിനുള്ള ചികിത്സ, അവയവമാറ്റം എന്നിവയ്ക്ക് വിധേയരാകുന്ന ഗർഭിണികളിലും കോവിഡ് ബാധ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.
advertisement
ഗർഭസ്ഥശിശുക്കളെയും നവജാതശിശുക്കളെയും കോവിഡ് എങ്ങനെ ബാധിക്കും?
ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് കോവിഡ് പകരുമോ എന്ന കാര്യത്തിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതുവരെയുള്ള അനുഭവം ചൂണ്ടിക്കാട്ടുന്നത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ നേരിയ രോഗലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആയ കോവിഡ് ബാധിതരായ സ്ത്രീകളുടെ ഗർഭസ്ഥശിശുക്കളെയും നവജാതശിശുക്കളെയും കോവിഡ് ഗുരുതരമായ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ്. പക്ഷേ, കോവിഡ് ബാധ ഗുരുതരമായ ഗർഭിണികളിൽ ഗർഭസ്ഥശിശുക്കൾ മാസം തികയുന്നതിന് മുമ്പ് ജനിക്കാനോ മരണപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ്.
ഗർഭാവസ്ഥയിലും പ്രസവത്തിന് ശേഷവും പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിക്കാൻ കോവിഡ് രോഗികളെ ഡോക്റ്റർമാർക്ക് ഏതൊക്കെ വിധത്തിൽ സഹായിക്കാൻ കഴിയും?
ഓരോ തവണ ഡോക്റ്ററെ സന്ദർശിക്കുമ്പോഴും മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം മുതലായവയുമായി ബന്ധപ്പെട്ട വികാരങ്ങളോ ചിന്തകളോ അലട്ടുന്നുണ്ടോ എന്ന് ഡോക്റ്റർമാർ ഗർഭിണികളോട് ചോദിച്ചു മനസിലാക്കാറുണ്ട്. ഈ ബുദ്ധിമുട്ടുകൾ ഗർഭിണികൾ നേരിടുന്നുണ്ട് എന്ന് ബോധ്യപ്പെട്ടാൽ കൃത്യമായി കൗൺസിലിങ് നൽകുകയും അവരുടെ ആശങ്കകളും പേടിയും അകറ്റുകയും ചെയ്യും. മാനസികാരോഗ്യത്തിന്റെ നിലയ്ക്കനുസരിച്ച് വേണമെങ്കിൽ മനഃശാസ്ത്ര വിദഗ്ദ്ധരുടെയോ മനോരോഗ വിദഗ്ദ്ധരുടെയോ സേവനം ലഭ്യമാക്കുകയും ചെയ്യും.
advertisement
കോവിഡ് ബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താൽ നവജാതശിശുക്കളുമായുള്ള ഇടപഴകലിൽ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
അമ്മയ്ക്ക് കോവിഡ് ബാധ ഗുരുതരമല്ലെങ്കിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലെങ്കിലോ അമ്മയ്ക്കും നവജാതശിശുവിനും ഒരേ മുറിയിൽ തന്നെ കഴിയാവുന്നതാണ്. ഒന്നിച്ച് ഒരു മുറിയിൽ കഴിയുമ്പോൾ കുഞ്ഞിനെ അമ്മയ്ക്ക് തന്നെ പരിപാലിക്കാവുന്നതാണ്. കുടുംബത്തിലെ മറ്റൊരു അംഗത്തിനും ഇക്കാര്യത്തിൽ അവരെ സഹായിക്കാം. അണുബാധയുള്ള കാലയളവിൽ കുഞ്ഞിന്റെ തൊട്ടിൽ അമ്മയിൽ നിന്ന് ആറടി ദൂരത്തിൽ വെയ്ക്കുക. മുലയൂട്ടലിന്റെ സമയത്ത് കുഞ്ഞിനെ അമ്മയുടെ സമീപത്ത് കൊണ്ടുവരാവുന്നതാണ്. കുഞ്ഞിനെ എടുക്കുന്നതിന് മുമ്പും മുലയൂട്ടുന്ന സമയത്തും അമ്മ നന്നായി സോപ്പിട്ട് കൈകൾ കഴുകിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം എപ്പോഴും മാസ്കും ധരിക്കണം. നവജാതശിശുക്കളെ മാസ്ക് ധരിപ്പിക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രോഗമുക്തി നേടിയതിന് ശേഷം അമ്മയ്ക്ക് മുഴുവൻ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാവുന്നതാണ്.
advertisement
ഗർഭിണികളിൽ കോവിഡ് മുക്തിയ്ക്ക് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടോ?
ഉണ്ട്. ഗർഭിണികൾ അല്ലാത്ത സാധാരണ മനുഷ്യർക്കൊക്കെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡ് മുക്തിയ്ക്ക് ശേഷം ഗർഭിണികളിലും പ്രതീക്ഷിക്കാവുന്നതാണ്.
ഗർഭിണികളും അടുത്തിടെ പ്രസവിച്ച സ്ത്രീകളും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണ്? എന്താണ് അതിന് കാരണം?
കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളെ അപേക്ഷിച്ച് രോഗലക്ഷണങ്ങളോടെ കോവിഡ് ബാധയുള്ള ഗർഭിണികളിൽ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനും മാസം തികയാതെ പ്രസവിക്കാനും ഹൈപ്പർടെൻഷൻ ഉണ്ടാകാനും ശസ്ത്രക്രിയ നടത്താനുമുള്ള സാധ്യതകൾ കോവിഡ് ബാധിതരായ ഗർഭിണികളിൽ കൂടുതലാണ്. അതുകൂടാതെ, അപൂർവമായാണെങ്കിലും കോവിഡ് മൂലം ഗർഭസ്ഥശിശുക്കൾ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, കോവിഡ് വാക്സിനേഷന് വിധേയമാകുന്നതിലൂടെ ഈ അപകട സാധ്യതകളെ പ്രതിരോധിക്കാൻ ഗർഭിണികൾക്ക് കഴിയും. വാക്സിനേഷന്റെ ഫലമായി അമ്മമാരിൽ ഉണ്ടാകുന്ന ആന്റിബോഡികൾ ഗർഭസ്ഥശിശുവിലേക്കും അല്ലെങ്കിൽ മുലപ്പാലിലൂടെ നവജാതശിശുവിലേക്കും പകർന്നു കൊടുക്കപ്പെടുമെന്നും തെളിഞ്ഞിട്ടുണ്ട്.
advertisement
ഏത് സാഹചര്യത്തിലാണ് അമ്മമാർ വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തത്?
കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചപ്പോഴോ അല്ലെങ്കിൽ മറ്റു വാക്സിനുകൾ, കുത്തിവെയ്പ്പുകൾ, മരുന്നുകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ചപ്പോഴോ മുമ്പ് അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിട്ടുള്ള അമ്മമാർ വാക്സിൻ സ്വീകരിക്കാൻ പാടില്ല. ഇക്കാര്യത്തിൽ വ്യക്തത വരാൻ ഡോക്റ്ററുമായി സംസാരിക്കുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2021 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഡോക്റ്ററോട് ചോദിക്കാം: കോവിഡ് ബാധിതരായ ഗർഭിണികളും അടുത്തിടെ പ്രസവിച്ച സ്ത്രീകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍