• HOME
 • »
 • NEWS
 • »
 • life
 • »
 • Heart Diseases | സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പ്രായമായ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

Heart Diseases | സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പ്രായമായ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവപ്പെടുന്ന സ്ത്രീകളിൽ ഹൃദ്രോ​ഗ സാധ്യത 13 ശതമാനം മുതൽ 27 ശതമാനം വരെ കൂടുതൽ

 • Last Updated :
 • Share this:
  തീവ്രമായ ഏകാന്തതയും (Loneliness) സാമൂഹികമായ ഒറ്റപ്പെടലും (Social Isolation) അനുഭവിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ (Heart Disease) വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം (Study) പറയുന്നു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും കൂടിയ തോതിൽ അനുഭവപ്പെടുന്ന, ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ (Postmenopausal Women) ഹൃദ്രോഗ സാധ്യത ഏകദേശം 27 ശതമാനം കൂടുതലാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ. പഠനത്തിലെ കണ്ടെത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ജാമ (JAMA ) നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  പ്രായമായ സ്ത്രീകളിലെ സാമൂഹികമായ ഒറ്റപ്പെടൽ 8 ശതമാനത്തോളവും ഏകാന്തത 5 ശതമാനത്തോളവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഭാവിയിൽ ഏറെ സാധ്യതകൾ സൃഷ്ടിക്കുന്ന കണ്ടെത്തലുകളാണ് പുതിയ പഠനത്തിൽ ഉയർന്നു വന്നിരിക്കുന്നത്. കുറഞ്ഞ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് ഉയർന്ന തോതിൽ ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവപ്പെടുന്ന സ്ത്രീകളിൽ ഹൃദ്രോ​ഗ സാധ്യത 13 ശതമാനം മുതൽ 27 ശതമാനം വരെ ഉയർന്നിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

  “നമ്മൾ എല്ലാം സാമൂഹിക ജീവികളാണ്. കൊവിഡ് 19 മഹാമാരിയുടെ കാലത്ത്, നിരവധി ആളുകൾ സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നുണ്ട്. അത് വിട്ടുമാറാത്ത അവസ്ഥയായി വളർന്നേക്കാം", ലേഖനം എഴുതിയവരിൽ ഒരാളും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡീഗിലെ ഹെർബർട്ട് വെർതെം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ഹ്യൂമൻ ലോംഗ്വിറ്റി സയൻസിലെ പോസ്റ്റ്ഡോക്ടറൽ വിദ്യാർത്ഥിനിയുമായ നതാലി ഗൊലാസ്വെസ്കി പറഞ്ഞു.

  Also Read-Fact Check | നാല് വർഷം മുമ്പ് തമ്പാനൂരിൽ ഭിക്ഷക്കാരിയായി അലഞ്ഞുതിരിഞ്ഞ പൂർവ്വാധ്യാപികയെ കണ്ടെത്തിയത് ദിവ്യ എസ് അയ്യരോ?

  “ഈ അനുഭവങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിലും മൊത്തത്തിലുള്ള ശാരീരിക സ്ഥിതിയിലും ചെലുത്തുന്ന തീവ്രമായ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് പ്രധാനമാണ്”, അവർ കൂട്ടിച്ചേർത്തു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും നേരിയ തോതിലെങ്കിലും പരസ്പരബന്ധിതമാണ്. ഈ അവസ്ഥകൾ ഒരേ സമയം സംഭവിച്ചേക്കാം. എന്നാൽ, അവ ഒന്നിച്ച് ഉണ്ടാകണമെന്ന് നിർബന്ധമില്ല. സാമൂഹികമായി ഒറ്റപ്പെട്ട ഒരാൾ എപ്പോഴും ഏകാന്തത അനുഭവിക്കുന്നുണ്ടാവില്ല. അതുപോലെ, ഏകാന്തത അനുഭവിക്കുന്ന ഒരു വ്യക്തി എപ്പോഴും സാമൂഹികമായി ഒറ്റപ്പെടണമെന്നുമില്ല.

  Also Read-Guava Health Benefits| ദഹനപ്രശ്‌നങ്ങൾക്ക് ഒരൊറ്റമൂലി; പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

  “മറ്റുള്ളവരെ തൊടുകയോ കാണുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുക എന്നത് പോലെ ശാരീരികമായി ആളുകളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് സാമൂഹിക ഒറ്റപ്പെടൽ. അതേസമയം ഏകാന്തത ഒരു വൈകാരികാവസ്ഥയാണ്. മറ്റുള്ളവരുമായി സ്ഥിരമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് പോലും ഇത് അനുഭവപ്പെട്ടേക്കാം", ലേഖനത്തിന്റെ മുഖ്യ രചയിതാവായ, ഹെർബർട്ട് വെർട്ടൈം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജി അസിസ്റ്റന്റ് പ്രൊഫസർ ജോൺ ബെല്ലറ്റിയർ പറഞ്ഞു.
  സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പൊതുജനാരോഗ്യം സംബന്ധിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. കാരണം ഇവ രണ്ടും പൊണ്ണത്തടി, പുകവലി, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ പോലെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്ന ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

  ഗവേഷകർ ഈ ആരോഗ്യ പ്രകൃതങ്ങളും അവസ്ഥകളും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, ഉയർന്ന തോതിലുള്ള സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഹൃദ്രോഗ സാധ്യതയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഈ സാമൂഹിക അവസ്ഥകളെ കുറിച്ച് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്ത്രീകളുടെ മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. ഓരോ 5 മരണത്തിലും ഒന്ന് എന്ന തോതിലാണിത്.

  സാമൂഹിക ശൃംഖല ചുരുങ്ങുമ്പോൾ, പ്രായമായവരിലാണ് സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ എന്നാണ് ലേഖനത്തിൽ പറയുന്നത്.
  65 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്നവരിൽ നാലിലൊന്ന് പേരും സാമൂഹിക ഒറ്റപ്പെടലും, 45 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ മൂന്നിലൊന്ന് പേരും ഏകാന്തതയും അനുഭവിക്കുന്നതായാണ് പഠനത്തിൽ വ്യക്തമായത്.
  “ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നത് തീവ്രമായ സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെടുന്നത് മൂലമാണോ അതോ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒറ്റപ്പെടലും ഏകാന്തതയും കാരണമാണോ എന്ന് വ്യക്തമല്ല. ഞങ്ങൾക്ക് ഇതുവരെ അത് വേർതിരിച്ച് അറിയാൻ സാധിച്ചിട്ടില്ല. അത് നന്നായി മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്", ബെല്ലറ്റിയർ പറഞ്ഞു.

  യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന 57,825 ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. ഇവർ മുമ്പ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനത്തിൽ പങ്കെടുത്തിരുന്നു. ഈ പഠനത്തിന്റെ ഭാ​ഗമായി 2011 മുതൽ 2012 വരെ സാമൂഹിക ഒറ്റപ്പെടൽ വിലയിരുത്തുന്ന ചോദ്യാവലികളോട് അവർ പ്രതികരിച്ചു. ഏകാന്തതയും സാമൂഹിക പിന്തുണയും വിലയിരുത്തുന്ന രണ്ടാമത്തെ ചോദ്യാവലി 2014 മുതൽ 2015 വരെയുള്ള കാലയളവിൽ അവർക്ക് നൽകി. ചോദ്യാവലി പൂർത്തിയാക്കിയ സമയം മുതൽ 2019 വരെ അല്ലെങ്കിൽ അവർക്ക് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയതു വരെ ഇതിൽ പങ്കെടുത്തവരെ ​ഗവേഷകർ കൃത്യമായി പിന്തുടർന്നു. പഠനത്തിൽ പങ്കെടുത്തവരിൽ ആകെ 1,599 സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായി.

  "സാമൂഹികമായ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കുമുള്ള മുൻകരുതലുകൾ കൂടി സാധാരണ നിലയിലുള്ള രോഗ പരിചരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണം," ഗൊലാസ്വെസ്കി പറഞ്ഞു. "രോഗികളുടെ രക്തസമ്മർദ്ദം, ഭാരം, ശരീരോഷ്മാവ് എന്നിവ ഞങ്ങൾ നിരീക്ഷിക്കുന്നു. ഇത് കൂടാതെ ഈ വ്യക്തികൾക്ക് സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉണ്ടാകുന്ന അഭാവവും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഹൃദയ സംബന്ധമായ അപകടസാധ്യതകൾ നന്നായി മനസ്സിലാക്കുന്നതിനും പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും അത് പ്രയോജനപ്രദമാകും", ഗൊലാസ്വെസ്കി കൂട്ടിച്ചേർത്തു.
  Published by:Naseeba TC
  First published: