'പഞ്ചരത്ന'ത്തിലെ പെൺമക്കൾ വിവാഹിതരാകുന്നു
Last Updated:
പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവര്‍ ഏപ്രില്‍ അവസാനം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹിതരാകും.
തിരുവനന്തപുരം: ഒന്നിച്ചു പിറന്നുവീണപ്പോള്‍ മുതല്‍ പലവട്ടം വാര്‍ത്തകളില്‍ ഇടംനേടിയ അഞ്ചു കൺമണികളെ കേരളം മറക്കില്ല. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവില്‍ 'പഞ്ചരത്‌ന'ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
അഞ്ചു പേരില്‍ നാലു പെണ്‍കുട്ടികളും വിവാഹിതരാകുന്നു.
പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവര്‍ ഏപ്രില്‍ അവസാനം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹിതരാകും. ഏക സഹോദരൻ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ 1995 നവംബറില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാല്‍ നാളുചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു. മക്കളുടെ ഒമ്പതാം വയസ്സില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പ്രതിസന്ധികളെ അതിജീവിച്ചാണ് രമാദേവി മക്കളെ വളര്‍ത്തിയത്. ഹൃദ്രോഗിയായ രമാദേവി പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.
advertisement
അഞ്ചു മക്കളെയും ചേര്‍ത്തുപിടിച്ച് പ്രതിസന്ധികളോട് പടവെട്ടിയ രമാദേവിയ്ക്ക് സര്‍ക്കാര്‍ കൈത്താങ്ങായത് കുടുംബത്തിന് തുണയായി. ജില്ലാസഹകരണ ബാങ്കില്‍ രമാദേവിക്ക് ജോലിനല്‍കി. പോത്തന്‍കോട് ശാഖയില്‍ ആണ് രമാദേവിക്ക് ഇപ്പോള്‍ ജോലി. മക്കള്‍ക്ക് 24വയസ്സാകുന്നു.
ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ് അജിത്കുമാറാണ് വരന്‍.
കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നീഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് ആണ്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യാ ടെക്‌നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് ആണ് താലിചാര്‍ത്തുക.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2019 5:05 PM IST


