HOME /NEWS /Life / തുണിയുരിഞ്ഞാൽ 50000 വാഗ്ദാനം ചെയ്ത വ്യക്തി; പൊലീസിലെത്തിച്ചത് അച്ഛനെ ജയിച്ച് കാട്ടണമെന്ന വാശി; ജീവിതം തുറന്ന് പറഞ്ഞ് ആനി ശിവൻ

തുണിയുരിഞ്ഞാൽ 50000 വാഗ്ദാനം ചെയ്ത വ്യക്തി; പൊലീസിലെത്തിച്ചത് അച്ഛനെ ജയിച്ച് കാട്ടണമെന്ന വാശി; ജീവിതം തുറന്ന് പറഞ്ഞ് ആനി ശിവൻ

ആനി ശിവ

ആനി ശിവ

ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ വരുമ്പോള്‍ ആരെ വിളിക്കും എന്നല്ല തോന്നുന്നത്. ആരുടെ കൈ നമ്മുക്ക് നേരെ നീളുന്നു എന്നാണ് നോക്കുന്നത്. കഴുകന്‍ കണ്ണുകളോടെയല്ലാതെ എങ്ങോട്ട് തോളു ചായ്ക്കും എന്നാണ് ഒരു പെണ്ണ് ചോദിക്കുന്നത്

  • Share this:

    കൊച്ചി: സിനിമാ കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളാണ് കൊച്ചി സെൻട്രൽ പൊലീസ് എസ്.ഐ ആനി ശിവൻ്റേത്. വീട്ടുകാരെ ധിക്കരിച്ച് ചെറുപ്പക്കാരനൊപ്പം പതിനെട്ടാം വയസിൽ ഇറങ്ങിപ്പോയി. മധുവിധു മാറും മുമ്പ് ബന്ധം വേർപെട്ടപ്പോൾ കൈക്കുഞ്ഞുമായി ഒറ്റയ്ക്കുള്ള പോരാട്ടം ആനി ആരംഭിച്ചു. വഴിയോരക്കച്ചവടം നടത്തിയ വർക്കലയിൽ തന്നെ എസ്.ഐ യായി മടങ്ങിയെത്തിയ സന്തോഷം രേഖപ്പെടുത്തിയ ആനിയുടെ കുറിപ്പ് ലോകം ഏറ്റെടുത്തു. ഒടുവിൽ വര്‍ക്കലയില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടി. മകന്‍റെ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ് സിംഗിള്‍ പേരന്റ് കംപാഷനേറ്റ് പരിഗണിച്ചായിരുന്നു സ്ഥലമാറ്റം

    പിന്നിട്ട വഴികൾ ആനി ശിവൻ ന്യൂസ് 18 നോട് തുറന്നു പറയുന്നു.

    അനുഭവങ്ങൾ

    പുതുമയാണ്.  ഇത്രയും വര്‍ഷം അവഗണന മാത്രം അനുഭവിച്ച സമൂഹത്തില്‍ നിന്ന് അംഗീകരാം കിട്ടുമ്പോള്‍ എന്തു ചെയ്യണമെന്നറിയില്ല. രണ്ടു ദിവസം മുമ്പും പതിനഞ്ചുവര്‍ഷം മുമ്പും നമ്മള്‍ ഈ സമൂഹത്തില്‍ ജീവിച്ചിരുന്നവരാണ്. പെട്ടെന്ന് ജീവിതത്തില്‍ അംഗീകാരം കിട്ടുമ്പോള്‍ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. സത്യത്തില്‍ അംഗീകാരം കിട്ടേണ്ട ഒരുപാട് വനിതകള്‍ സമൂഹത്തിലുണ്ട്.

    ഒരു പാട് പേര്‍ വിളിച്ചു നടന്‍ സുരേഷ് ഗോപി വിളിച്ചു. എന്നെയൊന്ന് വിളിക്കാന്‍ മേലായിരുന്നോ എന്ന് ചോദിച്ചു. പക്ഷെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ വരുമ്പോള്‍ ആരെ വിളിക്കും എന്നല്ല തോന്നുന്നത്. ആരുടെ കൈ നമ്മുക്ക് നേരെ നീളുന്നു എന്നാണ് നോക്കുന്നത്. കഴുകന്‍ കണ്ണുകളോടെയല്ലാതെ എങ്ങോട്ട് തോളു ചായ്ക്കും എന്നാണ് ഒരു പെണ്ണ് ചോദിക്കുന്നത്. സഹായം വിളിച്ചു ചോദിക്കാൻ നില്‍ക്കില്ല. പൊലീസില്‍ കയറിയ ശേഷം ഒരുപാട് പേരെ കാണാറുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടത് ചായാനൊരു തോളാണ്. ഒന്നു കരഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് പലര്‍ക്കുമുള്ളത്.  അവരെ ഒന്നു കേട്ടാല്‍ മതി.

    ആദ്യ ജോലി കറി പൗഡർ വിൽപ്പന

    സേവന കറി പൗഡറിന്‍റെ വില്‍പ്പനയായിരുന്നു ആദ്യ ജോലി . കറിപ്പൊടി വിറ്റഴിക്കാനായി വീടുകള്‍ തോറും കയറിയിറങ്ങി. അത് ഫ്‌ളോപ്പായി. പിന്നീട് എച്ച്.ഡി.എഫ്.സി ലൈഫില്‍ ഏജന്റായി അതു ഒരു രീതിയിലും മുന്നോട്ടു പോയില്ല. അന്നത്തെ ശമ്പളം 3500 രൂപയായിരുന്നു. വാടക വീട്, കുട്ടിയുടെ ഡേ കെയര്‍ എല്ലാം കഴിഞ്ഞാല്‍ ബാക്കിയാവുന്നത് 50 രൂപ മാത്രം. അങ്ങിനെ ആ ജോലി വിട്ടു.എച്ച്.ഡി.എഫ്.സി ബാങ്കില്‍ പരിചയപ്പെട്ട ചേച്ചിയോടൊപ്പം ഷെയറിട്ടാണ് വര്‍ക്കലയില്‍ നാരങ്ങാവെള്ളക്കച്ചവടം തുടങ്ങിയത്. കച്ചവടം വിജയകരമായി പരാജയപ്പെട്ടു. സ്വര്‍ണ്ണം പണയംവെച്ച് തുടങ്ങിയ കച്ചവടം പൊളിഞ്ഞു. കൂടെയുള്ളയാളുടെ ഭര്‍ത്താവ് മുഴുക്കുടിയനായിരുന്നു. കച്ചവടത്തിലെ പണം എടുത്ത് അയാള്‍ കുടിച്ചുതീര്‍ത്തു. അന്നത്തെ കണ്ണീരില്‍ നിന്ന് ആണ് ഇന്നത്തെ വിജയത്തിലേക്കെത്തിയത്.

    Also Read-പതിനെട്ടാമത്തെ വയസിൽ കൈക്കുഞ്ഞുമായി തെരുവിൽ; പത്തു വർഷം കഴിഞ്ഞ് അതേ സ്ഥലത്ത് എസ്ഐ

    അന്നത്തെ കണ്ണീര് തകര്‍ന്നടിഞ്ഞ സ്വപ്‌നങ്ങള്‍ അവയൊക്കെ ഓര്‍ത്തപ്പോഴാണ് വര്‍ക്കല സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തപ്പോള്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

    ജീവിതത്തിലെ ആദ്യ നാരങ്ങാവെള്ളം

    നാരങ്ങ അറിയാം സോഡ അറിയാം. പക്ഷെ സോഡാ നാരങ്ങാവെള്ളം അറിയില്ല. വര്‍ക്കലയില്‍ കട തുടങ്ങിയപ്പോള്‍ ആദ്യമായി സോഡാ നാരങ്ങാവെള്ളം ഉണ്ടാക്കിയതിങ്ങനെ. ആദ്യം നാരങ്ങാ പിഴിഞ്ഞു. അതിലേക്ക് വെള്ളം ഒഴിച്ചു പിന്നാലെ സോഡായും. ജീവിതത്തില്‍ കാര്യമായി നാരങ്ങാവെള്ളം കുടിച്ചിട്ടില്ല എന്നതിനാലാണ് വീഴ്ചയുണ്ടായത്. ഇടപാടുകരാന്‍ ചീത്തവിളിച്ച് ഒന്നിനും കൊള്ളാത്തവന്‍ എന്നു പറഞ്ഞുപോയി. ജിവിതത്തില്‍ അറിയാത്ത പണിയാണ് ഏറിയപങ്കും ചെയ്തത്. അന്നത്തെ കാര്യങ്ങളെല്ലാം ഓര്‍ത്തു. സമൂഹത്തിനോട് തുറന്നുപറയണമെന്ന് തോന്നി. വൈറലാകുമെന്ന് പക്ഷെ നിശേഷം പ്രതീക്ഷയില്ലായിരുന്നു.

    വിവാഹം, പേര്‍പിരിയല്‍

    18 വയസില്‍ ഡിഗ്രി പഠിക്കുന്ന കാലത്താണ് വിവാഹം .അറിവില്ലാത്ത കാലത്ത് നടന്ന സംഭവം. വിദ്യാഭ്യാസമല്ല അറിവിന്റെ മാനദണ്ഡം. എത്ര വിദ്യാഭ്യാസമുണ്ടായാലും അറിവിന്റെ അളവുകോല്‍ വിദ്യാഭ്യാസമല്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എന്തുകൊണ്ട് എടുത്തുചാടിയെന്ന് തോന്നും. അതുകൊണ്ട് തന്നെ കൗമാരക്കാരായ പെണ്‍കുട്ടികളെ മനസിലാകും.

    ആത്മഹത്യ ചെയ്യേണ്ട കാലം

    വിജയിച്ചു കഴിഞ്ഞപ്പോളാണ് ലൈംലൈറ്റിന്റെ മുന്നില്‍ വന്നത്. ദൈവത്തിൻ്റെ നിശ്ചയമായിരിക്കാം.  പലർക്കും കൈത്താങ്ങാകാൻ പൊലീസിൽ വരണമെന്നും ജീവിക്കണമെന്നുമുള്ളത് ദൈവ നിയോഗം തന്നെ. താങ്ങാൻ ഒരാളില്ല, വീട്ടിൽ പ്രതീക്ഷിക്കാൻ ആളില്ലെങ്കിൽ നമ്മൾ ആദ്യം വിചാരിക്കുന്നത് അതായിരിക്കും. മോനുണ്ടായിരുന്നു. പക്ഷെ എന്തൊക്കെ ചെയ്തിട്ടും മോനൊരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിയാത്ത അവസ്ഥ. ഇൻഷുറൻസ് ഏജൻ്റ് ആയ കാലത്ത് ഒരാളുടെ അടുത്ത് ഇൻഷുറൻസിനേക്കുറിച്ച് സംസാരിക്കാൻ പോയി. അയാൾ പറഞ്ഞത് നീ എൻ്റെ മുന്നിൽ തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപയുടെ പോളിസി എടുക്കാമെന്നാണ് ഇതാണ് സമൂഹം ഈ കാഴ്ചപ്പാടിന് ഇന്നും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

    ഇപ്പോഴും ലൈക്കും കമൻറും ഷെയറും ചെയ്യുന്നവരിൽ പലരും ഇരുട്ടിൻ്റെ മറവിൽ സത്രീകളോട് ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്. ആത്മഹത്യയേക്കാൾ ജീവിക്കണമെന്ന വാശിയാണ് മുന്നോട്ടു നയിച്ചത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ തിലകനെപ്പോലെ,  ജീവിച്ചു കാണിക്കാനാണ് അഛൻ പറഞ്ഞത്.  ഈ വാക്കുകൾ വാശിയോടെ ഏറ്റെടുത്തു.. അച്ഛന് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കണമെങ്കിൽ ജയിക്കണമെന്ന് തോന്നി.  ഇപ്പോഴും അഛൻ സംസാരിക്കില്ല.

    First published:

    Tags: Kerala, Life positive, Story of Annie Shiva