ക്യാൻവാസ് നിറയെ പച്ചപ്പ്; മോത്തിക്ക് വരയാണ് ജീവിതം

Last Updated:

കാടും തോടും ​ശീലിച്ച കുട്ടിക്കാലമാണ് പ്രചോദനമെന്ന് മോത്തി അനുഭവം പറയുന്നു. പണ്ട് മണ്ണിൽ വിരൽമീട്ടിത്തുടങ്ങിയതാണ്. പിന്നെ നിറച്ചിത്രങ്ങളോരോന്ന് ചുമരിൽ നിരന്നു

ഉള്ളിൽ ആളിപ്പടരുന്നുണ്ട് മോഹത്തീ. അതിന്മേൽ ചായം കോറിയിട്ടാൽ വരവിരിയും. ആ ചതുരങ്ങളിലധികവും പച്ചനിറയും. പിന്നെ മോഹത്തീയെന്ന വാക്കിൻനടുവിലെ ഒറ്റയക്ഷരം അണഞ്ഞില്ലാതാകും. ശേഷം മോത്തി എന്നുമാത്രം തെളിയും. പറഞ്ഞുവരുന്നത് പരിസരത്തോട് ഇഴചേരുന്ന ചില ചിത്രങ്ങളെയും ഒരു ചിത്രകാരിയെയും കുറിച്ചാണ്. അഥവാ മോത്തിയുടെ പെൺവിരുതിൽ തെളിയുന്ന പ്രകൃതിവരകളെപ്പറ്റിയാണ്.
കൊല്ലം മയ്യനാടുകാരി മോത്തിയുടെ ചിത്രങ്ങൾക്ക് അടിസ്ഥാനവിഷയം ഒന്നേയുള്ളൂ. പച്ചപ്പ്..! ‌അതിനാലാണ് തനിച്ചുനടത്തിയ ആദ്യ പ്രദർശനത്തിന് ഗ്രീൻസ്കേപ് എന്ന് പേരിട്ടത്.
പ്രകൃതിയും മനുഷ്യനും തമ്മിൽ പതിവാണ് സൂക്ഷ്മസംവാദം. അത് തിരിച്ചറിയാൻ ഒറ്റനോട്ടം പോര. പച്ചപ്പിനെ ചേർത്തുപിടിച്ച് കണ്ണുതുറന്ന് കാതുകൂർപ്പിച്ച് നിൽക്കണമെന്ന് മോത്തിയുടെ പക്ഷം. കാണുന്നതൊക്കെയും ഉള്ളിലാണ് ആദ്യം വരച്ചിടാറ്. ശേഷം, ക്യാൻവാസിലേക്ക് പകർത്തും.
കാവുകളും കുളങ്ങളും മഴയും പുഴയും മരവും കടലാഴവും സ്ത്രീപരിസരവും അതിജീവനവുമൊക്കെയാണ് വരവിഷയങ്ങൾ. എല്ലാം പ്രകൃതിയോട് ചേർന്നുനിൽക്കുന്നവ. വൈലോപ്പള്ളി സംസ്കൃതി ഭവനിൽ തുടരുന്ന പ്രദർശനത്തിൽ ആകെ 35 ചിത്രങ്ങളുണ്ട്. 3 വർഷം കൊണ്ടു വരച്ചെടുത്തവ. പാതിയിലേറെയും അക്രിലിക് ചിത്രങ്ങൾ. ചിലത് വാട്ടർകളറും.
advertisement
കാടും തോടും ​ശീലിച്ച കുട്ടിക്കാലമാണ് പ്രചോദനമെന്ന് മോത്തി അനുഭവം പറയുന്നു. പണ്ട് മണ്ണിൽ വിരൽമീട്ടിത്തുടങ്ങിയതാണ്. പിന്നെ നിറച്ചിത്രങ്ങളോരോന്ന് ചുമരിൽ നിരന്നു. 17 വർഷങ്ങൾക്ക് മുൻപ് കേരള സർവകലാശാല കലോത്സവത്തിൽ കലാതിലകമായി. ബ്രഷുതൊട്ട് വരച്ചുമാത്രം നേടിയെടുത്ത ചരിത്രപ്പട്ടമാണത്.
മോത്തിക്ക് വരയെന്നാൽ ജീവിതമാണ്. കലാകാരന് സ്വതന്ത്രമായ അതിജീവനം എളുപ്പമല്ലെന്ന് അടിവരയിടുമ്പോഴും പിആർഡിയിലെ ഈ മാധ്യമപ്രവർത്തകയുടെ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങുന്നുണ്ട്. ഇനിയത്തെ വരകളും പച്ച പിടിക്കുമെന്ന്. ആ പച്ച ഒരു നിറം മാത്രമല്ലെന്ന്..!
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
ക്യാൻവാസ് നിറയെ പച്ചപ്പ്; മോത്തിക്ക് വരയാണ് ജീവിതം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement