ആർത്തവ കപ്പ്; 'തിങ്കൾ' പദ്ധതി വൻ ഹിറ്റ്; അഞ്ചുവർഷം വിതരണം ചെയ്തത് 7.5 ലക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഈ പദ്ധതി നിലവില്‍ നടപ്പിലാക്കി വരുന്നത്
തിരുവനന്തപുരം: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തിയ 'തിങ്കള്‍' പദ്ധതിയുടെ ഭാഗമായി 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് പൊതുമേഖലാ സ്ഥാപനായ എച്ച്എല്‍എല്‍. ഒക്ടോബര്‍ 31 വരെ 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്‌തെന്നാണ് കണക്ക്. കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഈ പദ്ധതി നിലവില്‍ നടപ്പിലാക്കി വരുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. പദ്ധതിയുടെ നിര്‍വഹണ ചുമതല എച്ച്എല്‍എല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയ്ക്കാണ്. 2018 പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിന്‍ നിര്‍മാർജന പ്രതിസന്ധിക്ക് പരിഹാരമായാണ് എച്ച്എല്‍എല്‍ 'തിങ്കള്‍' പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയിലൂടെ എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിനെയും തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തിനെയും നാപ്കിന്‍ രഹിത പഞ്ചായത്തുകളായി മാറ്റാൻ കഴിഞ്ഞിരുന്നു.
കേരള സര്‍ക്കാരിന്റെ 14-ാംപഞ്ചവത്സര പദ്ധതിയില്‍ 'തിങ്കള്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ഏകദേശം 4 ലക്ഷം ഉപഭോക്താക്കള്‍ക്ക് മെന്‍സ്ട്രല്‍ കപ്പിന്റെ പ്രയോജനം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എയര്‍ഇന്ത്യ, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍, ടാറ്റാ എലക്സി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളും എച്ച്എല്‍എല്ലിന്റെ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ സ്റ്റേഷനുകളിലെ വനിതാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ശ്രദ്ധേയമായിരുന്നു.
advertisement
ഒരു സ്ത്രീ ആര്‍ത്തവ കാലഘട്ടത്തില്‍ ശരാശരി 15,000 സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍. ഒരു പാക്കറ്റ് പാഡിന് 50 രൂപ വില കണക്കാക്കിയാല്‍ ഒരു വര്‍ഷം കുറഞ്ഞത് 600 രൂപ ചിലവഴിക്കേണ്ടി വരുന്നു. കൂടാതെ പാഡുകള്‍ക്ക് ഉള്ളിലെ ജെല്‍, പ്ലാസ്റ്റിക് തുടങ്ങിയവ പരിസ്ഥിതി സൗഹൃദമല്ലാത്തതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 7.5 ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുക വഴി 10000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ 13,250 ടണ്‍ വരെ കുറയ്ക്കാനും സാധിച്ചു എന്നാണു കണക്കാക്കപ്പെടുന്നത്.
advertisement
എച്ച്എല്‍എല്‍ മെന്‍സ്ട്രല്‍ കപ്പ് പുനഃരുപയോഗിക്കാവുന്നതും രാജ്യാന്തര ഗുണമേന്മ മാനദണ്ഡമായ എഫ്ഡിഎ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയലില്‍ കൊണ്ട് നിര്‍മിച്ചതുമാണ്. കുറഞ്ഞത് 5 വര്‍ഷം വരെ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാനാകും. സാനിറ്ററി നാപ്കിനുകള്‍ക്കും ഡിസ്‌പോസിബിള്‍ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ക്കും സുരക്ഷിതമായ ബദലായി മെന്‍സ്ട്രല്‍ കപ്പുകളെ കണക്കാക്കപ്പെടുന്നു. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തില്‍ എംകപ്പുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും. സാമൂഹിക രംഗത്തെ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ച് തിങ്കള്‍ പദ്ധതിയ്ക്ക് സ്‌കോച്ച് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ 'വെല്‍വെറ്റ്' എന്ന ബ്രാന്‍ഡിലും വിദേശ വിപണിയില്‍ 'കൂള്‍ കപ്പ്' എന്ന ബ്രാന്‍ഡിലുമാണ് എച്ച്എല്‍എല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തുവരുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 06, 2024 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ആർത്തവ കപ്പ്; 'തിങ്കൾ' പദ്ധതി വൻ ഹിറ്റ്; അഞ്ചുവർഷം വിതരണം ചെയ്തത് 7.5 ലക്ഷം