ന്യൂഡൽഹി: വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരിശക്തി പുരസ്ക്കാരം നൽകി ആദരിച്ചു. ഇതിൽ ഒരു മലയാളി സ്ത്രീയും ഉൾപ്പെട്ടിരുന്നു. ജൈവവൈവിധ്യം കാത്തുസൂക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക വനവത്ക്കരണത്തിനുമായി മാതൃകയായി ഇടപെട്ട കണ്ടല്ലൂർ പുതിയവിള കൊല്ലകൽ സ്വദേശിയായ ദേവകിയമ്മയാണ് നാരീശക്തി പുരസ്ക്കാരം നേടിയ മലയാളി സ്ത്രീ. 84-ാം വയസിലാണ് രാജ്യത്ത് സ്ത്രീകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്ക്കാരം ദേവകിയമ്മയെ തേടിയെത്തിയത് എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
നാല് ഏക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതരത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചതാണ് ദേവകി അമ്മയെ ശ്രദ്ധേയയാക്കിയത്. ഇന്ത്യയിലെ തന്നെ വിവിധഭാഗങ്ങളിൽ അത്യപൂർവ്വമായി കണ്ടുവരുന്ന മരങ്ങളാണ് ദേവകി അമ്മ സ്വന്തം സ്ഥലത്ത് വെച്ചുപിടിപ്പിച്ചത്. ഇവർക്ക് നേരത്തെ കേന്ദ്രസർക്കാരിന്‍റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അതേ വർഷം ദേവകി അമ്മയുടെ മൂത്തമകൾ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പ്രൊഫസർ ഡി. തങ്കമണിക്കും വൃക്ഷമിത്ര പുരസ്ക്കാരം ലഭിച്ചിരുന്നു. ഇരുവരും ഒരേ വേദിയിലാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
തീരദേശത്തോട് ചേർന്നുകിടക്കുന്ന് വീട് ഉൾപ്പെടുന്ന ഭൂമിയിലാണ് ദേവകി അമ്മ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. 40 വർഷം മുമ്പാണ് അവർ ഇത് തുടങ്ങിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് അപൂർവ്വയിനം വൃക്ഷത്തൈകൾ കൊണ്ടുവന്നു നട്ടു. പ്രായമേറിയിട്ടും തന്‍റെ വൃക്ഷങ്ങളെ പരിചരിക്കാനും പുതിയ ഇനം തൈകൾ നടാനും അവർ മുന്നിൽത്തന്നെയുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻവേണ്ടിയും മറ്റും തന്‍റെ വൃക്ഷതോട്ടം ദേവകി അമ്മ തുറന്നുകൊടുക്കുന്നുണ്ട്. ദിവസവും നിരവധിയാളുകൾ വിവിധ വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാൻ ഇവിടെയെത്തുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.