മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കുഞ്ഞിനെയുമെടുത്ത് ഔദ്യോഗിക കൃത്യ നിർവ്വഹണം നടത്തുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പൊലീസ് ഉദ്യോഗസ്ഥയുടെ തോളിൽ തൂക്കിയിട്ട ക്യാരിബാഗിലാണ് കുഞ്ഞ് ഇരിക്കുന്നത്. ജോലിയോടുള്ള അവരുടെ അർപ്പണബോധമാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമാകാൻ കാരണം. അതേസമയം, ഹെലിപാഡിൽ പൊരി വെയിലത്ത് ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചത് സംസ്ഥാന സർക്കാരിന്റെ മനുഷ്യത്വമില്ലായ്മ വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ആയ മോണിക്ക സിംഗാണ് ഈ ഉദ്യോഗസ്ഥ. ജോബത്ത് അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് മുഖ്യമന്ത്രി എത്തിയത്. ചൊവ്വാഴ്ച അലിരാജ്പൂരിൽ എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനായി സജ്ജീകരിച്ച ഹെലിപാഡിന്റെ സുരക്ഷയ്ക്കായാണ് മോണിക്കയെ നിയോഗിച്ചത്.
"അലിരാജ്പുരിലേക്കുള്ള എന്റെ സന്ദർശന വേളയിൽ, ഡിഎസ്പി മോണിക്ക സിംഗ് തന്റെ ഒന്നര വയസ്സുള്ള മകളെ ഒരു ബേബി കാരിയർ ബാഗിൽ വഹിച്ചുകൊണ്ട് ഡ്യൂട്ടിയിലായിരുന്നു. തന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തോടുള്ള അവളുടെ സമർപ്പണം പ്രശംസനീയമാണ്. നിങ്ങളെയോർത്ത് മധ്യപ്രദേശ് അഭിമാനിക്കുന്നു. അവളുടെ കുഞ്ഞ് മകൾക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു, ” എന്നാണ് ബുധനാഴ്ച പങ്കു വെച്ച ട്വീറ്റിൽ സംഭവത്തെക്കുറിച്ച് ശിവരാജ് സിംഗ് ചൗഹാൻ പങ്കിട്ടത്. ട്വീറ്റിനൊപ്പം മകളുമായി മോണിക്ക തന്റെ ജോലി ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം പങ്കിട്ടു.
ചൗഹാൻ പങ്കിട്ട ഒരു ഫോട്ടോയിൽ, ബുധനാഴ്ച ഹെലികോപ്റ്ററിൽ കയറുന്നതിന് മുമ്പ്, അമ്മയുടെ ദേഹത്ത് കെട്ടിയിരിക്കുന്ന ക്യാരിബാഗിൽ ഇരിക്കുന്ന പെൺകുഞ്ഞിന്റെ തലയിൽ തലോടുന്ന മുഖ്യമന്ത്രിയെയും കാണാം.
നിലവിൽ ധാർ ജില്ലയിൽ ജോലി ചെയ്യുന്ന മോണിക്ക സിംഗ് സംഭവത്തെക്കുറിച്ച് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത് രണ്ട് ദിവസത്തേക്ക് ധാറിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള അലിരാജ്പൂരിലെത്തി ജോലി ചെയ്യേണ്ടതിനാലാണ് മകളെയും കൂടെ കൊണ്ടുപോയെതെന്നാണ്. "ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിയപ്പോൾ (അലിരാജ്പൂരിൽ താമസിക്കുമ്പോൾ) മകളും ഉണർന്നിരുന്നു, തന്റെ ഒപ്പം വരണമെന്ന് വാശി പിടിക്കുകയായിരുന്നു" അവർ പറഞ്ഞു.
“എന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് (ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ) ഒപ്പം ഒരു അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്വവും എനിക്ക് നിർവ്വഹിക്കേണ്ടതുണ്ട്,” അവർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.