വിവാഹബന്ധം വേർപെടുത്തി തിരികെയെത്തിയ മകൾക്ക് വൻ വരവേൽപ്പുമായി അച്ഛൻ
- Published by:Anuraj GR
- trending desk
Last Updated:
മകളുടെ തിരിച്ചുവരവും വിവാഹം പോലെ തന്നെ കൊട്ടും പാട്ടുമായി പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ പിതാവ്
വിവാഹം എന്നത് പല മാതാപിതാക്കൾക്കും ഒരു കടമ നിർവഹിക്കലാണ്. അവരെക്കൊണ്ട് സാധിക്കുന്നത് പോലെ മക്കളുടെ വിവാഹം വലിയ ആർഭാടമായി ആഘോഷമാക്കി മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതു കഴിഞ്ഞുള്ള ദിവസങ്ങളിൽ പെൺകുട്ടികളുടെ ജീവിതത്തിൽ പലതരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ സമൂഹം തന്നെ അടിച്ചേൽപ്പിക്കുകയാണ്. വിവാഹ ശേഷം ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച് ജീവൻ പൊലിഞ്ഞ നിരവധി സ്ത്രീകളും നമുക്കു ചുറ്റുമുണ്ട്.
ഇതിന് കാരണം പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിലും പെൺകുട്ടികളെ കുടുംബത്തിന്റെ അന്തസ്സിനെ ഓർത്ത് വീട്ടുകാർ തന്നെ ഭർതൃ വീട്ടിൽ തളച്ചിടുന്ന സാഹചര്യങ്ങളാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതിയുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഒരു പിതാവ്. വിവാഹ ബന്ധം ഉപേക്ഷിച്ചു തിരികെയെത്തിയ മകളെ വിവാഹം പോലെ തന്നെ വലിയ ആഘോഷത്തോടെ വീട്ടിലേക്ക് തിരികെ ക്കൊണ്ടുപോകുന്ന ഒരച്ഛനെയാണ് വീഡിയോയിൽ കാണുന്നത്. ജാർഖണ്ഡിലാണ് സംഭവം.
പ്രേം ഗുപ്ത എന്നയാളുടെ മകളായ സാക്ഷി ഗുപ്ത 2022 ഏപ്രിലിൽ ആണ് വിവാഹിതയായത്. ഒരു എഞ്ചിനീയറായിരുന്നു വരൻ. എന്നാൽ വിവാഹം കഴിഞ്ഞ ശേഷമാണ് ഇയാൾ നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം സാക്ഷി അറിഞ്ഞത്. തുടർന്ന് തന്റെ എല്ലാ വിഷമങ്ങളും വീട്ടുകാരോട് തുറന്നു പറഞ്ഞ മകൾക്ക് ഈ വിവാഹബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള പിന്തുണയും പിതാവായ പ്രേം ഗുപ്ത നൽകി.
advertisement
DAUGHTER LEAVES TOXIC MARRIAGE, FATHER BRINGS HER HOME WITH CELEBRATIONS
Father Prem Gupta says: “when your daughter’s marriage is done with great pomp and show and if the spouse or family turn out to be wrong, or do wrong, bring your daughter back to your home with respect and… pic.twitter.com/sGC8ZPqQgR
— Morningstar. (@dr_aculii) October 24, 2023
advertisement
എന്നാൽ മകളുടെ തിരിച്ചുവരവും വിവാഹം പോലെ തന്നെ കൊട്ടും പാട്ടുമായി പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ പിതാവ്. ഇത് ഒരു ജയിലിൽ നിന്ന് മോചനം ലഭിച്ചത് പോലെതന്നെ ആണെന്നും അദ്ദേഹം പറയുന്നു. പ്രേം ഗുപ്ത തന്നെ ആണ് ഈ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. തുടർന്ന് ഇത് വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു.
“നമ്മുടെ മകളുടെ വിവാഹം വളരെ ആര്‍ഭാടത്തോടെയും ആഡംബരത്തോടെയും നടത്തുന്നു. എന്നാല്‍ അവരുടെ പങ്കാളിയോ കുടുംബമോ അവരോട് മോശമായി പെരുമാറിയാലോ തെറ്റായ കാര്യങ്ങങ്ങൾ ചെയ്താലോ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരിക. കാരണം പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ് ” എന്നാണ് ഈ പിതാവ് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. കൂടാതെ തന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചതിൽ താൻ ഒരിക്കലും അസ്വസ്ഥനല്ല എന്നും ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത ഒരു ബന്ധം ശരിയാക്കാൻ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിതാവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം ഈ സംഭവം വലിയ ചർച്ചാവിഷയമായി മാറുകയും ചെയ്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ranchi,Ranchi,Jharkhand
First Published :
October 25, 2023 10:58 AM IST