HOME » NEWS » Life » WOMEN MISS FITNESS THRISSURE VIPITHA

ഇതല്ല, വിപിത സന്തോഷ് ഇതിനപ്പുറം ചെയ്യും

News18 Malayalam
Updated: April 2, 2018, 3:31 PM IST
ഇതല്ല, വിപിത സന്തോഷ് ഇതിനപ്പുറം ചെയ്യും
  • Share this:
ചില സ്ത്രീകള്‍ അങ്ങനെയാണ്. പലപ്പോഴും വേറിട്ടു നിൽക്കും. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്.  ഇത്

തെളിച്ചിരിക്കുകയാണ് തൃശൂരിലെ ചാലക്കുടി സ്വദേശിനിയായ വിപിത സന്തോഷ്. ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന മിസ്  ഫിറ്റ്നസ് തൃശൂരിൽ വിജയിയായത് വിപിതയായിരുന്നു. ഇതിലെന്താണ് ഇത്ര പുതുമ എന്ന് ചിന്തിക്കുന്നവരുണ്ടാകും.എന്നാൽ, വിപിത ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഒമ്പതുമാസം ഗർഭിണിയായിരിക്കെയാണ്. ഇത് കണ്ടവരും കേട്ടവരും അറിഞ്ഞവരുമൊക്കെ മൂക്കത്തു വിരൽ വെച്ചിരിക്കുകയാണെന്ന് വിപിത പറയുന്നു. കാരണം അനങ്ങരുത്, ഭാരം എടുക്കരുത് തുടങ്ങി ചില അരുതുകളാണ് ഗർഭിണിയാകുമ്പോൾ സ്ത്രീകളുടെ മുന്നിലേക്ക് ആദ്യം എത്തുന്നത്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ വിപിതയുടെ പക്ഷം.ഗർഭിണികൾ ആയാസപ്പെട്ട വ്യായാമങ്ങള്‍ ചെയ്യാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഒമ്പതാം മാസത്തിൽ  ക്രോസ്ഫിറ്റ് ചെയ്ത് ഫിറ്റ്നസ് തെളിയിച്ചിരിക്കുകയാണ് വിപിത. ഏഴു വർഷമായി ഭർത്താവിന്റെ ഹെൽത്ത് ക്ലബിലെ  വനിത പരിശീലകയായി  പ്രവർത്തിച്ചു വരുന്നു. നേരത്തെ വ്യായാമമുറകള്‍ ചെയ്തിരുന്നതിനാൽ അത് തുടർന്നുകൊള്ളാന്‍  ഡോക്ടർമാർ നിർദേശിച്ചു. ഗർഭകാലത്ത് ഊര്‍ജസ്വലതയോടെ ഇരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. ഡോക്ടർമാരുടെയും വീട്ടുകാരുടെയും പിന്തുണ ഉള്ളതു കൊണ്ടാണ് ഗർഭിണിയായിരുന്നിട്ടു കൂടി മത്സരത്തിന് ഇറങ്ങിയത്. ഭര്‍ത്താവ് സന്തോഷ്  ആണ് വിപിതയെ മത്സരത്തിനായി പരിശീലിപ്പിച്ചത്.സ്ത്രീകള്‍ ഫിറ്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് വിപിത ഇങ്ങനെയൊരു സാഹസം ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ സ്ത്രീകളിൽ ഭൂരിഭാഗം പേരും സ്വന്തം ശരീരത്തെക്കുറിച്ച് ശ്രദ്ധിക്കാത്തവരാണ്. വീട്ടിലെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കുന്നതിനിടയ്ക്ക് പലപ്പോഴും അവർക്കതിന് സമയം കിട്ടാറില്ല. അതിനാൽ തന്നെ ഇവിടെ വർക്ക് ഔട്ട് ചെയ്ത് ശരീരം ഫിറ്റാക്കി വയ്ക്കുന്ന സ്ത്രീകൾ കുറവാണെന്ന് വിപിത പറയുന്നു. മാത്രമല്ല പലർക്കും ജിമ്മിൽ പോകുന്നതിന് വീട്ടുകാരുടെ പിന്തുണയും ഉണ്ടാകാറില്ല. ശരീരസൗന്ദര്യം കൂട്ടാനാണ് പലരും  ജിമ്മിൽ പോകുന്നതെന്ന പരിഹാസവുമുണ്ടാകും. ഈ സാഹചര്യം മാറണമെന്നാണ് വിപിതയുടെ അഭിപ്രായം. അരമണിക്കൂറെങ്കിലും ശരീരത്തിനായി

മാറ്റിവെയ്ക്കണമെന്നും ഇതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ തടയാനാകുമെന്നും വിപിത പറഞ്ഞു.
എല്ലാ വർഷവും മിസ് ഫിറ്റ്നസ് തൃശൂർ മത്സരം നടത്താറുണ്ട്. കഴിഞ്ഞവർഷവും വിപിത പങ്കെടുത്തിരുന്നു. കഴിഞ്ഞ  വർഷം ഫസ്റ്റ് റണ്ണറപ്പ് ആയി. അത്‍ലറ്റിക് ഫിസിക് എന്ന കാറ്റഗറിയില്‍ ആയിരുന്നു കഴിഞ്ഞവർഷം മത്സരിച്ചിരുന്നത്.  ഇത്തവണ ഗർഭിണിയായിരുന്നതിനാൽ അത്‍ലറ്റികിൽ ഇറങ്ങാൻ പറ്റിയില്ല. അതിനാൽ മോഡൽ ഫിസിക് എന്ന ഇനത്തിൽ  ലേഡീസ് ഫിറ്റ്നസ് എന്നതാണ് ചെയ്തത്. ഇതില്‍, ക്രോസ്ഫിറ്റ് ട്രെയിനിങ് വിത്ത് യോഗയാണ് ചെയ്തത്. എല്ലാ പേശികളും വർക്ക് ഔട്ട് ചെയ്യുന്നതാണ് ക്രോസ്ഫിറ്റ്. മത്സരിച്ചവരിൽ ഗർഭിണിയായി വിപിത മാത്രമായിരുന്നു ഉണ്ടായിരുന്നത്.


ഗർഭത്തെ 'എക്‌സ്‌ക്ലുസീവ് ' ആയി കാണരുതെന്ന് വിപിത പറയുന്നു. ഈ സമയത്താണ് കൂടുതൽ ആക്ടീവ് ആകേണ്ടത്. നൃത്തം വലിയ ഇഷ്ടമായിരുന്നതിനാൽ കെജിയിൽ പഠിക്കുന്ന മകനൊപ്പം നാലാം മാസത്തിൽ പേരെന്റ്സ് ഡേയ്ക്ക് ചുവടു വെച്ചു. ഗർഭിണി ആണെന്നു കരുതി ഇഷ്ടങ്ങളൊന്നും മാറ്റിവെച്ചിട്ടില്ല. ഇപ്പോൾ കൂടുതൽ ഫിറ്റാണെന്ന് തോന്നുന്നു. ഇതൊന്നും പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല. റിസ്ക് എടുക്കരുതെന്ന് പലരും പറഞ്ഞു. എന്നാൽ ഇതൊന്നും റിസ്കായി തോന്നിയില്ലെന്നാണ് വിപിത പറയുന്നത്.


ഗർഭിണി ആയിരിക്കുമ്പോൾ മനസിന് ഇഷ്ടപ്പെട്ടതൊക്കെ ചെയ്യുന്നത് മനസും ശരീരവും ഉന്‍മേഷമുള്ളതാക്കാന്‍ നല്ലതാണെന്ന്  സ്വന്തം അനുഭവത്തിൽ നിന്ന് വിപിത പറയുന്നു. വർക്ക് ഔട്ട് ചെയ്തതു കൊണ്ട് ഗര്‍ഭകാലത്തെ ചെറിയ  ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കാൻ കഴിഞ്ഞു. വർക്ക്ഔട്ട് ചെയ്യാതിരുന്നാലാണ് പ്രശ്നം. സ്ത്രീകൾ എപ്പോഴും ഫിറ്റ്

ആയിരിക്കണമെന്നാണ് വിപിതയുടെ പക്ഷം.
ആരോഗ്യമില്ലാത്ത ശരീരത്തിലാണ് ഗർഭമെങ്കിൽ പലതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. അതിനാൽ, പ്രസവത്തിനു മുമ്പുതന്നെ

ശരീരം ഫിറ്റാക്കി വെയ്ക്കണം. അപ്പോൾ പ്രസവത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടിലാണ്

നിയന്ത്രണങ്ങൾ. മറ്റു രാജ്യങ്ങളിൽ ഗർഭകാലത്ത് വർക്ക്ഔട്ട് ചെയ്യുന്നത് സാധാരണമാണ്. ഇതൊന്നും പരിചിതമല്ലാത്തതിനാലാണ് താൻ ചെയ്തപ്പോൾ പലർക്കും അതിശയം തോന്നിയതെന്നും വിപിത വ്യക്തമാക്കുന്നു.


വർക്ക് ഔട്ട് ചെയ്തതു കൊണ്ട് തനിക്ക് ഗുണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് വിപിത പറഞ്ഞു.  മൂത്തമകന് ആറര വയസുണ്ട്. യുകെജിയിൽ പഠിക്കുന്നു. രണ്ടാമത്തെ പെൺകുട്ടിക്ക് മൂന്നര വയസ്. ആദ്യത്തെ രണ്ട് കുട്ടികളെ ഗർഭിണിയായിരുന്നപ്പോഴും വിപിത വർക്ക്ഔട്ട്  മുടക്കിയിരുന്നില്ല. അതിനാൽ രണ്ടും സുഖപ്രസവം തന്നെയായിരുന്നു. മിസ് തൃശൂർ ഫിറ്റ്നസിൽ പങ്കെടുത്തപ്പോഴും അതിനുശേഷവും തനിക്കു യാതൊരു പ്രശ്നവും ഉണ്ടായില്ലെന്ന് വിപിത വ്യക്തമാക്കുന്നു.

ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുത്ത് 13ാം നാൾ പെൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് വിപിത.  മാർച്ച് മൂന്നിനായിരുന്നു പ്രസവം. ഇതും സുഖപ്രസവം തന്നെയായിരുന്നു.  ഗർഭിണിയാണെന്നു കരുതി ഇഷ്ടങ്ങളൊന്നും ഉപേക്ഷിക്കേണ്ടതില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിപിത സന്തോഷ്
First published: March 8, 2018, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories