'അവൾ എനിയ്ക്ക് മകൾ തന്നെ'; അമ്മായിയമ്മ മരുമകൾക്ക് വൃക്ക ദാനം ചെയ്തു
- Published by:Anuraj GR
- trending desk
Last Updated:
എഴുപതുകാരിയായ അമ്മായിയമ്മ തന്റെ വൃക്കകളിലൊന്ന് 43കാരിയായ മരുമകൾക്ക് നൽകിയാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്
അമ്മായിയമ്മ – മരുമകൾ പോര് ടിവി സീരിയലുകളിലെ സ്ഥിരം കഥയാണ്. എന്നാൽ യഥാർത്ഥ ജീവിതം ഇതിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ സ്വദേശിനിയായ ഒരു അമ്മ. എഴുപതുകാരിയായ അമ്മായിയമ്മ തന്റെ വൃക്കകളിലൊന്ന് 43കാരിയായ മരുമകൾക്ക് നൽകിയാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
പ്രഭ മോട്ട എന്നാണ് ഈ അമ്മയുടെ പേര്. ഇവരുടെ വൃക്കദാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇവർ താമസിക്കുന്ന അതേ ബിൽഡിംഗിൽ താമസിക്കുന്ന മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്തും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“രാജ്യത്ത് വളരെ അപൂർവമായി നടക്കുന്ന സംഭവമാണ് ഞങ്ങളുടെ സത്യം ടവർ സിഎച്ച്എസിൽ നടന്നത്. മോട്ട കുടുംബത്തിലെ മരുമകൾ അമീഷ ജിതേഷ് മോട്ടയുടെ (43) ഇരു വൃക്കകളും തകരാറിലായിരുന്നു. അവരുടെ അമ്മായിയമ്മ പ്രഭ കാന്തിലാൽ മോട്ടയുടെ (70) വൃക്കകൾ അമീഷയ്ക്ക് അനുയോജ്യമായിരുന്നു. സന്തോഷത്തോടെ തന്നെ ഈ അമ്മായിയമ്മ തന്റെ മരുമകൾക്ക് വൃക്ക ദാനം ചെയ്തു,” സച്ചിൻ സാവന്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
advertisement
“ചൊവ്വാഴ്ച നാനാവതി ആശുപത്രിയിലായിരുന്നു ഇരുവരുടെയും ശസ്ത്രക്രിയ. മരുമകൾ ഇപ്പോഴും ആശുപത്രിയിലാണ്. എല്ലാ അമ്മായിയമ്മമാരും ഈ മാതൃക പിന്തുടരണം. പ്രഭാജിക്ക് അഭിനന്ദനങ്ങൾ” അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് പ്രഭയെ ഡിസ്ചാർജ് ചെയ്തു. പൂജ നടത്തിയും പുഷ്പങ്ങൾ കൊണ്ട് വീട് അലങ്കരിച്ചുമാണ് പ്രഭയെ മൂത്ത മരുമകൾ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. “അമീഷയ്ക്ക് വൃക്ക ദാനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്” പ്രഭ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “എനിക്ക് പെൺമക്കളില്ല, എന്റെ മൂന്ന് മരുമക്കളെയും എന്റെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. അമീഷ കരയുമ്പോൾ, അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു” അവർ കൂട്ടിച്ചേർത്തു.
advertisement
എന്റെ അമ്മ എന്നെ പ്രസവിച്ചു, എന്നാൽ എന്റെ അമ്മായിയമ്മ എനിക്ക് പുതിയൊരു ജീവിതമാണ് നൽകിയതനെന്ന് അമീഷ പറഞ്ഞു.
“ഒരു അമ്മായിയമ്മ മരുമകൾക്ക് വൃക്ക ദാനം ചെയ്യുന്നത് വളരെ അപൂർവമാണ്, എന്റെ ഇതുവരെയുള്ള പ്രാക്ടീസിനിടെ ഇതുവരെ ഇത്തരം മൂന്ന് സംഭവങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ” അമീഷയെ ചികിത്സിക്കുന്ന നെഫ്രോളജിസ്റ്റ് ഡോ. ജതിൻ കോത്താരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവദാനം നടത്തുന്നത് സ്ത്രീകളാണ്. അവരുടെ പങ്കാളികൾക്കോ മാതാപിതാക്കൾക്കോ കുട്ടികൾക്കോ ആയിരിക്കും മിക്കപ്പോഴും അവയവങ്ങൾ ദാനം ചെയ്യുക. കഴിഞ്ഞ വർഷമാണ് അമീഷയുടെ വൃക്ക തകരാറിലായത്. ഏപ്രിലിലാണ് ഒന്നുകിൽ വൃക്ക മാറ്റി വയ്ക്കാം അല്ലെങ്കിൽ ഡയാലിസിസ് ആരംഭിക്കാമെന്ന് ഡോക്ടർ പറഞ്ഞത്, ”അമീഷയുടെ ഭർതൃ സഹോദരൻ ജിഗ്നേഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 09, 2023 2:40 PM IST


