അങ്ങനെ ഒരാളുണ്ട്, അത് സുമിചേച്ചിയാണ്
Last Updated:
ജീവിതത്തില്‍ പ്രോത്സാഹനം തന്നൊരാള്‍. മിക്കവരുടെയും ജീവിതത്തില്‍ ഇങ്ങനെയൊരാള്‍ ഉണ്ടായിരിക്കും.തനിക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കിയ വനിത ആരെന്ന് ഈ വനിതാ ദിനത്തില്‍ ദേശീയ പുരസ്‌ക്കാര ജേതാവ് സുരഭി ലക്ഷമി പങ്കുവയ്ക്കുന്നു;
വനിതാ ദിനത്തിലോ, അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തിലോ ഓര്‍ക്കേണ്ട ഒരാളല്ല എന്നെ പ്രചോദിപ്പിച്ച ആ വനിത. കാരണം, അതെന്റെ സ്വന്തം സഹോദരി സുമിതയാണ്.എന്റെ രണ്ടാമത്തെ സഹോദരിയാണ് സുമിത. എന്റെ കഴിവുകളെയും കലാപ്രവര്‍ത്തനത്തെയും ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് എന്റെ സുമിചേച്ചിയാണ്. ഏറ്റവും ഇളയ ആളായ എന്നെ സുമിചേച്ചി വിളിക്കുന്നത് വാവച്ചി എന്നാണ്. ചെറുപ്പത്തില്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ കണ്ടതിനു ശേഷം ഈ വാവച്ചിയെ നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയന്നിരുന്നു എന്റെ സുമിചേച്ചി.
advertisement
ഹൈസ്‌കൂള്‍ തലം മുതല്‍, എന്നെ എല്ലാ കലോത്സവങ്ങളിലും കൊണ്ടു പോയിരുന്നതും, അവിടെയെല്ലാം ഒരമ്മയുടെ കരുതല്‍ തന്നിരുന്നതും സുമിതേച്ചിയാണ്. പലപ്പോഴും പ്രതിസന്ധികളില്‍ ചേച്ചിയുടെ കൈകളാണ് എനിക്ക് താങ്ങായത്. എന്നെ നിര്‍ബന്ധിച്ചു മല്‍സരിപ്പിക്കും. അങ്ങനെ ചേച്ചിയുടെ നിര്‍ബന്ധപ്രകാരം മത്സരിച്ച റിയാലിറ്റി ഷോയില്‍ ഞാന്‍ വിജയിയായി.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സംസ്ഥാന യുവജനോത്സവത്തിന്റെ സമയത്താണ് ഞങ്ങളുടെ അച്ഛന്റെ മരണം. ആ സാഹചര്യത്തില്‍ ഞാന്‍ തളര്‍ന്നുപോകാതെ എനിക്ക് ശക്തിയേകിയത് സുമിചേച്ചിയാണ്. എന്റെ അവസരങ്ങളൊന്നും പാഴാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ചേച്ചി, ആ സാഹചര്യത്തില്‍ ആരുമറിയാതെ എന്ന ആ യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയി. അവിടെയും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വൈകാതെ ജയരാജ് സാറിന്റെ സംവിധാനത്തില്‍ ഞാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
advertisement
സുമിചേച്ചി ഇപ്പോള്‍ എംഎ മലയാളവും ബിഎഡും കഴിഞ്ഞ് കാലടി ശങ്കരാചാര്യ കോളേജില്‍ എംഎ കംപാരിറ്റീവ് ലിറ്ററേച്ചര്‍ ചെയ്യുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2018 1:20 PM IST


