മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്ത ‘വില്‍ഫുള്‍ ഡിഫോള്‍ട്ടർമാർ’ രാജ്യത്തിനു വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കണക്കുകൾ പുറത്ത്. പട്ടികയിലെ ആദ്യ 50 പേരിൽ നിന്നു മാത്രം ഇന്ത്യൻ ബാങ്കുകൾക്ക് 9,2570 കോടി രൂപ കുടിശികയിനത്തിൽ കിട്ടാനുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡാറ്റ ചൂണ്ടിക്കാട്ടി സർക്കാർ പാർലമെന്റിനെ അറിയിച്ചു.
ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിലും അതു ചെയ്യാത്തവരെയാണ് വിൽഫുൾ ഡിഫോൾട്ടർമാരുടെ ഗണത്തിൽ പെടുത്തുന്നത്. ഇത്തരക്കാർക്ക് വീണ്ടും ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനോ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനോ കഴിയില്ല.
7,848 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 5,879 കോടി രൂപയുടെ വായ്പാ കുടിശികയുള്ള എറ ഇൻഫ്രാ , 4,803 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത റെയ് അഗ്രോ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വായ്പയെടുത്ത് നാടു വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയാണ് ഗീതാഞ്ജലി ജെംസിനെ പ്രമോട്ട് ചെയ്യുന്നത്. വിവിധ ബാങ്കുകളിൽ നിന്നായി 6,746 കോടി രൂപ വായ്പയെടുത്ത് കടന്നു കളഞ്ഞതിന്റെ പേരിൽ സിബിഐ കഴിഞ്ഞ ആഴ്ച മൂന്ന് പുതിയ കേസുകൾ കൂടി ഇയാൾക്കെതിരെ ഫയൽ ചെയ്തിരുന്നു. 2010-നും 2018-നും ഇടയിൽ 5,564 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ചോക്‌സി, ഗീതാഞ്ജലി ജെംസ് ലിമിറ്റഡിലെ സീനിയർ എക്‌സിക്യുട്ടീവുകൾ എന്നിവരെ പ്രതികളാക്കി മുൻപ് കേസെടുത്തിരുന്നു.
Also read-‘നിറപറ’യെ വിപ്രോ ഏറ്റെടുക്കുന്നു; ഭക്ഷ്യ വിപണിയിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ്
കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ, എബിജി ഷിപ്പ്‌യാർഡ്, ഫ്രോസ്റ്റ് ഇന്റർനാഷണൽ, വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി എന്നിവയാണ് പട്ടികയിലുള്ള മറ്റു ചില സ്ഥാപനങ്ങൾ.
വായ്പയടക്കുന്നതിൽ മനപൂർവ്വം വീഴ്ച വരുത്തുന്നവർക്ക് എന്ത് സംഭവിക്കും?
മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്ക് ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ അധിക സൗകര്യങ്ങളൊന്നും അനുവദിക്കില്ല. ഇവർക്ക് അടുത്ത അഞ്ച് വർഷത്തേക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് വിലക്കുമുണ്ട്. മുതലിലേക്കോ പലിശയിലോ വായ്പ എടുത്തയാള്‍ തുക അടയ്ക്കാതിരിക്കുമ്പോള്‍ ആണ് അയാളെ കുടിശ്ശികക്കാരനായി ബാങ്ക് കണക്കുക്കൂട്ടുന്നത്. തുടര്‍ന്ന് ഈ വായ്പയെ നിഷ്‌ക്രിയ ആസ്തിയായി ബാങ്ക് രേഖപ്പെടുത്തുകയും ഇതിന്റെ ബാധ്യതയിലേക്കായി ബാങ്കിന് അധിക തുക മാറ്റിവെയ്‌ക്കേണ്ടതായും വരും. ഇത് ബാങ്കുകളെ സാരമായി ബാധിക്കും.
ഇത്തരം കിട്ടാക്കടങ്ങൾ വീണ്ടെടുക്കാൻ ബാങ്കുകൾ ശ്രമിക്കാറുണ്ട്. എന്നാൽ വീണ്ടെടുക്കാൻ സാധ്യതയില്ലാത്തപ്പോൾ, കടം കൊടുക്കുന്നവർ സാധാരണയായി വായ്പ എഴുതിത്തള്ളാറാണ് പതിവ്. ആർബിഐയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 10.09 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ ഇങ്ങനെ എഴുതിത്തള്ളിയത്.
Also read-ഈ 17 കാറുകള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നിര്‍ത്തലാക്കും; കാരണമെന്ത്?
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 2 ലക്ഷം കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് 67,214 കോടി രൂപയും, ഐഡിബിഐ ബാങ്ക് 45,650 കോടി രൂപയും എഴുതിത്തള്ളി. സ്വകാര്യമേഖലയിലുള്ള ബാങ്കുകളിൽ ഐസിഐസിഐ ബാങ്ക് 50,514 കോടി രൂപയും എച്ച്ഡിഎഫ്സി ബാങ്ക് 34,782 കോടി രൂപയും എഴുതിത്തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.