ജോലിഭാരം കുറച്ചാൽ ശമ്പളം കുറയ്ക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യയിലെ 64% ജോലിക്കാർ; റിപ്പോർട്ട് പുറത്ത്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയിലെ 78 ശതമാനം ജീവനക്കാരും ജോലിയിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം അനുഭവിക്കുന്നവരാണ്
ഏതൊരു കമ്പനിയിലെയും ജീവനക്കാരുടെ മികച്ച പ്രകടനത്തിൽ നല്ല മാനേജർമാരുടെ പങ്ക് വളരെ വലുതായിരിക്കും. മാനേജർമാരുടെ നല്ല ഇടപെടലിനൊപ്പം തന്നെ വിശ്വാസ്യത നേടിയെടുക്കൽ, വിഷയങ്ങൾ തുറന്ന് പറയാനുള്ള അവസരം, ജീവനക്കാർക്കുള്ള മാനുഷിക പരിഗണന എന്നിവയെല്ലാം ഒരു സ്ഥാപനത്തിൽ മികച്ച തൊഴിൽ അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കുന്ന ഘടകങ്ങളാണെന്ന് യുകെജി വർക്ക്ഫോഴ്സ് പുറത്ത് വിട്ട പുതിയ പഠന റിപ്പോർട്ട് പറയുന്നു. മാനേജർമാരെ സംബന്ധിച്ചിടത്തോളം സ്ഥാപനം നൽകുന്ന പിന്തുണയാണ് അവരുടെ കരുത്ത്. ഇന്ത്യയിലെ 4ൽ മൂന്ന് ജീവനക്കാരും (72 ശതമാനം) പറയുന്നത് മാനേജർമാരുടെ പിന്തുണയും പ്രോത്സാഹനവും അവരുടെ ജോലി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ്.
5ൽ 2 ജീവനക്കാരും (40 ശതമാനം) വിശ്വസിക്കുന്നത് തങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നത് മാനേജർമാരുടെ പിന്തുണ കൊണ്ടാണെന്നാണ്. തങ്ങൾ പ്രതീക്ഷിക്കുന്നതിന് മുകളിൽ പ്രവർത്തിക്കുവാൻ മാനേജർമാരുടെ പിന്തുണ സഹായകമാവുന്നുണ്ടെന്നാണ് ഭൂരിപക്ഷം ജീവനക്കാരും പറയുന്നത്. വെല്ലുവിളികളും പുതിയ ഉത്തരവാദിത്വങ്ങളും തങ്ങളെ ജോലിയിൽ കൂടുതൽ മെച്ചപ്പെട്ടവരാക്കുന്നുവെന്ന് ഇന്ത്യയിലെ 89 ശതമാനം ജീവനക്കാരും വിശ്വസിക്കുന്നു. അതേസമയം ഇന്ത്യയിലെ 78 ശതമാനം ജീവനക്കാരും ജോലിയിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം അനുഭവിക്കുന്നവരാണ്.
advertisement
ശാരീരികവും മാനസികവുമായി അവരെ തളർത്താൻ ഈ സമ്മർദ്ദം കാരണമാവുന്നുണ്ട്. ജോലിഭാരം കുറയ്ക്കുകയാണെങ്കിൽ തങ്ങളുടെ ശമ്പളം കുറയ്ക്കുന്നതിൽ കുഴപ്പമില്ലെന്ന് കരുതുന്നവരാണ് 64 ശതമാനം പേർ. ജോലിയും ജീവിതവും ഒരുപോലെ പ്രാധാന്യത്തോടെ കൊണ്ടുപോകാനാണ് അവർ ആഗ്രഹിക്കുന്നത്. സാമ്പത്തിക നേട്ടത്തേക്കാൾ സമാധാനപരമായ ജോലി അന്തരീക്ഷമാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്ന് യുകെജി വർക്ക്ഫോഴ്സ് പറയുന്നു. ജോലിയോടുള്ള ആത്മാർഥത പുതിയ കാലത്ത് വർധിച്ച് വരികയാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. 76 ശതമാനം പേരും തങ്ങൾ ചെയ്യുന്നത് വെറും ‘ജോലി’ മാത്രമല്ലെന്ന് വിശ്വസിക്കുന്നു.
advertisement
72 ശതമാനം പേരും തങ്ങളുടെ സ്ഥാപനത്തിൽ മാറ്റമുണ്ടാക്കാൻ അവരുടെ പ്രവർത്തനം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. തങ്ങൾ ചെയ്യുന്ന ജോലി സ്ഥാപനത്തിൽ എന്ത് തരത്തിലുള്ള മാറ്റമുണ്ടാക്കുന്നുവെന്ന് മാനേജർമാരിൽ നിന്നും വ്യക്തമായി മനസ്സിലാക്കുന്നവരാണ് 91 ശതമാനം ജീവനക്കാരും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും അങ്ങനെ പുരോഗതി പ്രാപിക്കുന്നതിനും കമ്പനികൾ സഹായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ 80 ശതമാനം ജീവനക്കാരുമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്ന ജീവനക്കാരെ തങ്ങളുടെ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് 75 ശതമാനം ജീവനക്കാരും വിശ്വസിക്കുന്നു.
advertisement
ഇന്ത്യയിൽ വിശ്വാസ്യതയാണ് ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലെ സുപ്രധാനഘടകം. 94 ശതമാനം മാനേജർമാരും തങ്ങളുടെ ജീവനക്കാരെ വിശ്വസിക്കുന്നു. അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം ലഭിക്കുന്നതിനുള്ള കാരണവും ഇത് തന്നെയാണ്. മാനേജർമാർ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസ്യത ജീവനക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജോലിസ്ഥലത്ത് തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ മാനേജർമാർ സഹായിക്കാറുണ്ടെന്ന് 86 ശതമാനം ജീവനക്കാരും അഭിപ്രായപ്പെടുന്നു. ജോലി നന്നായി ചെയ്യുന്നതിന് ലഭിക്കുന്ന പ്രശംസ ജീവനക്കാരെ കൂടുതൽ മികച്ച പ്രകടനം നടത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 92 ശതമാനം ജീവനക്കാരും കമ്പനിയിൽ നിന്ന് കിട്ടുന്ന അഭിനന്ദനം ഊർജമായി കരുതുന്നവരാണെന്നും പഠനം പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 30, 2024 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ജോലിഭാരം കുറച്ചാൽ ശമ്പളം കുറയ്ക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യയിലെ 64% ജോലിക്കാർ; റിപ്പോർട്ട് പുറത്ത്