ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയും സിംഗപ്പൂരിലെ പേയ്മന്റ് ഗേറ്റ്‍വേ ആയ പേ നൗവും തമ്മിൽ ബന്ധിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്ങിന്റെയും സാന്നിധ്യത്തിൽ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ മാനേജിങ് ഡയറക്ടര്‍ രവി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സേവനം അവതരിപ്പിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങുകൾ നടന്നത്. യുപിഐ-പേ നൗ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും ഇരുരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് പരസ്പരം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും.
ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച സംവിധാനമായിരുന്നു യുപിഐ. പിന്നാലെ മറ്റ് രാജ്യങ്ങളും ഈ രീതി സ്വീകരിച്ചെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ന്യൂസ് 18നോട് പറഞ്ഞു. ഇത്തരത്തിൽ യുപിഐയുമായി തങ്ങളുടെ രാജ്യത്തെ പേയ്മന്റ് സേവനങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള മറ്റ് രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
ഭൂട്ടാൻ
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (NIPL) ഭൂട്ടാനിലെ റോയൽ മോണിറ്ററി അതോറിറ്റിയും (RMA) ചേർന്ന് ഭൂട്ടാനിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ അവതരിപ്പിച്ചിരുന്നു.
നേപ്പാൾ
യുപിഐ വഴിയുള്ള പേയ്മെന്റ് അംഗീകരിച്ച് ആദ്യത്തെ വിദേശ രാജ്യം നേപ്പാൾ ആണ്. നേപ്പാളിലെ മാനം ഇൻഫോടെക്കും ഗേറ്റ്‌വേ പേയ്‌മെന്റ് സർവീസും തമ്മിലുള്ള സഹകരണത്തോടെയാണ്, വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും (P2P), വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും (P2M), ഉള്ള പേയ്മന്റും ക്രോസ് ബോർഡർ പേയ്മന്റും പ്രവർത്തനക്ഷമമായത്.
മലേഷ്യ
എൻപിസിഐ ഇന്റർനാഷണലും മെർച്ചന്റ്സ്ട്രേഡ് ഏഷ്യയും (Merchantrade Asia) തമ്മിൽ സഹകരിച്ചാണ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകളെ ബന്ധിപ്പിച്ചത്. ഇതിലൂടെ യുപിഐ വഴി ഇന്ത്യയിലെ ബാങ്കുകളിലേക്ക് പണമയയ്ക്കുന്നതിനും കഴിയും.
ഒമാൻ
സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സിബിഒ) എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും തമ്മിൽ ഒപ്പിട്ട ധാരണാപത്രം പ്രകാരമാണ് ഇന്ത്യൻ റുപേ കാർഡുകളും ഒമാനിലെ യുപിഐ പ്ലാറ്റ്‌ഫോമും തമ്മിൽ ബന്ധിപ്പിച്ചത്. ഇതു വഴി ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും തടസങ്ങളില്ലാത്ത ഡിജിറ്റൽ പേയ്മെന്റ് നടത്താൻ കഴിയും.
യു.എ.ഇ
യുപിഐ പേയ്‌മെന്റുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടെ യുഎഇയിലെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്, മഷ്‌റക് ബാങ്ക്, നെറ്റ്‌വർക്ക് ഇന്റർനാഷണൽ എന്നിവയുമായും എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
മറ്റ് ഏഷ്യൻ രാജ്യങ്ങൾ
പത്തോളം ഏഷ്യൻ രാജ്യങ്ങളിൽ യുപിഐ ക്യുആർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ബന്ധിപ്പിക്കുന്നതിന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് മുൻനിര ക്രോസ്-ബോർഡർ ഡിജിറ്റൽ പേയ്‌മെന്റ് ദാതാക്കളായ ലിക്വിഡ് ഗ്രൂപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, വിയറ്റ്നാം, കംബോഡിയ, ഹോങ്കോംഗ്, തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ യുപിഐ പ്രവർത്തനക്ഷമമാക്കാനാകും.
ഫ്രാൻസ്
ഫ്രാൻസ് ആസ്ഥാനമായുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ലൈറ നെറ്റ്‌വർക്ക്, എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡുമായി ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും യുപിഐ വഴി പണം അയക്കാൻ സഹായിക്കുന്നു.
യുകെ
ക്രോസ്-ബോർഡർ പേയ്മെന്റ് മാർഗങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ടെറാപേയും (TerraPay) പേ എക്സ്പേർട്ടും (PayXpert) എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡുമായി ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്. അതുവഴി ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും യുപിഐ ഐഡി ഉപയോഗിച്ച് ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ തടസമില്ലാതെ നടത്താനും സ്വീകരിക്കാനുമാകും.
മറ്റ് യൂറോപ്യൻ രാജ്യങ്ങൾ
നെതർലാൻഡ്‌സ്, ബെൽജിയം, ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനങ്ങൾ വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ, യൂറോപ്യൻ പേയ്‌മെന്റ് സേവന ഫെസിലിറ്റേറ്റർ വേൾഡ്‌ലൈനുമായി എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.