ചെന്നൈ: തമിഴ്നാട്ടിൽപുതിയ ‘ഇലക്ട്രിക് വാഹന നയം-2023’ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും വൈദ്യുത വാഹന നിര്‍മ്മാതാക്കളുടെ പ്രിയ കേന്ദ്രമായി തമിഴ്‌നാടിനെ മാറ്റുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ നയം പ്രഖ്യാപിച്ചതിലൂടെ 50,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം ഒന്നര ലക്ഷം പുതിയ തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പുതിയ നയം പ്രകാശനം ചെയ്തത്. അഞ്ചുവര്‍ഷം കാലാവധിയുള്ള നയരേഖയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന ജിഎസ്ടി, വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള സബ്സിഡി, മൂലധന സബ്സിഡി, സ്പെഷ്യൽ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ക്യാപിറ്റൽ സബ്സിഡി എന്നിവയില്‍ സംസ്ഥാനം റീഇംബേഴ്സ്മെന്റ് നല്‍കുമെന്ന് നയരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. മധുര, തിരുച്ചിറപ്പള്ളി, സേലം, തിരുനെല്‍വേലി നഗരങ്ങളെ ഇ.വി. സിറ്റികളാക്കുമെന്നും നയരേഖയിൽ പറയുന്നു.
ഹ്യൂണ്ടായ്, നിസ്സാന്‍, ടിവിഎസ്, മഹീന്ദ്ര, തുടങ്ങിയ വന്‍കിട വാഹന നിര്‍മാതാക്കളുടെ സാന്നിധ്യത്തോടെ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് ഹബ്ബായ തമിഴ്നാട്ടിൽ മികച്ച വളര്‍ച്ച പ്രകടമാണ്. ഇത് തന്നെയാണ് സംസ്ഥാനത്തെ പുതിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏഥര്‍ ഇലക്ട്രിക്, ഒല ഇലക്ട്രിക്, ആംപിയര്‍ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾ തമിഴ്നാട്ടിൽ ആരംഭിക്കാൻ കാരണം.
കോവിഡ്-19 മഹാമാരിയുടെ കാലത്ത്, ഇവി ശൃംഖലയില്‍ ഏകദേശം 24,000 കോടി രൂപയുടെ നിക്ഷേപത്തിന് സംസ്ഥാനം ധാരണാപത്രം ഒപ്പുവച്ചുവെന്നും പുതിയ നയ രേഖയിൽ വ്യക്തമാക്കുന്നു. കാര്‍ബണ്‍ രഹിത ഭാവി ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് ഗ്രീന്‍ ക്ലൈമറ്റ് കമ്പനി, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) എന്നീ സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചു. പൊതു/സ്വകാര്യ പിന്തുണയോടെ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ നയത്തില്‍ പറയുന്നുണ്ട്.
Also read- രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹന സംസ്ഥാനമാകാൻ ഹിമാചൽ പ്രദേശ് പദ്ധതിയിടുന്നു
അതേസമയം, 2030- ഓടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ക്ഷമത 500 ജിഗാ വാട്ട്‌സ് ആയി ഉയര്‍ത്തുകയും, കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ് 1 ബില്ല്യണ്‍ ടണ്‍ ആയി കുറക്കുകയും ഊര്‍ജ്ജ ആവശ്യങ്ങളുടെ പകുതിയും പുനരുപയോഗിക്കാവുന്നവയില്‍ നിന്ന് ഉത്പാദിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്ന ‘പഞ്ചാമൃത്’ എന്ന അഞ്ചിന പദ്ധതി 2021-ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോപ്26 ഉച്ചകോടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2070-ഓടെ ഇന്ത്യ നെറ്റ് സീറോ എമിഷനിൽ എത്തിച്ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരവധി പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചതും ശ്രദ്ധേയമായ ചുവടുവെയ്പ്പാണ്. അടുത്തിടെ ഡീസലിലും പെട്രോളിലും ഓടുന്ന ഔദ്യോഗിക വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് ഹിമാചല്‍പ്രദേശ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമെന്ന പേര് ഹിമാചല്‍ പ്രദേശിന് സ്വന്തമാകും. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴില്‍ ഏകദേശം 300 ഇ-ബസ്സുകള്‍ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.