ആഗോള വ്യവസായ ഭീമൻ ഇലോൺ മസ‍്‍കിൻെറ (Elon Musk) ഇലക്ട്രിക് കാർ (Electric Car) മേക്കിങ് കമ്പനിയായ ടെസ‍്‍ല (Tesla) കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വർക്ക് ഫ്രം ഹോം നിർത്തി ജീവനക്കാർ തിരിച്ചെത്തണമെന്ന് കമ്പനി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒന്നുകിൽ ഓഫീസിൽ തിരികെയെത്തുക, അല്ലാത്തവർക്ക് ജോലി ഉപേക്ഷിച്ച് പോവാമെന്നായിരുന്നു മസ്കിന്റെ നിലപാട്. നിലവിലെ സാമ്പത്തികസ്ഥിതിയിൽ വലിയ ആശങ്കയുണ്ടെന്ന് മസ്ക് പറഞ്ഞതായി കമ്പനിക്കുള്ളിലെ എക്സിക്യൂട്ടീവുമാർക്ക് അയച്ച ഒരു ഇ-മെയിലിനെ മുൻനിർത്തി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 'അന്താരാഷ്ട തലത്തിൽ ജീവനക്കാരെ എടുക്കുന്നത് നിർത്തിവെക്കുക' എന്ന നിർദ്ദേശവുമായാണ് മസ്ക് മെയിൽ അയച്ചിരിക്കുന്നത്.
വീട്ടിൽ നിന്ന് പണിയെടുക്കുന്നത് നിർത്തി ഓഫീസിൽ ഹാജരാവാനാണ് ആദ്യം മസ്ക് ആവശ്യപ്പെട്ടത്. ടെസ‍്‍ലയിൽ ഇനി മുതൽ ആരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ അയച്ച ഇ-മെയിൽ ഇപ്പോൾ ട്വിറ്ററിലും സോഷ്യൽ മീഡിയയിലുമൊക്കെ വൈറലായിരിക്കുകയാണ്. യുഎസിൽ കോവിഡ് കേസുകൾ കുറയുകയും ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് മസ്ക് കമ്പനിയിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകിയത്.
''റിമോട്ട് സ്ഥലങ്ങളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിലും അവർ ഓഫീസിൽ ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിങ്ങൾ അതിന് തയ്യാറാവുന്നില്ലെങ്കിൽ നിങ്ങൾ ജോലി രാജിവെച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കും'', ഇ-മെയിലിൽ മസ്ക് പറഞ്ഞു. ന്യായമായ കാരണങ്ങളാൽ ഓഫീസിൽ വരാൻ ബുദ്ധിമുട്ടുള്ളവരുടെ കാര്യത്തിൽ താൻ നേരിട്ട് വിശകലനം നടത്തി അനുമതി നൽകുമെന്നും മസ്ക് അറിയിച്ചു.
Also Read-PM Kisan | കിസാൻ സമ്മാൻ നിധി 11-ാം ഗഡു; സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം? ആനുകൂല്യം ലഭിക്കാത്തവർ ചെയ്യേണ്ടതെന്ത്?ഓഫീസ് എന്ന് പറഞ്ഞാൽ ടെസ‍്‍ലയുടെ പ്രധാന ഓഫീസ് തന്നെയായിരിക്കണം. അല്ലാതെ ഏതെങ്കിലും റിമോട്ട് ബ്രാഞ്ച് ഓഫീസിലിരുന്ന് ജോലി ചെയ്യാമെന്ന് ആരും കരുതേണ്ട. അവരവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഓഫീസിൽ തന്നെ ജോലിക്കെത്തണമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ടെസ‍്‍ലയുടെ പ്ലാൻറ് സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ ബർലിനിലുള്ള ഐജി മെറ്റൽ യൂണിയൻ ഇലോൺ മസ്കിൻെറ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മസ്കിൻെറ നിർദ്ദേശത്തിനോട് വിയോജിപ്പുള്ള ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി.
''മസ്കിൻെറ ഏകപക്ഷീയമായ നിലപാടുകളോട് എതിർപ്പുള്ളവർക്കും, അതിനെതിരെ നിൽക്കാൻ തീരുമാനിച്ചിട്ടുള്ളവർക്കും നിരുപാധികമായി പിന്തുണ നൽകും. നിയമപോരാട്ടത്തിനും ഒപ്പം നിൽക്കും'', യൂണിയൻെറ ജില്ലാ നേതാവായ ബിർജിറ്റ് ഡീറ്റ്സെ പറഞ്ഞു. ജർമനിയിൽ കമ്പനിക്ക് ആകെ 4000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. ജീവനക്കാരുടെ എണ്ണം 12000 ആയി ഉയർത്താനുള്ള ശ്രമത്തിലാണ് ടെസ‍്‍ല.
ട്വിറ്റർ ഏറെറടുക്കാൻ മസ്ക് ഈയടുത്ത് ശ്രമം നടത്തിയിരുന്നു. എന്നാൽ പലകാരണങ്ങളാൽ അത് മുടങ്ങിയിരിക്കുകയാണ്. ആ ഡീലുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്ക് 44 ബില്യൺ ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.