അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: ആലുവ വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചു മുഖ്യമന്ത്രി

Last Updated:

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃകയിൽ കൃഷിത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി.

ആലുവ: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരള പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ പാരിസ്ഥിതിക ചെലവ് വിവരങ്ങള്‍ അടങ്ങിയ രേഖ ബജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷിത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സംസ്ഥാന വിത്ത് ഉല്‍പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ മറ്റു സാമൂഹിക ഉത്തരവാദിത്തങ്ങളെ പോലെ പ്രതിബദ്ധതയോടെ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ പരിസ്ഥിതി സന്തുലിത നവകേരളം സൃഷ്ടിക്കാന്‍ സാധിക്കൂ. കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്”. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഭക്ഷ്യ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള പദ്ധതികൾ അനിവാര്യമാണെന്നും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കാര്‍ബണിന്റെ ബഹിര്‍ഗമനം തടയുന്നതിനുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു. 30%  ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഇത് തടയാനും കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനും കാര്‍ബണ്‍ സന്തുലിത കൃഷി രീതിയിലൂടെ സാധിക്കും.
advertisement
സംസ്ഥാനത്തെ 13 ഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക കൃഷി തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കും. ആദിവാസി മേഖലകളിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തും. വനിത കൂട്ടായ്മകളിലൂടെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതികള്‍ നടപ്പിലാക്കും. അതിരപ്പള്ളി മേഖലയില്‍ ‘കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളി’ എന്ന പദ്ധതിക്കായി മൂന്ന് കോടി രൂപ അനുവദിച്ചു. ഇവിടെ കാര്‍ബണ്‍ അസസ്‌മെന്റും കാര്‍ബണ്‍ ഫൂട്ട് പ്രിന്റിങ്ങും നടത്തും. വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷി മേഖലയില്‍ മാത്രം ഒതുങ്ങാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണം. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് 2018ല്‍ സര്‍ക്കാര്‍ ഇ-വാഹന നയം രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി ഇ-ഓട്ടോകള്‍ വിലയുടെ 25 ശതമാനം തുക സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നു. കേരള ഓട്ടോമൊബൈല്‍സില്‍ ഇ-ഓട്ടോകള്‍ കൂടുതലായി നിർമിക്കാനും കയറ്റി അയക്കുന്നതിനും നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖലകള്‍ സ്ഥാപിക്കും.. പരിസ്ഥിതി സംരക്ഷണത്തിനായി ട്രീ ബാങ്കിംഗ് പദ്ധതിയും പരിഗണനയിലുണ്ട്.. അമ്പതില്‍ കുറയാതെ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് രണ്ടുവര്‍ഷം പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. 2050 ഓടെ സംസ്ഥാനം നെറ്റ് സീറോ കാര്‍ബണ്‍ എമിഷനില്‍ എത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം.
advertisement
രാജ്യത്തെ തന്നെ ആദ്യത്തെ സൗരോർജ ബോട്ടായ ആദിത്യ നീറ്റിലിറക്കിയത് കേരളത്തിലാണ്. ആദിത്യ അരലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചത് വഴി 500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിച്ചു. 2026നകം 50 ശതമാനം ബോട്ടുകളും സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. വീടുകളില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന വായ്പ പലിശയില്‍ ഇളവു നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഈ പദ്ധതിക്കായി 15 കോടി രൂപ അനുവദിച്ചു.
advertisement
ഊര്‍ജ്ജസ്രോതസ്സുകള്‍ പുനരുപയോഗത്തിന് സാധ്യമാക്കാന്‍ നവീന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നു. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജസ്രോതസുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രഖ്യാപന സമ്മേളനം പ്ലാവിന്‍തൈയില്‍ വെള്ളം നനച്ചു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഫാം സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും കേരള സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഇഷിത റോയ് കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിന്റെ നാള്‍വഴികള്‍ അവതരിപ്പിച്ചു. എം.പിമാരായ ബെന്നി ബെഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Money/
അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: ആലുവ വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചു മുഖ്യമന്ത്രി
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement