തിരുവനന്തപുരം: ആദായ നികുതി വകുപ്പ് മലയാള സിനിമാ മേഖലയിലെ മുൻനിര താരങ്ങൾ നിർമ്മാതാക്കൾ എന്നിവരിൽ നിന്നും വീണ്ടും മൊഴിയെടുക്കുന്നു. ചില താരങ്ങളും ചില നിർമാതാക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ, സിനിമയ്ക്ക് പുറമെ ഉള്ള വരുമാനം, വിദേശത്തെ നിക്ഷേപം, മുമ്പ് സമർപ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകൾ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. നടൻ മോഹൻലാലിന്‍റെ മൊഴി ആദായനികുതി വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
താരത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ നിർമാതാവുമായ ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇതെന്നാണ് സൂചന. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന് ചില നിർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനിർത്തിയാണ് പ്രധാനമായും അന്വേഷണം.
Also read- നടന്‍ മോഹന്‍ലാലിൻ്റെ വീട്ടിലെത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു
നൂറു മുതൽ ഇരുനൂറു വരെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകൾ ആദായ നികുതി വകുപ്പിന് സംശയം ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 15 മുതലാണ് മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അന്നത്തെ പരിശോധനയിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് തിരിച്ചറിഞ്ഞതായും 70 കോടിയിലേറെ നികുതി വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.
പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. ചില താരങ്ങളും നിർമാതാക്കളും യു എ ഇ , ഖത്തർ കേന്ദീകരിച്ച് വൻ നിക്ഷേപം നടത്തിയതായി കണ്ടെത്തി.മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്,ലിസ്റ്റിൻ സ്റ്റീഫൻ, തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു ഡിസംബറിലെ പരിശോധന.
ചില താരങ്ങളുടെ ബിനാമികളാണ് ചില നിർമാതാക്കൾ എന്നും ആരോപണം ഉണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് സൂചന. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. ചില തമിഴ് സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.