മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റാൻഡേഡ് ചാർട്ടേഡിനും യുപി കോ-ഓപ്പറേറ്റീവ് ബാങ്കിനുമുള്‍പ്പെടെ ആര്‍ബിഐ പിഴ
- Published by:Arun krishna
- news18-malayalam
Last Updated:
2006ല്‍ പാസാക്കിയ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആക്ടിന്റെ ലംഘനവും പിഴ ചുമത്താന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകള്‍ക്കും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കമ്പനികള്‍ക്കുമെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ടാണ് ബാങ്കുകള്‍ക്ക് മേല്‍ പിഴ ചുമത്തിയത്. കൂടാതെ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ആക്ട് 2005 ലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ വീഴ്ച വരുത്തിയതായി ആര്‍ബിഐ കണ്ടെത്തി. 2006ല്‍ പാസാക്കിയ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആക്ടിന്റെ ലംഘനവും പിഴ ചുമത്താന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും പിഴ ചുമത്തിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 30 ലക്ഷം രൂപ പിഴയാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ 47A(1) (c) , 46(4)(i) എന്നീ സെക്ഷന്‍ അനുസരിച്ചാണ് ആര്‍ബിഐ നടപടി.
advertisement
ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് ആക്ട് 2005 പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ പേരില്‍ 4 ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുംബൈയിലെ ട്രാന്‍സ് യൂണിയന്‍ സിബിൽ ലിമിറ്റഡ്, ഇക്വിഫാക്‌സ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ്, എക്‌സ്പീരിയന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ഓഫ് ഇന്ത്യ, മുംബൈ, സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് മുംബൈ എന്നിവയ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള വിശദീകരണം കൂടി ലഭിച്ചതിന് ശേഷം പിഴ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
advertisement
സഹകരണ ബാങ്കുകള്‍ക്കെതിരെയും ആര്‍ബിഐ നടപടി
രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയും ആര്‍ബിഐ പിഴ ചുമത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സഹകരണ ബാങ്ക് ലിമിറ്റഡ്, ലഖ്നൗ, ഉജ്ജയിന്‍ നാഗരിക് സഹകാരി ബാങ്ക് മര്യാദിറ്റ്, ഉജ്ജയിന്‍, പാനിഹട്ടി സഹകരണ ബാങ്ക്, ഒഡീഷയിലെ ബെര്‍ഹാംപൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്, സോലാപൂര്‍ സിദ്ധേശ്വര്‍ സഹകാരി ബാങ്ക് എന്നിവയ്‌ക്കെതിരെയാണ് ആര്‍ബിഐ നടപടി. കൂടാതെ പശ്ചിമ ബംഗാളിലെ ഉത്തര്‍പാറ സഹകരണ ബാങ്ക്, അഹമ്മദാബാദിലെ ടെക്സ്റ്റൈല്‍ ട്രേഡേഴ്സ് കോപ്പറേറ്റീവ് ബാങ്ക് എന്നിവയ്‌ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
advertisement
ലക്‌നൗവിലുള്ള ഉത്തര്‍പ്രദേശ് സഹകരണ ബാങ്ക് ലിമിറ്റഡിന് 28 ലക്ഷം രൂപ പിഴയാണ് ആര്‍ബിഐ ചുമത്തിയത്. അഹമ്മദാബാദിലെ ടെക്സ്റ്റൈല്‍ ട്രേഡേഴ്സ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 4.50 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ഉത്തര്‍പാറ കോപ്പറേറ്റീവ് ബാങ്കിന് മേല്‍ 2.5 ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തി. സമാനമായി മഹാരാഷ്ട്രയിലെ സോലാപൂര്‍ സിദ്ദേശ്വര്‍ സഹകാരി ബാങ്ക് ലിമിറ്റഡിന് മേല്‍ 1.50 ലക്ഷം രൂപ, ഒഡിഷയിലെ ബെര്‍ഹാംപൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് 1 ലക്ഷം എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
advertisement
പാനിഹാട്ടി സഹകരണ ബാങ്ക് ലിമിറ്റഡിന് മേല്‍ 2.5 ലക്ഷം രൂപയും മധ്യപ്രദേശിലെ ഉജ്ജൈനിയിലെ ഉജ്ജൈന്‍ നാഗരിക് സഹകാരി ബാങ്ക് മര്യാദിറ്റിന് മേല്‍ ഒരു ലക്ഷം രൂപയും ആര്‍ബിഐ പിഴ ചുമത്തി. ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പിഴവാണ് ഈ നടപടിയ്ക്ക് കാരണമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 27, 2023 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റാൻഡേഡ് ചാർട്ടേഡിനും യുപി കോ-ഓപ്പറേറ്റീവ് ബാങ്കിനുമുള്‍പ്പെടെ ആര്‍ബിഐ പിഴ


