മലപ്പുറം: നിലമ്പൂർ നെടുങ്കയം ഡിപ്പോയിലെ തേക്ക് തടി ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് വിലക്ക്. ഒറ്റത്തടിക്ക് നികുതി ഉൾപ്പെടെ ലഭിച്ചത് 22 ലക്ഷം രൂപ ആണ്.
കഴിഞ്ഞ ദിവസം വനം വകുപ്പിൻ്റെ കരുളായി നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ നടന്ന ഇ-ലേലത്തിലാണ് തേക്ക് തടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് പോയത്.
തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്സ് ഉടമ ഡോ. അജീഷാണ് ഈ തടി സ്വന്തമാക്കിയത്. 1909 ൽ ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ചതും നെടുങ്കയം ഡിപ്പോ പരിസരത്ത് നിന്നിരുന്നതുമായ തേക്ക് തടിയാണിത്. 3. 214 ഘനമീറ്ററുള്ള ഈ തേക്ക് തടിക്ക് 274 സെൻ്റമീറ്റർ മധ്യവണ്ണവും 6.8 മീറ്റർ നീളവും ഉണ്ട് . ബി, കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് തടിക്ക്, ഘനമീറ്ററിന് 5 ലക്ഷത്തി 55000 രൂപ പ്രകാരമാണ് വില ലഭിച്ചത്. 27 ശതമാനം നികുതി കൂടി ഉൾപ്പെടുത്തിയാണ് 22 ലക്ഷം രൂപ.
നിലമ്പൂരിൻ്റെ തേക്ക് ലേലത്തിൽ ചരിത്ര വിലയാണിത്. പാലക്കാട് ടിമ്പർ സെയിൽ ഡി എഫ് ഒ വിമലാണ് ലേലത്തിന് നേതൃത്വം നൽകിയത്, ഈ തടി സ്വന്തമാക്കാൻ നിലമ്പൂരിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെ നിരവധിപേർ ലേലത്തിൽ പങ്കെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.