ആപ്പിൾ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് റീട്ടെയിൽ സ്റ്റോർ ചൊവ്വാഴ്ച മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. കമ്പനിയുടെ രണ്ടാമത്തെ സ്റ്റോർ വ്യാഴാഴ്ച ഡൽഹിയിൽ പ്രവർത്തനമാരംഭിക്കും.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിലൂന്നീ ആപ്പിൾ കമ്പനി കഴിഞ്ഞ 24 മാസത്തിനിടെ രാജ്യത്ത് ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് ഉത്പാദനരംഗത്ത് സൃഷ്ടിച്ചത്. ഈ തൊഴിലാളികളിൽ 70 ശതമാനവും 19 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്. അവർ അവരുടെ കരിയർ ആരംഭിക്കുകയും കഴിവുകൾ ആർജിക്കുകയും ചെയ്യുന്ന സമയമാണിത്. ഓരോരുത്തരുടെയും കുടുംബങ്ങൾക്കായുള്ള ജീവിതോപാധിയും അവർ കണ്ടെത്തുന്നു”, മന്ത്രി ട്വീറ്റ് ചെയ്തു.
ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഐഫോൺ നിർമാണം വർദ്ധിപ്പിച്ചിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 5 ബില്യൺ ഡോളറായി ഉയർന്നിരുന്നു. ആപ്പിളിന്റെ പിന്തുണയോടെ, ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയും ഈ സാമ്പത്തിക വർഷത്തിൽ 10 ബില്യൺ ഡോളർ കടന്നു. ആപ്പിൾ 2017 മുതലാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കാൻ തുടങ്ങിയത്. മൊത്തം ഐഫോൺ ഉത്പാദനത്തിന്റെ ഏകദേശം ഏഴ് ശതമാനം ഇന്ത്യയിലാണ് ഇപ്പോൾ നിർമിക്കുന്നത്. 2021 ൽ വെറും ഒരു ശതമാനം ഐഫോണുകൾ മാത്രമാണ് ഇന്ത്യയിൽ നിർമിച്ചിരുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി 2022 ഏപ്രിൽ മുതലുള്ള അഞ്ച് മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന് മുകളിലെത്തിയിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക്സ് നിർമാണത്തിലെ പ്രധാന ശക്തിയായി മാറുന്നതിൻ്റെ സൂചനയാണിതെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഐഫോൺ ഉത്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്കുള്ള അംഗീകാരം കൂടിയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് വ്യക്തമാകുന്നത്. ആപ്പിൾ ചൈനയിൽ ദീർഘകാലമായി ഐഫോണുകൾ നിർമിക്കുന്നുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തതോടെ ആപ്പിൾ കമ്പനി ബദലുകൾ തേടിത്തുടങ്ങിയിരുന്നു.
ആപ്പിളിന്റെ പ്രധാന തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്‌ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവ നിലവിൽ ദക്ഷിണേന്ത്യയിലെ പ്ലാന്റുകളിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് നിർമാതാക്കൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇന്ത്യ തയ്യാറാക്കുന്നുണ്ട്. മാക്ബുക്കുകളും ഐപാഡുകളും പ്രാദേശികമായി നിർമ്മിക്കുന്നത് മറ്റ് ബ്രാൻഡുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാടിനു പിന്നാലെ കർണാടകയിലും ആപ്പിൾ ഐഫോൺ ഫാക്ടറി വരുന്നതായും കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.