ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ടിക് ടോക് വഴി വിവരം ചോർത്തി; മുൻ ജീവനക്കാരൻ
- Published by:Sarika KP
- news18-malayalam
Last Updated:
ടിക് ടോക് ശേഖരിച്ചിരുന്ന സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ചൈന 2018ൽ ആക്ടിവിസ്റ്റുകളെ നിരന്തരമായി നിരീക്ഷിച്ചിരുന്നതായാണ് യിൻ്റാവോയുടെ വെളിപ്പെടുത്തൽ.
2018ൽ ഹോങ്കോങ്ങിലെ ആക്ടിവിസ്റ്റുകളെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ടിക് ടോക് വഴി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഹോങ്കോങ്ങിലെ ആക്ടിവിസ്റ്റുകളെ ടിക് ടോകിൻ്റെ മാതൃ സ്ഥാപനമായ ബൈറ്റ് ഡാൻസിൻ്റെ മുൻ എക്‌സിക്യൂട്ടീവായ യിൻ്റാവോ യുവാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. ടിക് ടോക് ശേഖരിച്ചിരുന്ന സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ചൈന 2018ൽ ആക്ടിവിസ്റ്റുകളെ നിരന്തരമായി നിരീക്ഷിച്ചിരുന്നതായാണ് യിൻ്റാവോയുടെ വെളിപ്പെടുത്തൽ.
നിയമവിരുദ്ധമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന കോടതി വിചാരണയ്ക്കിടെയാണ് യിൻ്റാവോ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബൈറ്റ് ഡാൻസിൻ്റെ അമേരിക്കയിലെ എഞ്ചിനീയറിംഗ് ടീമിനെ നയിച്ചു വരികയായിരുന്നു യിൻ്റാവോ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി 2018ൽ ഹോങ്കോങ്ങിലെ ഉപഭോക്താക്കളുടെ ഐപി അഡ്രസുകൾ, സിം കാർഡ് ഐഡികൾ, പങ്കുവച്ച സന്ദേശങ്ങളുടെ ഡേറ്റ എന്നിവ ശേഖരിച്ചിരുന്നതായി കോടതി നടപടികൾ ഉദ്ധരിച്ചു കൊണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു.
advertisement
‘പ്രതിഷേധക്കാർ, അവരെ പിന്തുണയ്ക്കുന്നവർ, പൗരാവകാശ പ്രവർത്തകർ എന്നിവരുടെയെല്ലാം ഡിവൈസുകൾ ട്രാക്ക് ചെയ്തിരുന്നു. അവരുടെയെല്ലാം നെറ്റ്‌വർക്ക് വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ, ഐപി അഡ്രസുകൾ എന്നിവ ചോർത്തിയിരുന്നു.’ യിൻ്റാവോ യു വിചാരണയ്ക്കിടെ പറഞ്ഞു.
‘ഈ വിവരങ്ങളുപയോഗിച്ച് ഉപഭോക്താക്കളെ വ്യക്തിപരമായി തിരിച്ചറിയുകയും, അവരുടെ ലൊക്കേഷനുകൾ നിർണയിക്കുകയും ചെയ്യുമായിരുന്നു. എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യ സന്ദേശങ്ങൾ, സേർച്ച് ഹിസ്റ്ററികൾ, അവർ കാണുന്ന കണ്ടൻ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ, എത്ര നേരം കാണുന്നു എന്നതടക്കം ടിക് ടോക് രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. പ്രതിഷേധക്കാർ, പൗരാവകാശ പ്രവർത്തകർ, അവരെ പിന്തുണയ്ക്കുന്നവർ എന്നിവരുടെ സ്വകാര്യ ഡാറ്റ, ലൊക്കേഷനുകൾ, മറ്റ് ആശയവിനിമയ വിവരങ്ങൾ എന്നിവ കമ്മറ്റി പരിശോധിച്ചിട്ടുണ്ടെന്ന് എനിക്ക് ലോഗുകളിൽ നിന്നും മനസ്സിലായി’ യിൻ്റാവോ പറഞ്ഞു.
advertisement
‘ഗോഡ് ക്രെഡെൻഷ്യൽ’ എന്ന പേരിൽ ഒരു പ്രത്യേക അധികാര ലോഗിൻ സംവിധാനം ബൈറ്റ് ഡാൻസിൻ്റെ ഏറ്റവും ഉയർന്ന നേതൃനിരയ്ക്കുണ്ടെന്ന് യിൻ്റാവോ വിശദീകരിക്കുന്നു. അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും നിയമസംവിധാനങ്ങൾക്ക് എതിരാണിത്.
കാലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള ബൈറ്റ് ഡാൻസിൻ്റെ ഓഫീസിലാണ് യിൻ്റാവോ ജോലി നോക്കിയിരുന്നത്. സ്ഥാപനത്തിൻ്റെ ലോസ് എയ്ഞ്ചലസ്, ബെയ്ജിംഗ് ഓഫീസുകളിലും യിൻ്റാവോ സമയം ചെലവഴിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ചില ഉന്നത വ്യക്തിത്വങ്ങൾ ഈ പിൻവാതിൽ ലോഗിൻ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ പരിശോധിച്ചിരുന്നതായി യിൻ്റാവോ കൂട്ടിച്ചേർക്കുന്നു.
advertisement
എന്നാൽ, യിൻ്റാവോയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് ബൈറ്റ് ഡാൻസിൻ്റെ പ്രതികരണം. ‘ഈ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള അടിസ്ഥാന രഹിതമായ വാദങ്ങളെ ഞങ്ങൾ പരിപൂർണമായി എതിർക്കുന്നു. അദ്ദേഹത്തിൻ്റെ പ്രവൃത്തികളെല്ലാം മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. യിൻ്റാവോ യു ഒരു വർഷത്തിൽത്താഴെ മാത്രമേ ബൈറ്റ് ഡാൻസിൽ ജോലി നോക്കിയിട്ടുള്ളൂ. ഞങ്ങൾക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ ജോലി 2018 ജൂലൈയിൽ അവസാനിച്ചതാണ്.’ ബൈറ്റ് ഡാൻസിൻ്റെ വക്താവ് പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 08, 2023 8:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ടിക് ടോക് വഴി വിവരം ചോർത്തി; മുൻ ജീവനക്കാരൻ