ഫെയ്‌സ്ബുക്കിനോട് അമിതമായ ആസക്തി ഉള്ളവരിൽ വിഷാദരോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ. ഫെയ്‌സ്ബുക്കിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ആത്മാഭിമാനം കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘കമ്പ്യൂട്ടർ ഇൻ ഹ്യൂമൻ ബിഹേവിയറി’ലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ശാസ്ത്ര രംഗത്തും മാധ്യമങ്ങളിലുമൊക്കെ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ഒരാൾ ഫേസ്ബുക്കിനെ കൂടുതലായി ആശ്രയിക്കുമ്പോൾ അവരിൽ വിഷാദം കൂടുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതുപോലുള്ള കണ്ടെത്തലുകൾ ‘ഫെയ്‌സ്ബുക്ക് ഡിപ്രഷൻ’ എന്ന പുതിയ പദം ഉണ്ടാകുന്നതിനു പോലും കാരണമായി.
Also read- റിലയന്സ് ഇന്ഡസ്ട്രീസിന്റെ തലപ്പത്ത് രണ്ടു പതിറ്റാണ്ട് പൂര്ത്തിയാക്കി മുകേഷ് അംബാനി
ഫെയ്‌സ്ബുക്കിൽ ചെലവഴിക്കുന്ന സമയം അടിസ്ഥാനമാക്കിയല്ല വിഷാദത്തിന്റെ തീവ്രത കൂടുന്നതെന്നും പുതിയ പഠനം സൂചിപ്പിക്കന്നു. അതിനോടുള്ള ആസക്തിയാണ് ഹാനികരം. അമിതമായ ഫെയ്സ്ബുക്ക് ആശ്രയത്വം സ്വയം വിമർശിക്കുന്ന സാഹചര്യത്തിലേക്കു വരെ എത്തിയേക്കാമെന്ന് പഠനത്തിൽ പങ്കാളിയായ സൂൺ ലി ലീ പറയുന്നു.
”ഇന്നു നമ്മൾ സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നു. ശാരീരികമായും മാനസികമായും ഈ ആശ്രയത്വം നമ്മെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നാം മനസിലാക്കണം. ആരോഗ്യമുള്ള യുവാക്കളിലാണ് ഇതു സംബന്ധിച്ച മിക്ക പഠനങ്ങളും നടത്തിയത്. ക്ലിനിക്കൽ ഡിപ്രഷനുള്ളവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്നറിയേണ്ടതും പ്രധാനമാണ്”, മലേഷ്യയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അദ്ധ്യാപകൻ കൂടിയായ ലീ പറഞ്ഞു.
Also read- വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?
വിഷാദരോഗം ബാധിച്ച ചില ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾക്കിടയിലാണ് പുതിയ പഠനം നടത്തിയത്. വിഷാദരോഗം ബാധിച്ച 250 മലേഷ്യൻ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ് പഠനത്തിൽ പങ്കെടുത്തത്. പങ്കെടുത്തവർ രണ്ട് ഓൺലൈൻ സർവേകൾ പൂർത്തിയാക്കി. പഠനത്തിന്റെ തുടക്കത്തിലായിരുന്നു ഒരു സർവേ. മറ്റൊന്ന് ആറ് മാസത്തിന് ശേഷം നടത്തിയ ഫോളോ അപ്പിന്റെ ഭാഗമായിരുന്നു.
ഫെയ്‌സ്ബുക്കിനോട് ഉയർന്ന ആസക്തിയുള്ള ഉപയോക്താക്കൾ കടുത്ത വിഷാദത്തിലേക്ക് എത്തിയതായി പഠനം കണ്ടെത്തി. ഫെയ്‌സ്ബുക്ക് ആസക്തി സ്വയം വിമർശനത്തിലേക്ക് വഴി തെളിക്കുമെന്നും കണ്ടെത്തി. “ക്ലിനിക്കൽ ഡിപ്രഷൻ ഉള്ളവരിൽ ഫെയ്‌സ്ബുക്കിന്റെ ഉപയോഗം നിരീക്ഷിക്കാൻ പുതിയ പഠനം സഹായകമാകും. അത്തരം ഉപയോഗം വിഷാദരോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു,” ലീ പറഞ്ഞു.
”വിവേചന ബുദ്ധിയോടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെന്നാണ് പഠനം തെളിയിക്കുന്നത്”, ലീ കൂട്ടിച്ചേർത്തു. ഫെയ്‌സ്ബുക്ക് ആസക്തി വിഷാദത്തിന് കാരണമാകുന്നത് എന്തുകൊണ്ടാണെന്നും ലീയും സംഘവും കണ്ടെത്തി. ”ഫേസ്ബുക്ക് അമിതമായി ഉപയോഗിക്കുന്ന ആളുകൾ മറ്റുള്ളവരിൽ നിന്ന് സ്വീകാര്യത നേടുന്നതിനായി പതിവായി തങ്ങളുടെ അക്കൗണ്ടുകളിലൂടെ അപ്ഡേറ്റുകൾ നടത്തുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ, അവരുടെ ഫെയ്സ്ബുക്ക് ആശ്രിതത്വം കൂടുകയും അങ്ങനെ ചെയ്തില്ലെങ്കിൽ എന്തോ സംഭവിക്കുമെന്ന മട്ടിൽ സ്വയം വിമർശിക്കുകയും ചെയ്യും. സ്വന്തം കുറവുകളെ വലുതാക്കി കാണാനുള്ള പ്രവണത ഇവരിൽ ശക്തിപ്പെടുകയും ചെയ്യുന്നു. ഇത്തരം രീതികൾ അവരുടെ ആത്മാഭിമാനത്തെ ദുർബലമാക്കുകയും അവരെ വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു”, ലീ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.