ഇന്ത്യയിൽ ഐഫോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ആപ്പിൾ. മൊത്തം ഐഫോൺ ഉത്പാദനത്തിന്റെ ഏകദേശം ഏഴ് ശതമാനം ഇന്ത്യയിലാണ് ഇപ്പോൾ നിർമിക്കുന്നത്. 2021 ൽ വെറും ഒരു ശതമാനം ഐഫോണുകൾ മാത്രമാണ് ഇന്ത്യയിൽ നിർമിച്ചിരുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏഴു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഐഫോണുകൾ കമ്പനി ഇന്ത്യയിൽ നിർമിച്ചതായും റിപ്പോർട്ട് പറയുന്നു.
പുതിയ റിപ്പോർട്ടിനെക്കുറിച്ചുള്ള കൂടുതൽ അഭിപ്രായങ്ങളറിയാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ് ആപ്പിളിനെ സമീപിച്ചെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി 2022 ഏപ്രിൽ മുതലുള്ള അഞ്ച് മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന് മുകളിലെത്തിയിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക്സ് നിർമാണത്തിലെ പ്രധാന ശക്തിയായി മാറുന്നതിൻ്റെ സൂചനയാണിതെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
Also Read-മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ വർഷത്തെ കയറ്റുമതി 85000 കോടി
ഐഫോൺ ഉത്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്കുള്ള അംഗീകാരം കൂടിയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് വ്യക്തമാകുന്നത്. ആപ്പിൾ ചൈനയിൽ ദീർഘകാലമായി ഐഫോണുകൾ നിർമിക്കുന്നുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തതോടെ ആപ്പിൾ കമ്പനി ബദലുകൾ തേടിത്തുടങ്ങിയിരുന്നു.
ആപ്പിളിന്റെ പ്രധാന തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്‌ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവ നിലവിൽ ദക്ഷിണേന്ത്യയിലെ പ്ലാന്റുകളിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്.
സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് നിർമാതാക്കൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇന്ത്യ തയ്യാറാക്കുന്നുണ്ട്. മാക്ബുക്കുകളും ഐപാഡുകളും പ്രാദേശികമായി നിർമ്മിക്കുന്നത് മറ്റ് ബ്രാൻഡുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാടിനു പിന്നാലെ കർണാടകയിലും ആപ്പിൾ ഐഫോൺ ഫാക്ടറി വരുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കർണാടകയിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്നാണ് അറിയിച്ചത്. പുതിയ ഫാക്ടറി വരുന്നതോടെ ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഇവർ പറഞ്ഞിരുന്നു.
2017 മുതൽ ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്. ആപ്പിൾ ഐഫോണുകളുടെ പ്രധാന നിർമാതാക്കളായ തായ്‌വാനീസ് സ്ഥാപനമായ ഫോക്‌സ്‌കോൺ ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിൽ സ്മാർട്ട്‌ഫോണുകൾ നിർമിക്കുന്നത്. ഫാക്സ്കോൺ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണ് കർണാടകയിലേത്. 2025 ഓടെ ആപ്പിൾ ഇന്ത്യയിലെ പ്രാദേശിക നിർമ്മാണ ശേഷി വർദ്ധിപ്പിക്കുമെന്ന് ജെപി മോർഗനിലെ വിദഗ്ധർ പറയുന്നു. ഉത്‌പാദനത്തിൻറെ 25 ശതമാനം വരെ ഇന്ത്യയിൽ എത്തിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.