ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കയറ്റുമതി ജനുവരി-മാർച്ച് പാദത്തിൽ 16 ശതമാനം കുറഞ്ഞ് 31 ദശലക്ഷം യൂണിറ്റായെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസി റിപ്പോർട്ട് ചെയ്തു. റിയൽമി, ഷവോമി എന്നിവയുടെ ഷിപ്പ്‌മെന്റുകൾക്കാണ് ഈ പാദത്തിൽ ഏറ്റവും ഉയർന്ന ഇടിവ് രേഖപ്പെടുത്തിയത്. കൂടാതെ 2023ൽ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിപണിയിൽ കാര്യമായ വളർച്ചയുണ്ടാകില്ലെന്നും ഐഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2023 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്ന് 31 ദശലക്ഷം സ്മാർട്ട്ഫോണുകൾ ആണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെക്കാൾ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാല് വർഷത്തിനിടെ ഓരോ വർഷത്തെയും ആദ്യ പാദത്തിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കയറ്റുമതിയാണെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (IDC) വേൾഡ് വൈഡ് ക്വാർട്ടേർലി മൊബൈൽ ഫോൺ ട്രാക്കർ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു
കൂടാതെ സാംസങിന്റെ കയറ്റുമതിയിൽ 11.4 ശതമാനം ഇടിവുണ്ടായെങ്കിലും 20.1 ശതമാനം വിപണി വിഹിതമായി വിപണിയിൽ മുന്നിലെത്തി. 17.7 ശതമാനം വിപണി വിഹിതവുമായി വിവോയാണ് തൊട്ടുപിന്നിൽ നിൽക്കുന്നത്. അതേസമയം ഈ പാദത്തിൽ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു ബ്രാൻഡ് ഒപ്പൊ (Oppo ) ആണ്. ഇത് 17.6 ശതമാനം വിപണി വിഹിതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഷവോമിയുടെ ഷിപ്പ്‌മെന്റ് 41.1 ശതമാനം ഇടിഞ്ഞ് 50 ലക്ഷം യൂണിറ്റിലെത്തി. അതിന്റെ വിപണി വിഹിതം മുൻ വർഷത്തിൽ റിപ്പോർട്ട് ചെയ്ത പാദത്തിലെ 23.4 ശതമാനത്തിൽ നിന്ന് 16.4 ശതമാനമായി കുറഞ്ഞു. കൂടാതെ റിയൽമി ഷിപ്പ്‌മെന്റ് പകുതിയിലധികവും കുറഞ്ഞ് 29 ലക്ഷം യൂണിറ്റിലെത്തി. ഇതിന്റെ വിപണി വിഹിതം 2022ലെ ആദ്യ പാദത്തിലെ 16.4 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ 9.4 ശതമാനമായാണ് കുറഞ്ഞത്.
Also read- പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷയുള്ള പാസ് കീയുമായി ഗൂഗിൾ
അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഉപഭോക്തൃ ആവശ്യകത കുറഞ്ഞതും 2022 ന്റെ രണ്ടാം പകുതിയിലെ ഉയർന്ന സംഭരണം കാരണം ഇൻവെന്ററി ലെവലുകൾ കഴിഞ്ഞ പാദത്തിൽ ഉയർന്ന നിലയിലായതുമാണ് ഇടിവിന് കാരണമെന്ന് ഐഡിസി വിലയിരുത്തുന്നു. കൂടാതെ 5G സ്മാർട്ട്‌ഫോൺ വിഹിതം ഒരു വർഷം മുമ്പ് 31 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർന്നു. 5G സ്മാർട്ട്‌ഫോണുകളുടെ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നത് സാംസങ്ങാണ്.
കാരണം ഈ വിഭാഗത്തിലെ കയറ്റുമതിയുടെ നാലിലൊന്നും സാംസങ് സ്മാർട്ട് ഫോണുകൾക്കാണ്. അതേസമയം 5G സ്മാർട്ട്‌ഫോണുകൾ കുറഞ്ഞ വില വിഭാഗത്തിലേക്ക് എത്തുകയാണ്. ഉയർന്ന നിലവാരമുള്ള 4G മോഡലുകൾ ഇടം ഒഴിയുന്നതിനാൽ 2023ലെ രണ്ടാം പകുതിയിൽ 12,000 മുതൽ 25,000 രൂപ വരെ വിലയുള്ള മികച്ച5G സ്മാർട്ട് ഫോണുകളുടെ വിപണി ഇനി പ്രതീക്ഷിക്കാമെന്ന് ഐഡിസി ഇന്ത്യ ക്ലയന്റ് ഡിവൈസസ് റിസർച്ച് മാനേജർ ഉപാസന ജോഷി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Exports Sectors, India, Smartphone