HOME /NEWS /Opinion / 'ദ കേരള സ്റ്റോറി ഒരു ജിഹാദിന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ സിനിമ; ജനം കാണട്ടെ, വിലയിരുത്തട്ടെ': ഡോ. കെ.എസ്. രാധാകൃഷ്ണൻ

'ദ കേരള സ്റ്റോറി ഒരു ജിഹാദിന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ സിനിമ; ജനം കാണട്ടെ, വിലയിരുത്തട്ടെ': ഡോ. കെ.എസ്. രാധാകൃഷ്ണൻ

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ 'ദ കേരള സ്റ്റോറി' സിനിമ കണ്ടശേഷം എഴുതിയ കുറിപ്പ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ 'ദ കേരള സ്റ്റോറി' സിനിമ കണ്ടശേഷം എഴുതിയ കുറിപ്പ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ 'ദ കേരള സ്റ്റോറി' സിനിമ കണ്ടശേഷം എഴുതിയ കുറിപ്പ്

  • News18 Malayalam
  • 3-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    ഡോ.കെ.എസ്. രാധാകൃഷ്ണൻ

    ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഞാൻ ഇന്നലെ കണ്ടു. മൂന്ന് പെൺകുട്ടികളുടെ ദുരന്തകഥയാണ് ഈ സിനിമയിലൂടെ ആഖ്യാനം ചെയ്യുന്നത്. മൂന്ന് പേരും മലയാളികൾ. സംഭവം നടന്നത് പ്രധാനമായും കേരളത്തിലും. കേരളത്തിലെ മൂന്ന് പെൺകുട്ടികൾ ഉത്തരകേരളത്തിലെ ഒരു നഴ്സിംഗ് കോളേജിൽ പ്രവേശനം നേടി ഹോസ്റ്റലിൽ താമസിക്കാൻ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്.

    മൂന്നുപേരിൽ രണ്ട് പേർ ഹിന്ദുക്കളും ഒരാൾ ക്രിസ്ത്യാനിയും. ഹിന്ദുക്കളിൽ ഒരാൾ സാധാരണ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും മറ്റൊരാൾ കമ്മ്യൂണിസ്റ്റു നിരീശ്വര കുടുംബത്തിൽ നിന്നും വരുന്നവർ. സാധാരണ ക്രൈസ്തവ കുടുംബ പശ്ചാത്തലമാണ് കിസ്ത്യൻ പെൺകുട്ടിക്കുള്ളത്. ഈ മൂന്ന് കുടുംബത്തിനും സമൂഹത്തിലെ അധികാര കേന്ദ്രങ്ങളിൽ പിടിയുള്ളവരല്ല. വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു ജോലി നേടണമെന്നാണ് മൂന്ന് പേരുടെയും മോഹം. ഇവരെയാണ് മതപരിവർത്തന തീവ്രവാദി ജിഹാദി ലോബി സ്കെച്ച് ചെയ്തത്.

    ഈ മൂന്ന് പെൺകുട്ടികളെയും ആസൂത്രിതമായി ചതിക്കുഴിയിൽ വീഴ്‌ത്തുന്ന ഇസ്ലാമിക മത തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആണും പെണ്ണുമടക്കം സൂക്ഷ്മതയോടെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ പുരുഷന്മാർ പ്രണയം നടിച്ചും സ്ത്രീകൾ പിമ്പുകളായും സമർത്ഥമായി ഇടപെടുന്നു. മൂന്ന് പെൺകുട്ടികളെയും പ്രണയിക്കുന്നു, ലൈംഗികമായി ഉപയോഗിക്കുന്നു, അവരെ മതം മാറ്റുന്നു, തീവ്രവാദത്തിലേക്ക് നയിക്കുന്നു. പ്രണയത്തിനും ഒരു സവിഷേതയുണ്ട് ഒരുവൻ പ്രണയിച്ചു പെണ്ണിനെ ഗർഭവതിയാക്കുന്നു. ആ ഗർഭിണിയെ ഇസ്ലാമിക മതാചാരപ്രകാരം മറ്റൊരുവന് വിവാഹം കഴിച്ചു കൊടുക്കുന്നു. ആദ്യകാമുകൻ സന്തോഷത്തോടെ അതിനു കൂട്ടുനിൽക്കുന്നു. ഈ ഹീന കൃത്യത്തിൽ ഒരു തെറ്റുമില്ലെന്നു ഇസ്ലാമിക മത പണ്ഡിതൻ ഖുർ ആൻ സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ചു വിധി പ്രസ്താവിക്കുന്നു.

    Also Read- The Kerala Story| ‘ദ കേരള സ്റ്റോറി’ റിലീസ് ഇന്ന്; പ്രദർശനത്തിൽ നിന്ന് ചില തിയേറ്ററുകൾ പിന്മാറിയതായി സൂചന

    നവദമ്പതികൾക്ക് വ്യാജ പാസ്പോർട്ട് ഉണ്ടാക്കുന്നു. മധുവിധുവിനു എന്ന് പറഞ്ഞു അവരെ ശ്രീലങ്കയ്ക്കു അയയ്ക്കുന്നു. അവിടെ നിന്ന് സിറിയയിലേക്കും പിന്നെ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്കും എത്തിക്കുന്നു. അവിടെ വെച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി യു എൻ സമാധാന സേനയുടെ പിടിയിലായി ജയിലിൽ ആകുന്നു.

    തിരുവനന്തപുരത്തെ നിമിഷ ഫാത്തിമയുടെ കഥയാണിത്. സിനിമയിൽ അവരുടെ പേര് ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ്. യു എൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വിസ്തരിക്കപ്പെടുന്ന ശാലിനിയുടെ മൊഴികളിലൂടെയാണ് കഥയുടെ ചുരുൾ അഴിയുന്നത്. പിമ്പുകളായി പ്രവർത്തിക്കുന്ന സ്ത്രീ ജിഹാദികളാണ് ഇവരെ ചതിക്കുഴിയിൽ എത്തിക്കുന്നതിന് വേണ്ടി വല വിരിക്കുന്നത്. നിർദോഷം എന്ന് തോന്നാവുന്ന രീതിയിൽ ഹൈന്ദവ – ക്രൈസ്തവ ദൈവങ്ങളെ നിന്ദിച്ചുകൊണ്ടും ഇസ്ലാമിക ദൈവമഹത്വം വാഴ്ത്തിക്കൊണ്ടും സ്ത്രീ ജിഹാദികൾ അവരുടെ കർമം തുടങ്ങുന്നു.

    സഹിഷ്ണുതയുടെയും മര്യാദയുടെയും പേരിൽ പെൺകുട്ടികൾ അതിനെ എതിർക്കുന്നില്ല. അടുത്തപടിയായി ഹൈന്ദവ – ക്രൈസ്തവ ദൈവങ്ങൾ അശക്തരായതുകൊണ്ടു അവർക്കു മനുഷ്യരെ സഹായിക്കാൻ കഴിയില്ല എന്നും വിസ്തരിച്ചു പറയുന്നു. യഥാർത്ഥ ദൈവം അള്ള മാത്രമാണെന്നും ബാക്കി ദൈവങ്ങൾ എല്ലാം ചെറ്റകളാണ് എന്നുമായി അടുത്തപടി. തുടർന്ന് അല്ലാഹുവിൽ മാത്രം വിശ്വസിച്ചാൽ മാത്രമേ അള്ളാഹു സഹായിക്കൂ എന്നു വിധിവാക്യമായി പറയുകയും ചെയ്യും. പിന്നെ അല്ലാഹുവിനെ വിശ്വസിച്ചവർക്കു ലഭിച്ച അദ്‌ഭുതകരങ്ങളായ സഹായങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് വിശദീകരിക്കും.

    Also Read- ദ കേരള സ്റ്റോറി: ‘നിർമ്മാതാവിന്റെയും അഭിനേതാക്കളുടെയും അധ്വാനത്തെക്കുറിച്ച് ചിന്തിക്കൂ’; റിലീസിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

    അല്ലാഹുവിന്റെ അദ്‌ഭുതലീലകളിൽ വിശ്വാസം ജനിപ്പിക്കുന്നതിനു ചില ചെപ്പടി വിദ്യകളും കാണിക്കും. അങ്ങിനെ ഇരകളുടെ മനസ് സംശയഗ്രസ്തമാകും. ഈ ഘട്ടത്തിലാണ് ഇസ്‌ലാം ആകാനുള്ള കർമ്മ പരിപാടികൾ ആരംഭിക്കുന്നത്. ആദ്യം വസ്ത്രം പിന്നെ ആഹാരം അതുകഴിഞ്ഞു പ്രാർത്ഥന രീതികൾ പുതുതായി അവരെ പഠിപ്പിക്കും. അവരുടെ പൂർവ ജീവിതം ദൈവവിരുദ്ധമാണ് എന്നും പഠിപ്പിക്കും. ഇതിനിടയിൽ സാക്കിർ നായിക്ക് എന്ന മതതീവ്രവാദിയുടെ പ്രഭാഷണങ്ങൾ നിരന്തരമായി അവരെ കേൾപ്പിക്കും. ഈ ഘട്ടത്തിലാണ് ഈ പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച കാമുകൻ തനിക്കു വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറയുന്നത്. ചതിക്കപ്പെട്ട കാമുകി പൊട്ടിത്തെറിക്കും. അപ്പോൾ പിമ്പായ സ്ത്രീ സമാധാന സന്ദേശവുമായി എത്തും.

    ഇസ്ലാം മതം സ്വീകരിച്ചാൽ അവളെ വിവാഹം കഴിക്കാൻ ആളുണ്ട് എന്നും അതോടെ അവൾക്കു നല്ല ജീവിതം കിട്ടുമെന്നും അവളോട് പറയും. ഇതിനടയിൽ അവൾ സമ്പൂർണമായും വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽനിന്നും കൂട്ടുകാരിൽ നിന്നും അകന്നു കഴിഞ്ഞിരിക്കും. ഗർഭിണി, വിദ്യാഭ്യാസം മുടങ്ങി, വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഇല്ല ഇങ്ങനെ സമ്പൂർണമായും ഒറ്റപ്പെട്ട അവളെ ഇസ്ലാമിലേക്ക് മാറ്റുകയും വിവാഹത്തിന്റെ പേരിൽ അവളെ മറ്റൊരുവന് കൂട്ടി കൊടുക്കുകയും ചെയ്യും. ഈ ഹീനകൃത്യത്തിനു മതപണ്ഡിതൻ കൂട്ട് നിൽക്കുകയും ചെയ്യും. പിന്നീടാണ് അവരെ തീവ്രവാദി ഗ്രൂപ്പിൽ എടുക്കുന്നതും പരിശീലനം നൽകുന്നതും. അവളെ വിവാഹം കഴിക്കുന്നവനും പരിശീലനം ലഭിച്ച തീവ്രവാദിയായിരിക്കും. പിന്നെ അവളുടെ മുന്നിൽ ജീവിതമില്ല; മരണം മാത്രമാണുള്ളത്.

    ഈ മൂന്ന് പെൺകുട്ടികളെയെയും പ്രണയം നടിച്ചു ചതിച്ച കാമുക ജിഹാദികൾ സുരക്ഷിതരായി എവിടെയെല്ലാം കഴിയുന്നു എന്ന കാര്യവും സിനിമയിൽ പറയുന്നുണ്ട്. ഒരുവൾ ഇസ്ലാമായാൽ അവളെ പരിശീലനത്തിന് അയയ്ക്കുന്നത് സത്യസരണി എന്ന സ്ഥാപനത്തിലേക്കാണ്. 32000 പേർ മത പരിവർത്തനത്തിനുശേഷം പരിശീലനം നേടിയിട്ടുണ്ട് എന്നും അവർ അഫ്ഗാൻ ജയിലിൽ ഉണ്ട് എന്നും ഒരു പെൺകുട്ടി പറയുന്ന രംഗം ഈ സിനിമയിലുണ്ട്. ‘മതത്തിൽ കടന്നുകൂടുന്ന മാരക വിഷമാണ് മതപരിവർത്തനം’ എന്ന് വിശേഷിപ്പിച്ചത് മഹാത്മാ ഗാന്ധിയാണ്. രാഹുൽ ഗാന്ധിയെക്കാളും വി. ഡി. സതീശനെക്കാളും വലിയ മതേതരവാദിയാണ് മഹാത്മാ ഗാന്ധിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തിന്റെ പേരിലായാലും മത പരിവർത്തനം ദൈവത്തിനും മനുഷ്യനും എതിരെ ചെയ്യുന്ന കുറ്റകൃത്യമാണ്. അത് ചതിപ്രയോഗത്തിലൂടെ ചെയ്യുമ്പോൾ കൂടുതൽ അപമാനകരമാകും എന്ന കാര്യത്തിലും സംശയമില്ല. ഈ അവസ്ഥ സതീശന്റെ മകൾക്കാണ് സംഭവിച്ചതെങ്കിൽ (അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ എല്ലാ വിശുദ്ധിയോടു കൂടി പ്രാർത്ഥിക്കുന്നു) അദ്ദേഹം ഈ സിനിമയെ നിരോധിക്കാൻ ആവശ്യപ്പെടുമായിരുന്നോ?

    Also Read- കേരള സ്റ്റോറിക്കെതിരെ കെ.എസ്‌.യു മുഖ്യമന്ത്രിക്ക് പരാതി നൽകി

    ഇനി, ഈ സിനിമ കേരളത്തിന് അപമാനമാണ് എന്നാണ് ഇടതു – വലതു ജനാധിപത്യവാദികൾ ഒരുമിച്ചു പറയുന്നത്. ഈ സിനിമയിൽ വസ്തുതകളെ ആസ്പദമാക്കി വിവരിച്ചിരിക്കുന്ന മേല്പറഞ്ഞ സംഭവങ്ങൾ കേരളത്തിന് അപമാനകാരമല്ലെങ്കിൽ ആ വസ്തുതകളെ ആസ്പദമാക്കി നിർമിച്ച സിനിമ എങ്ങിനെ അപമാനകരമാകും? അവ അപമാനകരമാണെന്നു അവർക്കു അറിയാമായിരുന്നു എങ്കിൽ അവർ എന്തുകൊണ്ട് അതിനെ എതിർത്തില്ല? സത്യം നിനക്ക് തന്നെ എതിരാകുമ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം എന്നാണ് ഖുർആൻ പറയുന്നത്. ഈ സിനിമ അപമാനകരം എന്നും സിനിമയെ നിരോധിക്കണം എന്നും പറയുന്ന ഇടതു – വലതു ജനാധിപത്യവാദികൾ, എപ്പോഴെങ്കിലും സത്യസരണീ സംഭവങ്ങളെ അപലപിച്ചിട്ടുണ്ടോ? സാക്കിർ നായക് എന്ന ആഗോള ഇസ്‌ലാമിക തീവ്രവാദിക്ക് എതിരെ ഒരു അക്ഷരം മിണ്ടിയിട്ടുണ്ടോ? അബ്ദുൽ സമദ് സമദാനിയേയും ഇ ടി മുഹമ്മദ് ബഷീറിനേയും പോലുള്ള ലീഗ് നേതാക്കൾ സാക്കിർ നയിക്കിനു വേണ്ടി രംഗത്തിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.

    ഈ പെൺകുട്ടികളെ ചതിച്ചു പ്രണയ ജിഹാദ് നടത്തുകയും രക്ഷപെട്ടു സുഖമായി ജീവിക്കുകയും ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ നിങ്ങൾ ഇനിയെങ്കിലും തയാറാകുമോ? നിങ്ങൾ അതിനു തയ്യാറാകില്ല കാരണം മുസ്ലിം-അമുസ്ലിം വിവാഹത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ അമുസ്ലിമിന്റെ മതപരിവർത്തനമാണ് എന്ന് നിങ്ങൾക്ക് അറിയാം. ഒരു അമുസ്ലിമിനെ മുസ്ലിമാക്കി മതപരിവർത്തനം ചെയ്യിക്കുന്നത് ജിഹാദാണ് എന്നും നിങ്ങൾക്കറിയാം . ജിഹാദിൽ ഒരുവൻ അപരനെ കൊന്നാലും അവൻ തന്നെ അതിൽ മരിച്ചാലും സ്വർഗം ലഭിക്കുമെന്നാണ് ഖുർആൻ പറയുന്നത്. ദൈവത്തിനു വേണ്ടി നടത്തുന്ന യുദ്ധത്തിൽ എന്ത് ചെയ്യുന്നതും തെറ്റല്ല എന്നും വിധിച്ചിരിക്കുന്നു. ആ പെൺകുട്ടികളെ നശിപ്പിക്കാനായി പിമ്പ് ചെയ്തു കൊടുത്ത സ്ത്രീകൾക്കും അതിന്റെ ഫലം ദൈവം നൽകുമെന്ന് അവരും വിശ്വസിക്കുന്നു. കാരണം അവരും ജിഹാദാണ് നടത്തുന്നത്. പ്രണയം, മയക്കുമരുന്ന്, ചതി എന്നു തുടങ്ങി ഒരു ജിഹാദിന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഈ സിനിമ ആളുകൾ കാണണം. അവർ കണ്ടു വിലയിരുത്തട്ടെ.

    (ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും  പി.എസ്.സി മുൻ ചെയർമാനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുന്‍ വൈസ് ചാൻസലറുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം. ഈ ലേഖനത്തിലെ ഉള്ളടക്കം ഈ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്നതല്ല)

    First published:

    Tags: Cinema Theatres in Kerala, Dr KS Radhakrishnan, Malayalam cinema 2023, The Kerala Story