അയോധ്യ പ്രാണപ്രതിഷ്ഠ: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഉപഹാരമായി ഓണവില്ല് സമർപ്പിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് രാവിലെ മുതൽ ഭക്തജനങ്ങൾക്ക് ഓണവില്ല് കാണാൻ അവസരമുണ്ട്
തിരുവനന്തപുരം: അയോധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉപഹാരമായി ഓണവില്ല് സമർപ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ്മ, സതുളസി ഭാസ്‌കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് എന്നിവർ ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും.
ഓണവില്ലുമായി ഭക്തർ നാമജപത്തോടെ ക്ഷേത്രത്തിനു ചുറ്റും പരിക്രമം നടത്തും. ഇന്ന് രാവിലെ മുതൽ ഭക്തജനങ്ങൾക്ക് ഓണവില്ല് കാണാൻ അവസരമുണ്ട്.
പ്രധാന ദേവനെ കൂടാതെ ശ്രീരാമനും നരസിംഹമൂർത്തിയും ശ്രീകൃഷ്ണനും ഒരേ സങ്കേതത്തിൽ പ്രതിഷ്ഠിച്ച് ആരാധന നടത്തണമെന്നാണ് വൈഷ്ണവ സങ്കേതങ്ങളുടെ ലക്ഷണമായി വേദങ്ങൾ പറയുന്നത്. അപ്രകാരമുള്ള ദക്ഷിണ ഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളിൽ ഒന്നും കേരളത്തിലെ ഏക ക്ഷേത്രവുമാണ് ശ്രീപത്മനാഭസ്വാമിയുടേത്.
ശയന രൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമനായി കണക്കാക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രനട തുറക്കുന്നതു മുതൽ അടയ്ക്കുന്നതു വരെ അകത്തെ ബലിവട്ടത്തിന് പുറത്ത് നരസിംഹമൂർത്തിക്കു മുന്നിൽ രാമായണപാരായണം നടക്കുന്നുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ടയ്ക്ക് മാത്രം ശ്രീരാമസ്വാമിയുടെ അങ്കിചാർത്തി അമ്പും വില്ലും ധരിച്ച രൂപത്തിൽ ശ്രീപത്മനാഭസ്വാമി എഴുന്നള്ളുന്നതും പ്രത്യേകതയാണ്. ശ്രീരാമനെ വില്ല് അലങ്കാരമായും ആയുധമായും വിഷ്ണു ധരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. ചിങ്ങത്തിലെ തിരുവോണത്തിന് ഓണവില്ല് ചാർത്തുന്നതും ക്ഷേത്രത്തിലെ ശ്രീരാമബന്ധം കൊണ്ടെന്നാണ് വിശ്വാസം.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 18, 2024 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ പ്രാണപ്രതിഷ്ഠ: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഉപഹാരമായി ഓണവില്ല് സമർപ്പിക്കും