ശ്രീരാമക്ഷേത്രത്തിന് സംഭാവനയായി മൂന്ന് വർഷത്തിനിടെ ലഭിച്ചത് 5,500 കോടി രൂപയോളം; ഓരോ മാസവും എത്തുന്നത് ഒരു കോടിയോളം
- Published by:Vishnupriya S
- news18-malayalam
Last Updated:
ആത്മീയ ഗുരുവായ ഗുരു മൊരാരി ബാപ്പുവാണ് ക്ഷേത്രത്തിലേക്ക് ഏറ്റവും വലിയ തുക സംഭാവന നൽകിയത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് 5,500 കോടിയോളം രൂപ സംഭാവന ലഭിച്ചുവെന്ന് കണക്കുകൾ. ലോകമെമ്പാടുമുള്ള വിശ്വാസികളിൽ നിന്നും സംഭാവനയായി ലഭിച്ച പണം ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം ഓരോ മാസവും ക്ഷേത്രത്തിലേക്ക് ഏകദേശം ഒരു കോടി രൂപ ഇപ്പോൾ സംഭാവന ലഭിക്കുന്നുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള സംഭാവനകൾ ഓൺലൈനായോ, ചെക്കുകളായോ, നേരിട്ട് പണമായോ സ്വീകരിക്കുന്നുണ്ട്.
ക്ഷേത്ര ട്രസ്റ്റായ ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രശസ്ത ആത്മീയ ഗുരുവായ ഗുരു മൊരാരി ബാപ്പുവാണ് ക്ഷേത്രത്തിലേക്ക് ഏറ്റവും വലിയ തുക സംഭാവന നൽകിയത്. 11.3 കോടി രൂപയാണ് അദ്ദേഹത്തിന്റെ മാത്രം സംഭാവന. കൂടാതെ അമേരിക്ക, കാനഡ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികൾ 8 കോടി രൂപയും ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. “രാം ചരിത് മനസ് (Ram Charit Manas)” പണ്ഡിതനും “രാമ കഥ( Ram Katha)”യ്ക്ക് പേരുകേട്ട വ്യക്തിയുമായ മൊരാരി ബാപ്പു ക്ഷേത്ര നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി അദ്ദേഹം രാം ചരിത് മനസ്സിന്റെ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നു.
advertisement
ശ്രീ രാമകൃഷ്ണ എക്സ്പോർട്ടിന്റെ ഉടമയും ഗുജറാത്തിൽ നിന്നുള്ള വജ്ര വ്യാപാരിയുമായ ഗോവിന്ദ്ഭായി ധോലാക്കിയ 11 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് സംഭാവനയായി നൽകിയത്. 2021 ജനുവരി 14ന് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് ക്ഷേത്ര നിർമ്മാണത്തിലേക്കുള്ള ധന സമാഹരണത്തിന് തുടക്കമിട്ടത്. അഞ്ച് ലക്ഷം രൂപയുടെ ചെക്കായാണ് രാഷ്‌ട്രപതി ആദ്യത്തെ സംഭവന ട്രസ്റ്റലേക്ക് കൈമാറിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ക്ഷേത്രം ജനുവരി 22 ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Location :
New Delhi,Delhi
First Published :
January 11, 2024 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ശ്രീരാമക്ഷേത്രത്തിന് സംഭാവനയായി മൂന്ന് വർഷത്തിനിടെ ലഭിച്ചത് 5,500 കോടി രൂപയോളം; ഓരോ മാസവും എത്തുന്നത് ഒരു കോടിയോളം