ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം ഇപ്പോൾ ആശാരിപ്പണിയിൽ; വൈറൽ വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ക്രിക്കറ്റ് താരത്തിന്റെ വേഷമഴിച്ചുവച്ച ശേഷം ആശാരിപ്പണിയിലേക്ക് തിരിഞ്ഞ ഒരു ഓസീസ് മുൻതാരമാണ് ഇപ്പോൾ വാർത്തകളിലെ താരം.
മെൽബൺ: ക്രിക്കറ്റിൽനിന്ന് വിരമിച്ചാലും കമന്റേറ്റർ ആയോ, പരിശീലകനായോ ടിവി അവതാരകനായോ അംപയർമാരായോ ഒക്കെ മാറുന്ന താരങ്ങളെയാണ് ഇന്ത്യക്കാർ കണ്ടിട്ടുണ്ടാകുക. അവരിൽനിന്നൊക്കെ തീർത്തും വ്യത്യസ്തനായ, വിരമിച്ചതിനു ശേഷം ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത തൊഴിലിലേക്ക് തിരിഞ്ഞ ഒരു മുൻ താരത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. ക്രിക്കറ്റ് താരത്തിന്റെ വേഷമഴിച്ചുവച്ച ശേഷം ആശാരിപ്പണിയിലേക്ക് തിരിഞ്ഞ ഒരു ഓസീസ് മുൻതാരമാണ് ഇപ്പോൾ വാർത്തകളിലെ താരം.
2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്പിന്നർ സേവ്യർ ദോഹർട്ടി വിരമിച്ചതിനുശേഷമാണ് ആശാരിപ്പണിയിലേക്ക് തിരിഞ്ഞത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷന‍് (എസിഎ) ആണ് വിരമിച്ചതിനു ശേഷം പുതിയ തൊഴിൽ കണ്ടെത്തിയ ദോഹർട്ടിയുടെ ചിത്രവും വിഡിയോയും പുറത്തുവിട്ടത്. തന്റെ പുതിയ തൊഴിലിനെക്കുറിച്ചും എങ്ങനെ ഇവിടേക്കെത്തി എന്നുമൊക്കെ ദോഹർട്ടി ഇതിൽ വിശദീകരിക്കുന്നുണ്ട്. ഒട്ടേറെപ്പേരാണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് ആശാരിയായ ദോഹർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.
advertisement
''ആശാരിപ്പണി പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചുനാളായി. കെട്ടിടം പണിയുമായി ബന്ധപ്പെട്ട പുതിയ തൊഴിൽ ഞാൻ ആസ്വദിക്കുന്നുണ്ട്. അനുദിനം പുതിയ കാര്യങ്ങൾ പഠിക്കുന്ന കൈത്തൊഴിലാണിത്. ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നേയുള്ളൂ''- വീഡിയോയിൽ ദോഹർട്ടി പറയുന്നു. ''ക്രിക്കറ്റിൽനിന്ന് വിരമിച്ച സമയത്ത്, ഇനിയെന്തു ചെയ്യും എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിരമിച്ചശേഷമുള്ള ആദ്യത്തെ ഒരു വർഷം കിട്ടിയ ജോലിയെല്ലാം ചെയ്തുനോക്കി. ഓഫീസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ജോലികളുമെല്ലാം ചെയ്തു. ഒടുവിൽ ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് ഇവിടെയെത്തിയത്''- ദോഹർട്ടി വിശദീകരിച്ചു.
advertisement
Test bowler turned carpenter 👷🔨
Xavier Doherty took some time to find what was right for him following his retirement from cricket, but he's now building his future with an apprenticeship in carpentry.#NationalCareersWeek pic.twitter.com/iYRq2m39jt
— Australian Cricketers' Association (@ACA_Players) May 18, 2021
advertisement
ക്രിക്കറ്റ് കരിയർ വിട്ടശേഷം ജീവനോപാധിയായി മാറിയ പുതിയ തൊഴിൽ കണ്ടെത്താൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടന സഹായിച്ചതെങ്ങനെയെന്നും ദോഹർട്ടി വിശദീകരിച്ചു. ''എസിഎയുടെ സഹായം പറഞ്ഞറിയിക്കാനാകില്ല. ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഇനിയെന്തു ചെയ്യും എന്ന് ആലോചിക്കുമ്പോൾ നമുക്ക് മുന്നിൽ വല്ലാത്തൊരു പ്രതിസന്ധിയുണ്ടാകും. എങ്ങനെ പണമുണ്ടാക്കുമെന്നും എങ്ങനെ ജീവിക്കുമെന്നും നമുക്ക് യാതൊരു പിടിയും കിട്ടില്ല. ഇത്തരം സന്നിഗ്ധ ഘട്ടത്തിലാണ് സഹായവുമായി ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷൻ എത്തുന്നത്. കുറച്ച് സാമ്പത്തിക സഹായം നൽകിയും ഇനിയെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിൽ നമ്മെ സഹായിച്ചും അവർ ഒപ്പം നിന്നു''- ദോഹർട്ടി പറഞ്ഞു.
advertisement
ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ 2010ലാണ് ദോഹർട്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതേ വർഷം ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ഇന്ത്യയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. നാലു ടെസ്റ്റുകളിൽനിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളിൽ നിന്ന് 55 വിക്കറ്റുകളുമാണ് ദോഹർട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റും വീഴ്ത്തി. 2016-17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റോഡ് സേഫ്റ്റി സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ ലെജൻഡ്സ് ടീമിൽ ദോഹർട്ടിയും അംഗമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ടൂർണമെന്റ് പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2021 2:25 PM IST