അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും അധികം ഗോളുകള്‍! തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോയെ അഭിനന്ദിച്ച് അലി ദേയ്
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും അധികം ഗോളുകള്‍! തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോയെ അഭിനന്ദിച്ച് അലി ദേയ്
ഈ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിക്കുന്നതിന് പുറമേ ഈ നേട്ടം അദ്ദേഹത്തിന് പേരിലായതില്‍ അഭിമാനിക്കുന്നുവെന്നും അലി ദേയ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
യൂറോ കപ്പില്‍ ഇന്നലെ നടന്ന ഫ്രാന്‍സിനെതിരായ മത്സരത്തിലൂടെ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുടബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാനിയന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമാണ് റൊണാള്‍ഡോ എത്തിയത്. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് താരം 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അലി ദേയിയുടെ ഒപ്പം എത്തിയത്. ഇറാന്റെ ജേഴ്സിയില്‍ 149 മത്സരങ്ങളില്‍ നിന്നാണ് അലി ദേയി 109 ഗോളുകള്‍ നേടിയത്. അതേസമയം, പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ റൊണാള്‍ഡോ 176 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തില്‍ എത്തിയത്.
അന്താരാഷ്ട്ര ഫുട്ബോളില്‍ എറ്റവുമധികം ഗോളുകള്‍ എന്ന നേട്ടത്തോടൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിച്ച് ഇറാന് ഇതിഹാസം അലി ദേയും രംഗത്തെത്തി. ഈ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിക്കുന്നതിന് പുറമേ ഈ നേട്ടം അദ്ദേഹത്തിന് പേരിലായതില്‍ അഭിമാനിക്കുന്നുവെന്നും അലി ദേയ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 'അന്താരാഷ്ട്ര ഫുട്ബോളില്‍ എറ്റവുമധികം ഗോളുകള്‍ നേടുന്നതിന് ഒരു ഗോള്‍ അകലെയുള്ള ക്രിസ്റ്റ്യാനോയ്ക്ക് അഭിനന്ദനങ്ങള്‍. ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഫുട്ബോളിന്റെ മികച്ച ചാമ്പ്യനും, കരുതലുള്ള മാനവിക വാദിയുമായ റൊണാള്‍ഡോയ്ക്ക് ശ്രദ്ധേയമായ ഈ നേട്ടം ലഭിക്കുമെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.'- അലി ദേയ് കുറിച്ചു.
ഫ്രാന്‍സിനെതിരെ സമനില നേടി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ പോര്‍ച്ചുഗലിന് ബെല്‍ജിയമാണ് അടുത്ത എതിരാളികള്‍. ഇന്നത്തെ മത്സരത്തിലെ രണ്ട് ഗോളുകളും കൂട്ടി ഈ യൂറോ കപ്പില്‍ റൊണാള്‍ഡോ അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള താരം പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരെ കൂടി ഗോള്‍ നേടിയാല്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോള്‍ റെക്കോര്‍ഡ് താരത്തിന് തന്റെ മാത്രം പേരിലാക്കാന്‍ കഴിയും. താരത്തിന്റെ നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ തന്നെ താരം ഈ റെക്കോര്‍ഡ് തിരുത്തിയേക്കാം. ഫുട്ബോളില്‍ സജീവമായുള്ള താരങ്ങളില്‍ ആരും തന്നെ ഗോള്‍ കണക്കില്‍ റൊണാള്‍ഡോയുടെ അടുത്ത് പോലുമില്ല. സജീവമായി കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത്. ഛേത്രിക്ക് 74 ഗോളുകള്‍ ആണുള്ളത്. അര്‍ജന്റീന താരമായ ലയണല്‍ മെസ്സിക്ക് 73 ഗോളുകള്‍ ആണ് സ്വന്തമായുള്ളത്.
ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റെക്കോര്‍ഡ് കൂടി റൊണാള്‍ഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂര്‍ണമെന്റുകളില്‍ നിന്നും നേടിയത്. നേരത്തെ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് കൂടി നേടിയിരുന്നു. ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ ഒമ്പത് ഗോള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ അന്ന് മറികടന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.