ഇന്റർഫേസ് /വാർത്ത /Sports / ഇന്ത്യന്‍ ടീം സൈഡ് ഷോകളിലൂടെ ശ്രദ്ധ തിരിച്ചാണ് ഞങ്ങളെ തോല്‍പ്പിച്ചത്; ഗാബ്ബയിലെ തോല്‍വിക്ക് വിശദീകരണവുമായി പെയിന്‍

ഇന്ത്യന്‍ ടീം സൈഡ് ഷോകളിലൂടെ ശ്രദ്ധ തിരിച്ചാണ് ഞങ്ങളെ തോല്‍പ്പിച്ചത്; ഗാബ്ബയിലെ തോല്‍വിക്ക് വിശദീകരണവുമായി പെയിന്‍

ടിം പെയിന്‍

ടിം പെയിന്‍

ഗ്രൗണ്ടിനു പുറത്തെ കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ച ശേഷം എതിരാളികളെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീം മിടുക്കരാണെന്ന് പെയിന്‍ തുറന്നടിച്ചു

  • Share this:

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടിം പെയിനിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ആവേശകരമായ പരമ്പരയില്‍ അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത്. ഇപ്പോള്‍ തോല്‍വിക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. ഇന്ത്യ ഒരുക്കിയ കെണിയില്‍ വീണുപോയതാണ് ടെസ്റ്റ് പരമ്പര നഷ്ടമാവാന്‍ കാരണമെന്നാണ് പെയിന്‍ ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് പറഞ്ഞത്.

ഗ്രൗണ്ടിനു പുറത്തെ കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ച ശേഷം എതിരാളികളെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീം മിടുക്കരാണെന്ന് പെയിന്‍ തുറന്നടിച്ചു. അവസാന ടെസ്റ്റ് കളിക്കാതെ ഇന്ത്യ മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇത്തരം സൈഡ് ഷോകളാണ് പെയിന്‍ തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. 'ഗ്രൗണ്ടിന് പുറത്തെ കാര്യങ്ങളിലേക്ക് സൈഡ് ഷോകളിലൂടെ ശ്രദ്ധതിരിച്ച് നമ്മുടെ ലക്ഷ്യം തന്നെ മാറ്റാന്‍ ഇന്ത്യന്‍ ടീം മിടുക്കരാണ്. ഉദാഹരണമായി, ഇന്ത്യ അവസാന ടെസ്റ്റ് കളിക്കാന്‍ ബ്രിസ്‌ബേനിലെ ഗാബ്ബയിലേക്ക് വരില്ലെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയുടെ ഗതിയെന്താവും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായി. അത് കളിയിലെ ഞങ്ങളുടെ ശ്രദ്ധ കളയാന്‍ കാരണമായി. ഇത്തരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് അവര്‍ പരമ്പരയില്‍ ആധിപത്യം നേടിയത്.'- പെയിന്‍ വിശദീകരിച്ചു.

Also Read-ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തിന് തിരികെയെത്താന്‍ പൂര്‍ണപിന്തുണയുമായി ടിം പെയിന്‍

സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ നടന്ന വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാനായി ബ്രിസ്‌ബേനില്‍ പോകരുതെന്നും പരമ്പര ഉപേക്ഷിച്ച് മടങ്ങണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം തങ്ങളുടെ കളിയിലെ ഫോക്കസ് നഷ്ടപ്പെടുത്താന്‍ കാരണമായെന്നാണ് പെയിന്‍ പറഞ്ഞത്.

അതേസമയം ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ യുവനിര ഓസ്‌ട്രേലിയന്‍ മണ്ണില്‍ കാഴ്ചവെച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞിരുന്നു. ആ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. അതിനുശേഷം നായകന്‍ കോഹ്ലി നാട്ടിലേക്ക് മടങ്ങി. പരമ്പരയില്‍ ഒരു ജയത്തിന്റെ ലീഡുമായി നിന്ന ഓസ്‌ട്രേലിയക്കെതിരെ പുതിയ നായകന്‍ അജിന്‍ക്യ രഹാനെ മികച്ച രീതിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ട് മത്സരം വിജയിപ്പിച്ചു. മത്സരത്തില്‍ രഹാനെ സെഞ്ച്വറിയും നേടി.

Also Read-മറ്റുള്ള ടീമുകള്‍ അവനെ നോട്ടമിട്ടപ്പോഴേക്കും മുംബൈ അവനെ സ്വന്തമാക്കിയിരുന്നു; പൊള്ളാര്‍ഡ് മുംബൈയിലെത്തിയ കഥ വെളിപ്പെടുത്തി ബ്രാവോ

മൂന്നാം ടെസ്റ്റ് സമനില ആയതോടെ അവസാന ടെസ്റ്റ് നിര്‍ണായകമായി. 1988ന് ശേഷം ഓസ്‌ട്രേലിയ ഇതുവരെ തോല്‍വി അറിയാത്ത ഗാബ്ബയിലായിരുന്നു അവസാന ടെസ്റ്റ്. വിരാട് കോഹ്ലി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പലരും ടീമിലുണ്ടായിരുന്നില്ല. യുവതാരം മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍ തുടങ്ങിയ യുവ താരങ്ങളുടെ ഗംഭീര പ്രകടനങ്ങളുടെ മികവില്‍ ഇന്ത്യ ചരിത്ര വിജയം നേടുകയായിരുന്നു.

First published:

Tags: Australia Cricket team, India Cricket team, India vs Australia Test Series, Tim Paine