• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് യോഗ്യതാ റൗണ്ട്: വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍, അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ

ലോകകപ്പ് യോഗ്യതാ റൗണ്ട്: വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍, അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഗ്രൂപ്പിലെ തുടര്‍ച്ചയായ ആറാമത്തെ വിജയം നേടിയത്. അതേസമയം ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്നതിനു ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയ അര്‍ജന്റീന കയ്യിലിരുന്ന വിജയം നഷ്ടപ്പെടുത്തുകയായിരുന്നു.

  • Share this:
    ഇന്ന് നടന്ന ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീല്‍ പാരഗ്വായ്ക്കെതിരെ വിജയം നേടിയപ്പോള്‍ കൊളംബിയക്കെതിരെ അര്‍ജന്റീനക്ക് സമനില. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഗ്രൂപ്പിലെ തുടര്‍ച്ചയായ ആറാമത്തെ വിജയം നേടിയത്. അതേസമയം ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്നതിനു ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയ അര്‍ജന്റീന കയ്യിലിരുന്ന വിജയം നഷ്ടപ്പെടുത്തുകയായിരുന്നു.

    രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിലും വിജയം നേടിയ ബ്രസീല്‍ സ്വന്തം നാട്ടില്‍ വെച്ചു നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനു മുന്‍പ് കിരീടം നിലനിര്‍ത്താനുള്ള കരുത്തുണ്ടെന്നു തെളിയിച്ചിരിക്കുകയാണ്. നാലാം മിനുട്ടില്‍ തന്നെ നെയ്മറുടെ ഗോളിലൂടെ മുന്നിലെത്തിയ ടീമിന് വേണ്ടി ഇഞ്ചുറി ടൈമില്‍ ലൂക്കാസ് പക്വറ്റയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. ഇതോടെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പില്‍ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്തു തുടരുകയാണ് ടിറ്റേയുടെ പടയാളികള്‍. ഗ്രൂപ്പില്‍ കളിച്ച ആറു മത്സരങ്ങളില്‍ ആറിലും ജയിച്ച ബ്രസീല്‍ 18 പോയിന്റുമായാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്.

    കൊളംബിയക്കെതിരായ സമനിലയോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അപരാജിതരായി തുടരുകയാണെങ്കിലും ആരാധകരും ടീമംഗങ്ങളും ഒരുപോലെ തൃപ്തരല്ല. രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മുന്നില്‍ നിന്നതിനു ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത് എന്നത് ടീം ഇനിയും മെച്ചപ്പെടാനുണ്ട് എന്നതു വ്യക്തമാക്കുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് തൊട്ടടുത്ത് എത്തി നില്‍ക്കുന്നതാണ് ടീമിന്റെ സമനില പ്രകടനത്തില്‍ ആരാധകര്‍ ആശങ്ക പുലര്‍ത്തുന്നത്. ക്രിസ്റ്റിയന്‍ റൊമേരോ, ലിയാന്‍ഡ്രോ പരേഡിസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

    എന്നാല്‍ രണ്ടാം പകുതിയില്‍ 51 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കൊളംബിയന്‍ താരം ലൂയിസ് ഫെര്‍ണാണ്ടോ മ്യുറിയല്‍ ഫ്രൂട്ടോ ഗോളാക്കി. മത്സരത്തിന്റെ അധികസമയത്ത് മിഗ്വായല്‍ ബോര്‍ജ ഗോള്‍ അടിച്ച് കൊളംബിയയ്ക്ക് സമനില നേടിക്കൊടുത്തു. ഗ്രൂപ്പില്‍ 12 പോയിന്റുമായി രണ്ടാമതാണ് അര്‍ജന്റീന. കോപ്പ അമേരിക്കയ്ക്ക് മുന്‍പുള്ള ബ്രസീലിന്റെയും അര്‍ജെന്റീനയുടെയും അവസാന മത്സരങ്ങളായിരുന്നു ഇത്. മറ്റു ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇക്വഡോറിനെതിരെ പെറു ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയപ്പോള്‍ വെനസ്വലയും യുറുഗ്വായും ഗോള്‍രഹിത സമനില വഴങ്ങി. പുറമെ നടന്ന ചിലി-ബൊളീവിയ മത്സരത്തിലും ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

    ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് കിക്കോഫാകുന്നത്. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ടൂര്‍ണമെന്റ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊളംബിയക്കും കൊവിഡ് മഹാമാരി അര്‍ജന്റീനയ്ക്കും വേദി നഷ്ടമാകാന്‍ കാരണമായി. ഇതോടെയാണ് വേദിയായി ബ്രസീലിനെ കോണ്‍മെബോള്‍ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് അര്‍ജന്റീന സ്ഥിരീകരിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: