• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ടോക്യോയില്‍ നിന്ന് വെങ്കലവുമായി പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

Tokyo Olympics | ടോക്യോയില്‍ നിന്ന് വെങ്കലവുമായി പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തില്‍ വരവേറ്റത്.

  • Share this:
    ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ നേടിതന്ന പി വി സിന്ധു ഡല്‍ഹിയില്‍ തിരിച്ചെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ ഗംഭീര വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. മെഡല്‍ ജേതാവിന് വൈകീട്ട് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തില്‍ വരവേറ്റത്. കൂടെ നിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കുമെല്ലാം സിന്ധു നന്ദി പറഞ്ഞു.

    കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ നേട്ടം ഇത്തവണ സ്വര്‍ണമാക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ഇന്ത്യയുടെ മിന്നും താരം പി വി സിന്ധു ഇത്തവണ ടോക്യോയിലേക്ക് വിമാനം കയറിയത്. സ്വര്‍ണം നേടാനുള്ള ശ്രമം തകര്‍ന്നിട്ടും പതറാതെ പൊരുതി വെങ്കലം നേടിയാണ് പിവി സിന്ധു ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തിലാണ് ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്യോയില്‍ മെഡല്‍ നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

    ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സിന്ധുവിന് സെമിയില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച തായ്പേയ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിക്കാനായി ആദ്യ സെമിയില്‍ ചൈനീസ് താരമായ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോയെ സിന്ധുവിന് നേരിടേണ്ടി വന്നത്.

    രാജ്യത്തിന് വേണ്ടി വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച സിന്ധുവിനെ അഭിനന്ദിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേടിയത്.

    താരത്തിന്റെ വെങ്കല നേട്ടത്തിന് പിന്നാലെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡലിന് 50 ലക്ഷം രൂപയും വെങ്കല മെഡലിന് 30 ലക്ഷം രൂപയും ആണ് സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് പോളിസി പ്രകാരം പ്രഖ്യാപിച്ചിരിക്കുന്നത്.

    നേരത്തെ സിന്ധു, ആര്‍ സത്വിക്സായ്രാജ്, വനിതാ ഹോക്കി താരം രജനി എന്നിവര്‍ക്ക് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പി വി സിന്ധുവിന് വിശാഖപട്ടണത്ത് ബാഡ്മിന്റണ്‍ അക്കാഡമി ആരംഭിക്കുന്നതിനായി രണ്ട് ഏക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.
    Published by:Sarath Mohanan
    First published: