ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ റഫറിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പോർച്ചുഗൽ പ്രതിരോധ താരം പെപെ. മത്സരത്തിൽ അർജന്റീനക്കാരനായ റഫറിയെ വെച്ചത് അംഗീകരിക്കാനാവില്ലെന്ന് പെപെ പറഞ്ഞു. മത്സരത്തിലെ പ്രധാന റഫറി ഫാകുന്റോ ടെല്ലോയും രണ്ട് സഹ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയുമെല്ലാം അര്‍ജന്റീന സ്വദേശികളായിരുന്നു.
‘ഇത്തരത്തിലാണ് റഫറിയെങ്കില്‍ അർജന്‌റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ് നല്ലത്. അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നത്’ പെപെ തുറന്നടിച്ചു. പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും റഫറീയിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ടൂര്‍ണമെന്റില്‍ പുറത്താകെ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് നിന്നുള്ള റഫറിയെ ഒരിക്കലും മത്സരം നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കരുതെന്ന് ബ്രൂണോ പറഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്.
42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. അമ്പത്തിയൊന്നാം മിനുട്ടിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ രക്ഷിക്കാനായില്ല.ഏതാനും മുന്നേറ്റങ്ങൾ പോർച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കൻ ടീം അതിനെ മറികടന്നു. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവും ഇതിനൊപ്പം ചേർത്തു പറയേണ്ടതാണ്.
അവസാന ലോകകപ്പ് കളിക്കുന്ന കൃസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കവും ഖത്തർ ലോകകപ്പിലെ മായാത്ത കാഴ്ച്ചകളിൽ ഒന്നായി. അവസാന മിനുട്ടിൽ പെപെയുടെ ഹെഡ്ഡർ പോർച്ചുഗലിന് പ്രതീക്ഷ നൽകിയെങ്കിലും പുറത്തുപോയതോടെ പരാജിതരായി പോർച്ചുഗൽ മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2022 FIFA World Cup Qatar, Pepe, Portugal