60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
2020-ലെ ഐപിഎല്ലിനിടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് 'ഡെഫിനിറ്റ്ലി നോട്ട്' എന്ന് ധോണി മറുപടി നൽകിയതു മുതൽ ഓരോ സീസണിലും അദ്ദേഹം കളി നിർത്തുമോ എന്ന ചർച്ചകൾ സജീവമാണ്.
എം.എസ്. ധോണി തന്റെ ഐതിഹാസികമായ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ ആരാധകർ ഇപ്പോഴും തയ്യാറായിട്ടില്ല. 2020-ലെ ഐപിഎല്ലിനിടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് 'ഡെഫിനിറ്റ്ലി നോട്ട്' (തീർച്ചയായും ഇല്ല) എന്ന് ധോണി മറുപടി നൽകിയതു മുതൽ ഓരോ സീസണിലും അദ്ദേഹം കളി നിർത്തുമോ എന്ന ചർച്ചകൾ സജീവമാണ്.
ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസം 60 വയസ്സുവരെ കളി തുടരണമെന്നാണ് തമിഴ് നടൻ ശിവകാർത്തികേയന്റെ ആഗ്രഹം.ചെന്നൈ ചെപ്പോക്കിൽ നടന്ന പ്രീ-സീസൺ ചടങ്ങിൽ മുൻകാലങ്ങളിലെയും നിലവിലെയും സി.എസ്.കെ താരങ്ങൾ ഒത്തുചേർന്നപ്പോൾ വിരമിക്കൽ ചോദ്യം മറ്റൊരു തരത്തിലായിരുന്നു ഉയർന്നത്.
2026 ഐപിഎല്ലിന് ശേഷം വിരമിക്കുമോ എന്ന് ചോദിക്കുന്നതിന് പകരം മറ്റൊരു പത്ത് വർഷം കൂടി കളി തുടരണമെന്നാണ് ശിവകാർത്തികേയൻ ധോണിയോട് അഭ്യർത്ഥിച്ചത്. ആരാധകർ വലിയ ആവേശത്തോടെയാണ് ഇതിനെ വരവേറ്റത്. തനിക്ക് അറുപത് വയസ്സുവരെ കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് തന്റെ സ്വഭാവമനുസരിച്ചുള്ള സത്യസന്ധതയോടെ ധോണി മറുപടി നൽകി. എന്നാൽ ധോണിയുടെ കായികക്ഷമത വെച്ച് ഇത് എളുപ്പമാണെന്നായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. തന്റെ കായികക്ഷമത ഇപ്പോൾ മുകളിലേക്കല്ല താഴേക്കാണ് പോകുന്നതെന്ന് ധോണി വിനയത്തോടെ സമ്മതിച്ചെങ്കിലും, "ഞാൻ ശ്രമിക്കാം" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തതോടെ ഗാലറി ആവേശക്കടലായി മാറി. തങ്ങൾക്ക് മറുപടി ലഭിച്ചു എന്നായിരുന്നു ശിവകാർത്തികേയൻ അപ്പോൾ വിളിച്ചുപറഞ്ഞത്.
advertisement
മാർച്ച് 30-ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് സി.എസ്.കെ തങ്ങളുടെ 2026 ഐപിഎൽ പോരാട്ടം ആരംഭിക്കുന്നത്. ഞായറാഴ്ച നടന്ന 'റോർ 26' എന്ന ചടങ്ങിൽ സുരേഷ് റെയ്‌നയെയും മാത്യു ഹെയ്ഡനെയും സി.എസ്.കെ തങ്ങളുടെ ആദ്യത്തെ 'ഹാൾ ഓഫ് ഫെയിമിൽ' ഉൾപ്പെടുത്തി. ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന റെയ്‌ന ടീം കിരീടം നേടിയ നാല് സീസണുകളിലും (2010, 2011, 2018, 2021) ടീമിലുണ്ടായിരുന്നു. 2010-ൽ ചെന്നൈ കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന മാത്യു ഹെയ്ഡനാണ് ക്ലബ്ബിനായി ആദ്യമായി ഓറഞ്ച് ക്യാപ് നേടിയത്. മുത്തയ്യ മുരളീധരൻ, അമ്പാട്ടി റായുഡു, ലക്ഷ്മിപതി ബാലാജി, എസ്. ബദ്രിനാഥ്, മൈക്കൽ ഹസ്സി തുടങ്ങിയ മുൻ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Mar 23, 2026 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി








