2022 അതിന്റെ അവസാനത്തോട് അടുക്കുകയാണ്. ഓസ്ട്രേലിൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ടെന്നീസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ചിന് രാജ്യം പ്രവേശനം നിഷേധിച്ചതു മുതൽ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ ലയണൽ മെസി കപ്പ് ഉയർത്തിയതു വരെ കായികലോകത്തും സംഭവബഹുലമായ കാര്യങ്ങൾ പലതും നടന്ന വർഷം കൂടിയാണ് കടന്നു പോകുന്നത്. ഈ വർഷം കായിക രംഗത്തു നടന്ന ചില പ്രധാന സംഭവങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.
ജോക്കോവിച്ചിനെ പറഞ്ഞുവിട്ട് ഓസ്ട്രേലിയ
പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ നേടുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ നൊവാക് ജോക്കോവിച്ച് മെൽബണിലേക്ക് പറന്നത്. എന്നാൽ വാക്‌സിൻ എടുത്തിട്ടില്ല എന്നു കണ്ടെത്തിയതിനെത്തുടർന്ന് താരത്തിന്റെ വിസ റദ്ദാക്കി. അമേരിക്കയിലെത്തുന്നതിനും ജോക്കോവിച്ചിന് വിലക്കുണ്ടായിരുന്നു. യു എസ് ഓപ്പണിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. എന്നാൽ ജൂലൈയിൽ അദ്ദേഹം തന്റെ ഏഴാം വിംബിൾഡൺ കിരീടം സ്വന്തമാക്കി. അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ച് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കമില വലീവയും ഉത്തേജകമരുന്ന് വിവാദവും
ബീജിംഗ് വിന്റർ ഒളിമ്പിക്സിൽ ഉത്തേജക മരുന്ന് വിവാദത്തിന്റെ പേരിലാണ് കമില വലീവ ശ്രദ്ധ നേടിയത്. 15 വയസ്സുള്ള ഈ റഷ്യക്കാരി ക്വാഡ്രപ്പിൾ ജമ്പിൽ സ്വർണം നേടിയിരുന്നു. എന്നാൽ കമില ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതായി പിന്നീട് കണ്ടെത്തി. പ്രായം ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര സ്‌പോർട്‌സ് കോടതി വലീവയെ പിന്നെയും ഒളിമ്പിക്‌സിൽ മത്സരിക്കാൻ അനുവദിച്ചു.
Also read-അർജന്റീനയുടെ ജഴ്സി നീലയും വെള്ളയുമായത് എങ്ങനെ?
ഷെയ്ൻ വോണിന്റെ മരണം
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തായ്‌ലൻഡിലെ ഒരു ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു മരണം. 52 വയസായിരുന്നു. 708 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കളിയിൽ നിന്നും വിരമിച്ചതിനു ശേഷം കമന്റേറ്റർ ആയും സേവനമനുഷ്ഠിച്ചിരുന്നു.
റഷ്യയെ മാറ്റിനിർത്തൽ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ അവരെയും സഖ്യകക്ഷികളായ ബെലാറസിനെയും ലോക കായികരംഗത്ത് നിന്നു തന്നെ മാറ്റിനിർത്തി. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിൽ റഷ്യക്ക് പങ്കെടുക്കാനായില്ല. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ നിന്നും പുറത്താക്കി. ഇരു രാജ്യങ്ങളിലെയും ടെന്നീസ് താരങ്ങളെ വിംബിൾഡണിൽ നിന്നും വിലക്കി. എങ്കിലും കസാക്കിസ്ഥാനെ പ്രതിനിധീകരിച്ച് റഷ്യൻ വംശജയായ എലീന റൈബാകിന ഓൾ ഇംഗ്ലണ്ട് ക്ലബിലെ വനിതാ സിംഗിൾസ് കിരീടം നേടിയിരുന്നു. യുഎസ് ഓപ്പണിൽ ഉക്രെയ്‌നിന്റെ മാർട്ട കോസ്റ്റ്യുക്ക് ബെലാറസിന്റെ വിക്ടോറിയ അസരെങ്കക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also read-ആവേശക്കടലായി ബ്യൂണസ് അയേഴ്സ്; അര്‍ജന്റീനയുടെ വിക്ടറി പരേഡിനെത്തിയത് 40 ലക്ഷം പേര്!
ചാമ്പ്യൻസ് ലീഗ് ഫൈനലുമായി ബന്ധപ്പെട്ട വിവാദം
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരായ മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ലിവർപൂൾ ആരാധകർക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. മെയ് 28-ന് പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ഫൈനൽ അങ്ങനെ ഒരു വിവാദ ഫൈനലായി. പോലീസ് കണ്ണീർ വാതകം വരെ പ്രയോഗിച്ചിരുന്നു. ചില ആരാധകർ സ്റ്റേഡിയത്തിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പലരും ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തി. സംഘാടകരും സെക്യൂരിറ്റി ജീവനക്കാരും പഴി കേൾക്കുകയും ചെയ്തു.
ശരിയായ ടിക്കറ്റുകളില്ലാത്ത ലിവർപൂൾ ആരാധകരാണ് പ്രശ്‌നത്തിന് ഉത്തരവാദികൾ എന്ന യുവേഫയുടെയും ഫ്രഞ്ച് സർക്കാരിന്റെയും വാദങ്ങൾക്ക് വിരുദ്ധമായിരുന്നു ഫ്രഞ്ച് സെനറ്റിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ. അധികാരികളുടെയും യുവേഫയുടെയും മോശം തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
നീന്തൽകുളത്തിലെ രക്ഷാപ്രവർത്തനം
ജൂണിൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 25 കാരിയായ അമേരിക്കൻ നീന്തൽ താരം അനിത അൽവാരസ് അപകടത്തിൽ പെട്ടിരുന്നു. കോച്ച് ആൻഡ്രിയ ഫ്യൂന്റസ് ആണ് രക്ഷകയായി എത്തിയത്. അനിത താഴേക്ക് മുങ്ങുന്നത് കണ്ട ആൻഡ്രിയ കുളത്തിലേക്ക് ചാടി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതിനാൽ അവൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ആൻഡ്രിയ പിന്നീട് പറഞ്ഞിരുന്നു. അൽവാരസ് വേഗം സുഖം പ്രാപിച്ചെങ്കിലും ചാമ്പ്യൻഷിപ്പിൽ തുടർന്ന് പങ്കെടുക്കാനായില്ല.
റോജർ ഫെഡററിന്റെയും സെറീന വില്യംസിന്റെയും വിരമിക്കൽ
രണ്ട് പ്രമുഖ ടെന്നീസ് താരങ്ങൾ കായിക ലോകത്തോട് വിട പറഞ്ഞ വർഷം കൂടിയാണ് 2022. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ, തന്റെ 41-ാം വയസിൽ റോജർ ഫെഡറർ ടെന്നിസിൽ നിന്നും വിരമിച്ചത്. 20 ഗ്രാൻഡ് സ്ലാമുകൾ സ്വന്തം പേരിൽ കുറിച്ച ശേഷമായിരുന്നു വിടവാങ്ങൽ. പിന്നീട് റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും അദ്ദേഹത്തിന്റെ റെക്കോർഡ് മറികടന്നു. 103 ടെന്നിസ് ടൈറ്റിലുകൾ നേടിയിട്ടുള്ള റോജർ ഫെഡറർ 130 മില്യൺ ഡോളറാണ് സമ്മാനത്തുകയായി മാത്രം നേടിയത്.
2022 യു.എസ്.ഓപ്പണോടെയാണ് സെറീന വില്യംസ് കായിക ലോകത്തോട് വിടപഞ്ഞത്. ടെന്നീസില്‍നിന്നും വിരമിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ സെറീന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘വിരമിക്കല്‍’ എന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്നും മാറ്റത്തിലേക്കുള്ള ഒരു യാത്രയുടെ തുടക്കമായി ഈ വാക്കിനെ കാണാനാണ് തനിക്ക് ആഗ്രഹമെന്നും ടെന്നീസില്‍ നിന്ന് മാറി, പ്രധാനപ്പെട്ട മറ്റുചില കാര്യങ്ങളിലേക്ക് താന്‍ പ്രവേശിക്കുകയാണ് എന്നും സെറീന അറിയിച്ചിരുന്നു. 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള സെറീന തുടർച്ചയായി 319 ആഴ്‌ചകളിൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആയിരുന്നു.
ചെസ് വിവാദം
അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാനെതിരെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ വഞ്ചനാക്കുറ്റം ആരോപിച്ചെത്തിയതും കായികലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഹാൻസ് മോക്ക് നീമാൻ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ചെസ് ടൂർണമെൻ്റുകളിൽ തുടർച്ചയായി തട്ടിപ്പ് നടത്തുകയാണ് എന്നായിരുന്നു ആരോപണം. സെപ്റ്റംബർ 4-ന് അമേരിക്കയിൽ നടന്ന ഒരു ഓൺലൈൻ ചെസ് ടൂർണമെൻ്റിൽ ലോക 51-ാം റാങ്കുകാരനായ നീമാനോട് തോറ്റതിന് ശേഷമാണ് കാൾസൺ ആരോപണം ഉന്നയിച്ചത്. ഹാന്‍സ് നീമാനെതിരായ മത്സരത്തില്‍ ഒരു നീക്കം മാത്രം നടത്തിയശേഷം അപ്രതീക്ഷിതമായി കാള്‍സണ്‍ പിന്മാറുകയും ചെയ്തിരുന്നു.
മെസിയുടെ സ്വപ്ന നേട്ടം
ദോഹയിൽ നടന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരായ വിജയത്തോടെ ലയണൽ മെസിയും സംഘവും ലോകകപ്പിൽ മുത്തമിട്ടു. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അർജന്റീന പരാജയപ്പെടുത്തിയത്. ഇതിനു മുൻപ് ഇതുവരെ ലോകകപ്പ് ട്രോഫി ഉയർത്താത്ത ഇതിഹാസ താരം കരിയറിലെ അവസാന ലോകകപ്പിൽ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ. ആ ആഗ്രഹം സഫലമാക്കിയാണ് ഖത്തറിൽ നിന്നും മെസിയും കൂട്ടരും മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.