യുവതാരം ഗിവ്സണ്‍ സിങ് കേരളബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാര്‍ നീട്ടി; ബ്ലാസ്റ്റേഴ്സിന്റെ ആദ്യപ്രീസീസണ്‍ മത്സരം ഓഗസ്റ്റ് 20ന്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2021 ഓഗസ്റ്റ് 20ന് വൈകിട്ട് 4 മണിക്ക് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കെബിഎഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും
കൊച്ചി: യുവതാരം ഗിവ്‌സണ്‍ സിങുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗിവ്‌സണ്‍ ക്ലബ്ബില്‍ തുടരും. മണിപ്പൂരിലെ ചെറിയ നഗരമായ മൊയ്‌രംഗില്‍ നിന്നുള്ള താരം, പഞ്ചാബ് എഫ്‌സിയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. ക്ലബ്ബിലെ ശ്രദ്ധേയമായ പ്രകടനം ഗിവ്‌സണ്‍ സിങിനെ ദേശീയ യൂത്ത് ടീമിലെത്തിച്ചു.
2016ല്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എലൈറ്റ് അക്കാദമിയുടെ ഭാഗമായി. ഇന്ത്യന്‍ ആരോസില്‍ ചേരുന്നതിന് മുമ്പ് അക്കാദമിയില്‍ മൂന്ന് വര്‍ഷം പരിശീലിച്ചു. 2018ല്‍ മലേഷ്യയില്‍ നടന്ന എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ 19കാരനായ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിരവധി തവണ ഇന്ത്യയുടെ അണ്ടര്‍-17 ടീമിനെ പ്രതിനിധീകരിച്ച താരം, 2019ല്‍ റഷ്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കുറച്ചുകാലം ഇന്ത്യന്‍ ആരോസിനായും പന്തുതട്ടി. ഐഎസ്എല്‍ ഏഴാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലെത്തിയത്. ക്ലബ്ബിനായി കഴിഞ്ഞ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.
advertisement
കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്‌സണ്‍ സിങ് പ്രതികരിച്ചു.
വരാനിരിക്കുന്ന സീസണില്‍ ടീമിനായി നൂറുശതമാനം നല്‍കി കളിക്കളത്തില്‍ ക്ലബ്ബ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യുപകാരം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിവ്‌സണ്‍ സിങ് പറഞ്ഞു.
ഗിവ്‌സണ്‍ മികച്ച ശരീരസ്ഥിതിയും സാമര്‍ഥ്യവുമുള്ള താരമാണെന്നും, വരാനിരിക്കുന്ന സീസണുകളിലും അത്തരമൊരു താരത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം, ഫുട്‌ബോള്‍ കരിയറില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നതായും കരോളിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
advertisement
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മത്സരം ഓഗസ്റ്റ് 20ന്
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ആദ്യ പ്രീസീസണ്‍ മത്സരം പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 20ന് വൈകിട്ട് 4 മണിക്ക് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കെബിഎഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021-22ന് സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം പരിശീലിക്കുന്നത്. കേരള യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള കെബിഎഫ്‌സി യുടെ അടുത്ത മത്സരം 2021 ഓഗസ്റ്റ് 27 ന് നടക്കും. 2021 സെപ്റ്റംബർ 3 ന് ജമ്മു&കാശ്മീർ ബാങ്ക് എഫ് സി (ജെ &കെ ബാങ്ക് XI) ക്കെതിരെയാണ് കെബിഎഫ്‌സിയുടെ അവസാന മത്സരം.
advertisement
കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച്, ഈ സീസണിലും ബയോ-ബബിള്‍ സുരക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ടീമുമായി ചേരുന്നതിന് മുമ്പ് എല്ലാ താരങ്ങളും അവരുടെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. താരങ്ങള്‍ക്ക് സ്ഥിരം ആരോഗ്യ പരിശോധനകള്‍ നടത്തി, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സീസണാണ് കെബിഎഫ്‌സി ലക്ഷ്യമിടുന്നത്.
അത്യുത്സാഹം നിറഞ്ഞ ഫുട്‌ബോള്‍ ആരാധകരുള്ള നാട്ടില്‍, കളിക്കളത്തില്‍ ഇറങ്ങുന്നതിലും ഞങ്ങളുടെ മികവുള്ള താരങ്ങളെ അവതരിപ്പിക്കുന്നതിലും ഞങ്ങള്‍ ആവേശഭരിതരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ക്ലബിന്റെ ആവേശഭരിതരായ ആരാധകര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പ്രീസീസണ്‍ മത്സരം കാണാനാവും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2021 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവതാരം ഗിവ്സണ്‍ സിങ് കേരളബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാര്‍ നീട്ടി; ബ്ലാസ്റ്റേഴ്സിന്റെ ആദ്യപ്രീസീസണ്‍ മത്സരം ഓഗസ്റ്റ് 20ന്