മുംബൈ: ടി.വി പരിപാടിയിൽ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിങ്. ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ് ഇരുവരുടെയും നടപടിയെന്ന് ഹർഭജൻ പറഞ്ഞു. രാഹുലും ഹർദ്ദിക് പാണ്ഡ്യയും കയറുന്ന ബസിൽ എങ്ങനെ ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുമെന്ന് ഹർഭജൻ ചോദിക്കുന്നു. തനിക്ക് അങ്ങനെ ചെയ്യാനാകില്ല. അവർ ഉള്ള ബസിൽ കയറിയാൽ ഭാര്യയും മകളും ഇതേക്കുറിച്ച് എന്തുകരുതുമെന്നും ഹർഭജൻ ചോദിക്കുന്നു.
ഹർദ്ദിക് പാണ്ഡ്യയും രാഹുലും പറഞ്ഞതുപോലെയുള്ള സംഭാഷണം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ പോലും താൻ പറയാറില്ലെന്ന് ഹർഭജൻ പറഞ്ഞു. പക്ഷേ അവർ ടിവി പരിപാടിയിൽ പറഞ്ഞിരിക്കുന്നു. ക്രിക്കറ്റർമാരെക്കുറിച്ച് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഇത്. താനും സച്ചിനുമൊക്കെ ഇങ്ങനെയാണെന്ന് ആളുകൾ കരുതാൻ ഇത് കാരണമാകുമെന്നും ഹർഭജൻ പറഞ്ഞു.
ബോളിവുഡ് സംവിധായകൻ കരൻ ജോഹറിന്‍റെ പ്രശസ്ത ടിവി പരിപാടിയായ 'കോഫി വിത്ത് കരണ്‍'-ൽ സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശനങ്ങളാണ് ഹർദ്ദിക് പാണ്ഡ്യയെയും കെ.എൽ രാഹുലിനെയും വിവാദത്തിലാക്കിയത്. ഇതേത്തുടർന്ന് ഇരുവരെയും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് ഒഴിവാക്കുകയും നാട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഇരുവരും അന്വേഷണം നേരിടണമെന്ന് ബിസിസിഐ ഉന്നതാധികാര സമിതി ചെയർമാൻ വിനോദ് റായ് വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.