IND vs AUS World Cup 2023 : ബൗളർമാര്‍ എറിഞ്ഞിട്ടു; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം
- Published by:Rajesh V
- news18-malayalam
Last Updated:
India vs Australia Match Updates: രണ്ട് ഓവറിനിടെ 3 പ്രധാന ബാറ്റർമാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകർത്തത്
ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തുടക്കം. സ്പിന്നർമാർ തിളങ്ങിയ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ട് ഓവറിനിടെ 3 പ്രധാന ബാറ്റർമാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയെ തകർത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം നന്നായില്ല. സ്കോർ 5 ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ മിച്ചൽ മാർഷ് (6 പന്തിൽ 0) പുറത്തായി. ബുമ്രയുടെ പന്തിൽ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് വാർണർ സകോർ ബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 69 റൺസ് കൂട്ടിച്ചേർത്തു. ആദ്യ 10 ഓവറിൽ ഇന്ത്യവിട്ടുനൽകിയത് 43 റൺസ് മാത്രമാണ്.
Also Read- South Africa vs Sri Lanka| അതിവേഗ സെഞ്ചുറിയുമായി ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി എയ്ഡൻ മാർക്രം
advertisement
17ാം ഓവറിൽ കുൽദീപ് യാദവിന് റിട്ടേൺ ക്യാച്ച് നൽകി വാർണർ പുറത്തായി. 52 പന്തിൽ 6 ഫോറുൾപ്പെടെ 41 റൺസ് നേടിയാണ് വാർണർ മടങ്ങിയത്. 28ാം ഓവറിൽ സ്റ്റീവ് സ്മിത്ത് ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്തിൽ ക്ലീൻ ബോൾഡ് ആയി. 71 പന്തിൽ 46 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. രണ്ട് ഓവർ കൂടി പിന്നിട്ടപ്പോൾ മാർനസ് ലബുഷെയ്നും മടങ്ങി. ഇത്തവണയും ജഡേജയ്ക്കായിരുന്നു വിക്കറ്റ്. 41 പന്തിൽ 27 റൺസെടുത്ത ലബുഷെയ്ൻ വിക്കറ്റിനുപിന്നിൽ കെ എൽ രാഹുലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ അലക്സ് കാരി കൂടി വീണതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 30 ഓവറിൽ 5ന് 119 എന്ന നിലയിലേക്ക് അവർ ചുരുങ്ങി.
advertisement
സ്കോർ 140ൽ നിൽക്കേ ഗ്ലെൻ മാക്സ്‌വെലും കാമറൂൺ ഗ്രീനും തുടർച്ചയായ ഓവറുകളിൽ പുറത്തായി. മാക്സ്‌വെലിനെ കുൽദീപ് യാദവ് ക്ലീൻ ബോൾഡ് ആക്കിയപ്പോൾ, ഗ്രീനിനെ അശ്വിൻ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എട്ടാമനായി ഇറങ്ങിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ബുമ്രയുടെ പന്തിൽ ലോങ് ഓണിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി കമ്മിൻസ് മടങ്ങി. 24 പന്തുകൾ നേരിട്ട കമ്മിൻസ് 15 റൺസാണ് നേടിയത്. ആദം സാംപ (20 പന്തിൽ 6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിൽ കോഹ്ലി പിടിച്ച് പുറത്തായി.
advertisement
10 ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുവീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ട് ഓവറുകൾ മെയ്ഡനായിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി ബുമ്രയും 42 റൺസ് വഴങ്ങി കുല്‍ദീപും 2 വിക്കറ്റുവീതം വീഴ്ത്തി. 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുനൽകിയ അശ‌്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി. 3 ഓവറിൽ 28 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റു നേടി. ശുഭ്മാൻ ഗില്ലിന് പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
October 08, 2023 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS World Cup 2023 : ബൗളർമാര്‍ എറിഞ്ഞിട്ടു; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം