IND vs AUS World Cup 2023: ക്ലാസായി കോഹ്ലിയും രാഹുലും; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

Last Updated:

രാഹുല്‍ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കോഹ്ലി 85 റണ്‍സെടുത്തു

ചെന്നൈ: ആദ്യം ഒന്ന് വിറച്ചു. പിന്നീട് പിടിച്ചുനിന്നു. ഒടുവിൽ ക്ലാസ് ഇന്നിങ്സുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച് വിരാട് കോഹ്ലിയും കെ എല്‍ രാഹുലും. ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും രാഹുലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. കോഹ്ലി 85 റണ്‍സെടുത്തു.
ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ വെറും രണ്ട് റണ്‍സിലെത്തിയപ്പോഴേക്കും മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ഇഷാന്‍ കിഷന്‍ (0), രോഹിത് ശര്‍മ (0), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാര്‍ക്കും രോഹിത്തിനെയും ശ്രേയസ്സിനെയും ഹെയ്‌സല്‍വുഡും പുറത്താക്കി. ഇതോടെ ഇന്ത്യ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഓരോ പന്തും അതീവ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ കോഹ്ലിയും രാഹുലും അര്‍ധസെഞ്ചുറി നേടി. ഇരുവരുടെയും നിര്‍ണായകമായ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്.
advertisement
35ാം ഓവറില്‍ രാഹുലും കോഹ്ലിയും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും 150 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. എന്നാല്‍ 38ാം ഓവറില്‍ കോഹ്ലി പുറത്തായി. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കോലിയെ ലബൂഷെയ്ന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 116 പന്തുകളിൽ നിന്ന് ആറുഫോറിന്റെ അകമ്പടിയോടെ 85 റണ്‍സെടുത്ത് ടീമിന് വിജയമുറപ്പിച്ച ശേഷമാണ് കോഹ്ലി മടങ്ങിയത്. പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യ വന്നതോടെ ഇന്ത്യ ബാറ്റിങ്ങിന്റെ വേഗം കൂട്ടി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 115 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹാര്‍ദിക് 11 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് സ്വന്തമാക്കി.
advertisement
ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ നടുവൊടിച്ചത്. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഓസീസ് നിരയില്‍ 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു.
advertisement
എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ ജഡേജ മടക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം. പിന്നാലെ മര്‍നസ് ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS World Cup 2023: ക്ലാസായി കോഹ്ലിയും രാഹുലും; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement