ഇന്റർഫേസ് /വാർത്ത /Sports / IND-SL|ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; റെക്കോർഡ് നേട്ടങ്ങളിൽ കണ്ണുവെച്ച് ഇന്ത്യൻ താരങ്ങൾ

IND-SL|ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; റെക്കോർഡ് നേട്ടങ്ങളിൽ കണ്ണുവെച്ച് ഇന്ത്യൻ താരങ്ങൾ

Shikhar Dhawan

Shikhar Dhawan

ടി20 ലോകകപ്പിനുള്ള ഒരുക്കമായി കണക്കാക്കാവുന്ന ഈ പരമ്പര ടീമിലെ താരങ്ങൾക്കെല്ലാം അവരുടെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്.

  • Share this:

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടകമാവുകയാണ്. ഒരു പുതുമുഖ നിരയുമായി മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ശിഖർ ധവാനാണ്. ടി20 ലോകകപ്പിനുള്ള ഒരുക്കമായി കണക്കാക്കാവുന്ന ഈ പരമ്പര ടീമിലെ താരങ്ങൾക്കെല്ലാം അവരുടെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്.

ധവാനടക്കമുള്ള സീനിയർ താരങ്ങൾക്ക് ഈ പരമ്പരയിൽ തിളങ്ങിയാൽ മാത്രമേ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ. ഇന്ന് ധവാന് കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ നിര വീണ്ടുമൊരു പരമ്പര ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾക്കായി ചില റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്.

ഇന്ത്യൻ നായകനായ ശിഖർ ധവാനെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകളാണ്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകൻ എന്ന നേട്ടം താരത്തെ കാത്തിരിക്കുന്നുണ്ട്. ഇതോടൊപ്പം ബാറ്റിങ്ങിലെ ചില റെക്കോർഡുകൾ കൂടി താരത്തെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ 23 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 6000 റൺസ് നേട്ടം കൈവരിക്കാൻ താരത്തിനാവും. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടവും താരത്തിന് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോഹ്ലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുൻപേ ഈ നേട്ടത്തിൽ എത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

വിരാട് കോഹ്‌ലിക്ക് ശേഷം ഏറ്റവും കുറവ് ഇന്നിങ്സിൽ നിന്നും 6000 റൺസ് എന്ന നേട്ടം കൂടി ധവാനെ കാത്തിരിക്കുന്നുണ്ട്. നിലവിൽ 47 ഇന്നിങ്‌സുകളിൽ നിന്നും 6000 റണ്‍സ് പിന്നിട്ട മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് കോഹ്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. 139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റൺസ് നേടി നിൽക്കുന്ന ധവാന് ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്താനായാൽ ദാദയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താം. 136 ഇന്നിങ്‌സുകളിൽ നിന്നാണ് വിരാട് കോഹ്ലി 6000 റണ്‍സ് പിന്നിട്ടത്.

ഇതുകൂടാതെ 17 റൺസ് കൂടി നേടിയാൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് എന്ന നേട്ടം കൂടി ധവാനെ കാത്തിരിക്കുന്നുണ്ട്. ഈ നേട്ടത്തിലെത്തുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാവും ധവാൻ.

മലയാളി താരമായ സഞ്ജു സാംസണും ശ്രീലങ്കൻ പരമ്പരയിൽ ഒരു നേട്ടം കാത്തിരിക്കുന്നുണ്ട്. ഇന്ത്യക്കായി ടി20യിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഏകദിനത്തിൽ ഇതുവരെ സഞ്ജുവിന് അവസരം കിട്ടിയിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനായാല്‍ അത് ചരിത്രമാവും. കാരണം ടി20യില്‍ അരങ്ങേറ്റം കുറിച്ച് അഞ്ച് വര്‍ഷവും 364 ദിവസവും കാത്തിരുന്ന ശേഷമാണ് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം സാധ്യമാകുന്നത്.

പരമ്പരയിലെ ഇന്ത്യൻ സംഘത്തിലെ സ്പിന്നറായ യുസ്വേന്ദ ചഹലിന് ഇനി എട്ട് വിക്കറ്റുകൾ കൂടി നേടിയാൽ ഏകദിനത്തിൽ 100 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്താൻ കഴിയും. മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഈ നേട്ടത്തിലേക്ക് ചഹൽ കണ്ണുവെക്കേണ്ടതുള്ളൂ.

പരമ്പരയിൽ ഒരിടവേളക്ക് ശേഷം ഇന്ത്യയുടെ സ്പിൻ ഇരട്ട ജോഡികളായ കുൽ - ചാ സഖ്യം ഒരുമിക്കുന്നത് കാണാനുള്ള അവസരം കൂടിയാണ് ഇന്ത്യൻ ആരാധകർക്ക് ലഭിക്കുന്നത്. രാഹുൽ ചാഹർ കൂടി ടീമിലുണ്ട് എന്നതിനാൽ കുൽ - ചാ സഖ്യത്തിന് ഒപ്പം കളിയ്ക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക. കൊളോമ്പോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

First published:

Tags: India-Srilanka, Indian cricket team, Sanju Samson, Shikhar dhawan, Yuzvendra Chahal