മെല്‍ബണ്‍: മഴദൈവങ്ങൾക്ക് പോലും ഇന്ത്യൻ ജയം തടയാനായില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് വിജയിച്ചു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ് ഇന്ത്യ. അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാൻ 141 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 261 റൺസിന് ഓൾഔട്ടായി.
മഴ കാരണം ഉച്ചവരെ കളി പുനഃരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യൻ ആരാധകർ നിരാശരായി. ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചപ്പോൾ 4.3 ഓവറിൽ ഇന്ത്യ അവശേഷിച്ച രണ്ട് വിക്കറ്റും ജയവും സ്വന്തമാക്കുകയായിരുന്നു.
114 പന്തിൽ നിന്ന് 63 റൺസെടുത്ത കമ്മിൻസാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നതാൺ ലിയോണും പുറത്തായി. ഏഴ് റൺസ് മാത്രമായിരുന്നു സംഭാവന. ഹെയ്സൽവുഡ് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടിയായി ഓസ്ട്രേലിയക്ക് 151 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യ രണ്ടാമിന്നിങ്സിൽ 292 റൺസ് ലീഡ് നേടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
രണ്ടിന്നിങ്സിലുമായി ബുംറ ഒൻപത് വിക്കറ്റെടുത്തു. സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.