വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 208 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. രാജ്യാന്തര ട്വന്റി20യിലെ കന്നി അർധസെഞ്ചുറി കുറിച്ച ഷിംറോൺ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 41 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 56 റൺസെടുത്ത ഹെറ്റ്മയറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. എവിൻ ലൂയിസ് 40(17), ബ്രണ്ടൻ കിങ് 31(23), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് 47(19), ജെയ്സൻ ഹോൾഡർ 24(9)* എന്നിവർ ഉറച്ച പിന്തുണ നൽകി.
15 സിക്സറുകളാണ് വിൻഡീസ് താരങ്ങൾ പായിച്ചത്. നാലു വീതം സിക്സുകളുമായി എവിൻ ലൂയിസ്, ഹെറ്റ്മയർ, പൊള്ളാർഡ് എന്നിവരാണ് ഇന്ത്യൻ ബോളിങ്ങിനെ പലകുറി അതിർത്തി കടത്തിയത്. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ രണ്ടും രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യൻ നിരയിൽ ഏറ്റവുമധികം പ്രഹരമേറ്റു വാങ്ങിയത്. വാഷിങ്ടൺ സുന്ദർ മൂന്ന് ഓവറിൽ 34 റൺസും ശിവം ദുബെ ഒരു ഓവറിൽ 13 റൺസും വഴങ്ങി. ഭുവനേശ്വർ കുമാർ, ചെഹൽ എന്നിവർ നാല് ഓവറിൽ 36 റൺസ് വീതം വഴങ്ങി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയ രവീന്ദ്ര ജഡേജയാണ് തമ്മിൽ ഭേദപ്പെട്ടുനിന്നത്.
Also Read- ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടി -20: കളി കാണാനെത്തുന്നവർ കുടയും പീപ്പിയും കൊണ്ടുവരരുത്!നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ല. കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും പുറത്തിരുന്നപ്പോൾ രോഹിത് ശർമയ്ക്കൊപ്പം ലോകേഷ് രാഹുൽ ഓപ്പണറായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.