• HOME
  • »
  • NEWS
  • »
  • sports
  • »
  • ഏത് വേദിയിലും ഏത് ടീമിനെയും തോൽപ്പിക്കാൻ ഇന്നത്തെ ഇന്ത്യൻ ടീമിന് കഴിയും: ചേതേശ്വർ പുജാര

ഏത് വേദിയിലും ഏത് ടീമിനെയും തോൽപ്പിക്കാൻ ഇന്നത്തെ ഇന്ത്യൻ ടീമിന് കഴിയും: ചേതേശ്വർ പുജാര

ഫൈനലില്‍ മികച്ച പ്രകടനം ഏത് ടീം പുറത്തെടുക്കുന്നുവോ അവര്‍ ജയിക്കും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വേദി ഒരു പ്രശ്നമല്ല. എപ്രകാരം ഞങ്ങള്‍ കളിക്കുന്നു എന്നതിലും ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല

Cheteshwar Pujara

Cheteshwar Pujara

  • Share this:
    ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഒരു അവിഭാജ്യ ഘടകമാണ് ചേതേശ്വർ പുജാര. ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരകൾക്ക് ഒരുങ്ങുമ്പോൾ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പേരുകളിൽ ഒന്ന് പുജാരയുടേത് ആവും. ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പെഷലിസ്റ്റ് ആണ് ഈ വലംകയ്യൻ ബാറ്റ്സ്മാൻ. രാഹുൽ ദ്രാവിഡിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പുജാരയെ കണക്കാക്കുന്നത്. തൻ്റെ ബാറ്റ് കൊണ്ട് വിക്കറ്റിന് മുന്നിൽ പ്രതിരോധത്തിൻ്റെ കോട്ട കെട്ടി എതിരാളികളെ വശം കെടുത്തുന്ന കളിയാണ് പുജാര പുറത്തെടുക്കാറുള്ളത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ യഥാർത്ഥ കോപ്പിബുക് ഷോട്ടുകൾ കളിച്ച് കൊണ്ടാണ് താരം റൺസ് നേടാറുള്ളത്. അത് കൊണ്ട് തന്നെ പുജാരയുടെ ബാറ്റിംഗ് കണ്ടിരിക്കുക എന്നത് അത്യാവശ്യം ക്ഷമയുള്ളവർക്ക് മാത്രം പറ്റുന്ന ഒന്നാണ്.

    ഇപ്പോൾ ഇന്ത്യൻ ടീം ന്യൂസിലാൻഡുമായി നടക്കാനിരിക്കുന്ന ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനും അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരക്കും ഉള്ള തയ്യാറെടുപ്പിലാണ്. ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോരുകളും സജീവമാണ്. അവസാന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന്റെയും 2020ൽ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന പരമ്പരയിൽ ന്യൂസിലാൻഡിനോട്‌ തോറ്റതിന്റെയും പകരം വീട്ടുമെന്നാണ് ആരാധകരുടെ വാദം. ഇപ്പോൾ ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര തുറന്നടിച്ചിരിക്കുകയാണ്.

    Also Read-'ക്രിക്കറ്റ് കരിയറിൽ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുള്ളത് ആ ഇന്ത്യൻ ബൗളറാണ്': കുമാർ സംഗക്കാര

    ന്യൂസിലൻഡിനെതിരായ ഫൈനല്‍ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പുജാര പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ മികച്ച യാത്രയുടെ അവസാന ലെവലാണെന്നും അദ്ദേഹം പറയുന്നു. 'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നേരത്തെ 2020ല്‍ അവര്‍ക്ക് എതിരെ കളിച്ച പരമ്പര നമ്മൾ തോറ്റിരുന്നു. ന്യൂസിലന്‍ഡില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല എന്നത് ഉറപ്പായും അവരുടെ മനസിലുണ്ടായിരിക്കും. പക്ഷേ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് ഒരു നിക്ഷ്പക്ഷ വേദിയിലാണ്. അതുകൊണ്ട് തന്നെ ഹോഗ്രൗണ്ടിന്റെ ആനുകൂല്യം ആര്‍ക്കും ഉണ്ടാകില്ല. ഫൈനലില്‍ മികച്ച പ്രകടനം ഏത് ടീം പുറത്തെടുക്കുന്നുവോ അവര്‍ ജയിക്കും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വേദി ഒരു പ്രശ്നമല്ല. എപ്രകാരം ഞങ്ങള്‍ കളിക്കുന്നു എന്നതിലും ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല'- പുജാര വിശദമാക്കി.

    കിവി ബൗളര്‍മാരുടെ തന്ത്രത്തെക്കുറിച്ച്‌ തങ്ങള്‍ക്കു കൃത്യമായി അറിയാമെന്നും അതിന് തയ്യാറായിത്തന്നെയാണ് ഫൈനലില്‍ ഇറങ്ങുന്നതെന്നും പുജാര വ്യക്തമാക്കിയിട്ടുണ്ട്. ലോകടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്.

    News summary: Cheteshwar Pujara said that Indian cricket team has the ability to beat any team in the world.
    Published by:Asha Sulfiker
    First published: