Virat Kohli | കിരീടമില്ലാത്ത രാജാവായി പടിയിറക്കം; ബാംഗ്ലൂരിന് ഇനി പുതിയ നായകന്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കോഹ്ലി ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ്. 2013ലാണ് അദ്ദേഹം ടീമിന്റെ നായകനായി ചുമതലയേറ്റെടുക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്ലി ഇനി കളത്തിലിറങ്ങില്ല. ഇന്നലെ നടന്ന പ്ലേ ഓഫില്‍ കൊല്‍ക്കത്തയോട് അവസാന ഓവറില്‍ തോറ്റതോടെയാണ് നായകനെന്ന നിലയിലെ തന്റെ അവസാന സീസണിന് തിരശ്ശീല ഇട്ടത്. തോല്‍വിയുടെ നിരാശയിലാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുകയെന്ന വിരാട് കോഹ്ലിയുടെയും ആരാധകരുടെയും സ്വപ്നമാണ് ഇതോടെ തകര്‍ന്നത്. തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബി പ്ലേഓഫില്‍ തോറ്റു പുറത്തായിരിക്കുകയാണ്. എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോടു നാലു വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയമേറ്റുവാങ്ങിയത്.
ഈ സീസണോടെ ഇനി ഐപിഎല്ലില്‍ നായകനായി തുടരില്ലെന്ന് വിരാട് മുന്നേ തീരുമാനിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാല്‍ അടുത്ത സീസണിലും ആര്‍സിബിക്കു വേണ്ടി കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.
advertisement
💬 💬 I've given my 120% to this franchise leading the team & will continue to do so as a player. 👏 👏@imVkohli reflects on his journey as @RCBTweets captain. #VIVOIPL | #Eliminator | #RCBvKKR pic.twitter.com/XkIXfYZMAj
— IndianPremierLeague (@IPL) October 11, 2021
advertisement
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കോഹ്ലി ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ്. 2013ലാണ് അദ്ദേഹം ടീമിന്റെ നായകനായി ചുമതലയേറ്റെടുക്കുന്നത്. ന്യൂസിലന്‍ഡിന്റെ സ്പിന്‍ ഇതിഹാസമായ ഡാനിയേല്‍ വെറ്റോറി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. കോഹ്ലിക്കു കീഴില്‍ ഒരിക്കല്‍ മാത്രമേ ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2016ലായിരുന്നു ഇത്. അന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു ബാംഗ്ലൂര്‍ എട്ടു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ഈ ഫൈനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മൂന്നു തവണയാണ് ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായത്. 2015, 20, 21 സീസണുകളിലാണിത്.
advertisement
ആര്‍സിബിയെ നാല് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം പ്ലേ ഓഫിന് അര്‍ഹതനേടി. ആര്‍സിബി മുന്നില്‍വച്ച 139 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് അവശേഷിപ്പിച്ചാണ് കൊല്‍ക്കത്ത മറികടന്നത്. ഒക്ടോബര്‍ 13ലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.
വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്ന്റെ ഉശിരന്‍ പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തിനാധാരം. നാല് വിക്കറ്റുകള്‍ പിഴുത നരെയ്ന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍, 15 പന്തില്‍ 26 റണ്‍സുമായി മത്സരം ആര്‍സിബിയില്‍ നിന്ന് തട്ടിയെടുത്തു. മറുപടി ബാറ്റിങില്‍ കൊല്‍ക്കത്തയ്ക്കു റണ്‍ചേസ് അത്ര എളുപ്പമായിരുന്നില്ല. ഓരോ റണ്ണിനു വേണ്ടിയും അവര്‍ക്കു നന്നായി വിയര്‍ക്കേണ്ടി വന്നു. ഡാനിയേല്‍ ക്രിസ്റ്റ്യന്റെ ഒരോവറില്‍ നരെയ്ന്‍ മൂന്ന് സിക്സുകള്‍ പറത്തിയതോടെയാണ് കളിയില്‍ കൊല്‍ക്കത്ത വ്യക്തമായ മുന്‍തൂക്കം പിടിച്ചെടുത്തത്.
advertisement
നേരത്തെ ബാംഗ്ലൂര്‍ ഇന്നിങ്‌സില്‍ 39 റണ്‍സെടുത്ത കോഹ്ലിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും ക്ലിക്കായില്ല. ദേവ്ദത്ത് പടിക്കലാണ് (21) 20ന് മുകളില്‍ നേടിയ മറ്റൊരാള്‍. സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലും (15) എബി ഡിവില്ലിയേഴ്സും (11) ടീമിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്തു നിരാശപ്പെടുത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2021 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Virat Kohli | കിരീടമില്ലാത്ത രാജാവായി പടിയിറക്കം; ബാംഗ്ലൂരിന് ഇനി പുതിയ നായകന്‍