• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023 | അവസാന പന്തുവരെ ആവേശം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഞെട്ടിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 1 വിക്കറ്റ് ജയം

IPL 2023 | അവസാന പന്തുവരെ ആവേശം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഞെട്ടിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 1 വിക്കറ്റ് ജയം

തുടക്കം പാളിയെങ്കിലും ബാംഗ്ലൂർ ഉയർത്തിയ കൂറ്റന്‍ സ്കോറിന് മുന്നിൽ തളരാതെ പൊരുതിയ സ്റ്റോയ്ൻസ്– പുരാൻ സഖ്യത്തിന്റെ മിടുക്കിലാണ് ലക്നൗ വിജയം നേടിയത്

  • Share this:

    ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ ആദ്യാവസാനം സംഭവബഹുലമായിരുന്നു  ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരം. കോലിപ്പട ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന ഓവറിലെ അവസാന പന്തില്‍ വിജയം നേടി.നിക്കോളാസ് പൂരൻ (19 പന്തിൽ 62), മാർക്കസ് സ്റ്റോയ്നിസ് (30 പന്തിൽ 65) എന്നിവരുടെ ഇടിവെട്ട് ബാറ്റിങ്ങാണ് ലക്നൗവിന് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്സില്‍ വിരാട് കോലി (44 പന്തിൽ 61), ഫാഫ് ഡുപ്ലെസി (46 പന്തിൽ 79*), ഗ്ലെൻ മാക്‌സ്‌വെൽ (29 പന്തിൽ 59) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ബാംഗ്ലൂരിനെ 212 റൺസ് എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്. പക്ഷെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന നിമിഷം ഏറ്റുവാങ്ങാനായിരുന്നു ആര്‍സിബിയുടെ വിധി.

    തുടക്കം പാളിയെങ്കിലും ബാംഗ്ലൂർ ഉയർത്തിയ കൂറ്റന്‍ സ്കോറിന് മുന്നിൽ തളരാതെ പൊരുതിയ സ്റ്റോയ്ൻസ്– പുരാൻ സഖ്യത്തിന്റെ മിടുക്കിലാണ് ലക്നൗ വിജയം നേടിയത്. ബാംഗ്ലൂരിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന്റെ സ്കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേർത്തതിന് പിന്നാലെ ആദ്യ വിക്കറ്റും വീണു. സിറാജ് എറിഞ്ഞ മൂന്നാം ബോളിൽ പൂജ്യനായി ഓപ്പണർ കെയ്ൽ മെയേഴ്സ് മടങ്ങി. പിന്നാലെ എത്തിയ ദീപക് ഹൂഡയുമായി ചേർന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുൽ പതിയെ സ്കോർ ചിലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിറാജിന്റെ തന്നെ മൂന്നാം ഓവറിൽ ദിനേഷ് കാർത്തിക് പിടിച്ച് ഹൂഡ( 10 പന്തിൽ 9)യും രണ്ടക്കം കാണാതെ മടങ്ങി. തൊട്ടുപിന്നാലെ പൂജ്യനായി ക്രുനാൽ പാണ്ഡ്യയും മടങ്ങിയതോടെ ലക്നൗ 23–3 എന്ന നിലയിൽ പരുങ്ങി.

    അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്ൻസിലൂടെയാണ് ലക്നൗ ജീവൻ തിരിച്ചു പിടിച്ചത്. ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി  സിക്സറുകളും ഫോറുകളും പറത്തി സ്റ്റോയ്ൻസ് ദൌത്യം ഏറ്റെടുത്തു. എന്നാൽ സ്കോർ 99ൽ എത്തി നിൽക്കെ കാൻ ശർമയുടെ പന്ത് ഷഹ്ബാസ് അഹമ്മദ് പിടിച്ച് സ്റ്റോയ്ൻസ്( 30 പന്തിൽ 65) പുറത്തായി. ഇതോടെ അവസാനിച്ചെന്നു കരുതിയിടത്തുനിന്ന് കളിയുടെ നിയന്ത്രണം വിക്കറ്റ് കീപ്പർ നിക്കോളാസ് പുരൻ ഏറ്റെടുത്തു. പിന്നീട് അങ്ങോട്ട് ചിന്നസ്വാമിയിലെ പെരിയസ്വാമിയായി നിക്കോളാസ് പൂരാന്‍.

    Also Read- കടം വാങ്ങിയ ബാറ്റുമായി ഫീൽ‍ഡിലിറങ്ങി; കൊൽക്കത്തയുടെ ‘രാജാവായി’ റിങ്കു സിം​ഗ്

    അതിനിടെ രാഹുലിനെ ( 20 പന്തിൽ 18) സിറാജ് പുറത്താക്കി. എന്നാൽ പിന്നീടെത്തിയെ ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് പുരാൻ ലക്നൗവിനെ 189 എന്ന നിലയിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ പടുത്തുയര്‍ത്തിയത് 84 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ്. 19 പന്തിൽ ഏഴു സിക്സറിന്റെയും നാലു ഫോറിന്റെയും അകമ്പടിയോടെ 62 റൺസാണ് പുരാൻ അടിച്ചെടുത്തത്. വിജയത്തിന്റെ പടിക്കൽ നിൽക്കെ 206ൽ ബദോനി ( 24 പന്തിൽ 30)യും പുറത്തായി. അവസാന ഓവറുകളിൽ മൂന്നു വിക്കറ്റുകൾ തുടരെ വീണ്, അവസാന പന്തു വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അവസാന പന്തിൽ വിജയം ലക്നൗ വിജയം പിടിച്ചെടുത്തു.

    Published by:Arun krishna
    First published: